ജനലക്ഷങ്ങളൊഴുകി; ലുസൈലിൽ പുതുവർഷപ്പിറവി
text_fieldsദോഹ: പുതുവർഷപ്പിറവിയെ വരവേൽക്കാൻ ഖത്തറിലെ എല്ലാവഴികളും ലുസൈലിലേക്ക് ഒഴുകിയ രാത്രി. വർണാഭമായ വെടിക്കെട്ടും ഡ്രോൺഷോയുമായി പുതുവർഷത്തെ വരവേൽക്കാൻ ഒരുങ്ങിയ ലുസൈൽ ബൊളെവാഡിലെ കാഴ്ചകൾക്ക് സാക്ഷ്യം വഹിക്കാൻ ഡിസംബർ 31ന് ചൊവ്വാഴ്ച വൈകുന്നേരം മുതൽ ദോഹ മെട്രോയിലും സ്വന്തം വാഹനങ്ങളിലുമായി പതിനായിരങ്ങൾ ഒഴുകിത്തുടങ്ങി.
വൈകുന്നേരം ആറ് മണി മുതൽതന്നെ ഒന്നര കിലോമീറ്ററോളം ദൈർഘ്യമുള്ള ബൊളെവാഡിലെ തെരുവുകൾ ജനനിബിഡമായിരുന്നു. ചെറു സംഘങ്ങളായി പലവഴികളിലൂടെ ലുസൈൽ ലക്ഷ്യമാക്കി നീങ്ങി. മണിക്കൂറുകൾക്കുള്ളിൽ ആയിരവും പതിനായിരവും കടന്ന് ലക്ഷങ്ങളായി ആൾക്കൂട്ടം പെരുകി. വിവിധ ദേശക്കാരും ഭാഷക്കാരുമായി സ്ത്രീകളും കുട്ടികളും മുതൽ മുതിർന്നവരും യുവാക്കളും കുടുംബങ്ങളും ഉൾപ്പെടെ പുതുവർഷത്തെ വരവേൽക്കാൻ രാത്രിയെ പകലാക്കി ഒത്തുചേർന്നു.
പുതുവർഷപ്പിറവിക്ക് സാക്ഷിയാവാനെത്തിയവർക്ക് ആഘോഷപ്പെരുമഴയായി വൈകുന്നേരം ആറ് മുതൽ വിവിധ കലാവിരുന്നുകൾ അരങ്ങേറിത്തുടങ്ങിയിരുന്നു. രാത്രി പത്ത് മണിയോടെ ഡി.ജെ എം.കെയും ഡ്രമ്മർ ക്രിസ്റ്റിനയും പാട്ടുംകൊട്ടുമായി കയറിയതോടെ ആഘോഷം ആകാശത്തോളമുയർന്നു. ഒടുവിൽ സമയസൂചികയിൽ 11.59 തെളിഞ്ഞതോടെ നിമിഷങ്ങൾക്ക് എണ്ണിത്തുടങ്ങി.
ലുസൈൽ ബൊളെവാഡിൽ പുതുവർഷത്തെ വരവേറ്റുകൊണ്ട് നടന്ന വെടിക്കെട്ട്, ലുസൈൽ ബൊളെവാഡിലെ ആകാശത്ത് 2025 തെളിഞ്ഞ നിമിഷം
പത്തു സെക്കൻഡിലെത്തിയതോടെ കൗണ്ട്ഡൗണുമായി മാനത്ത് ഡ്രോണുകൾ നമ്പർ തെളിയിച്ചു. തെളിഞ്ഞ നമ്പറുകൾക്കൊപ്പം കാഴ്ചക്കാരും ഉറക്കെ എണ്ണിത്തീർത്തു. ഒടുവിൽ 12 മണി മുഹൂർത്തം പിറന്നു. മാനത്ത് പ്രതീക്ഷയുടെയും സ്വപ്നങ്ങളുടെയും വർണമായി 2025 തെളിഞ്ഞു. ശേഷം, നിലക്കാത്ത വെടിക്കെട്ടും വർണവിസ്മയം തീർത്ത ഡ്രോൺ ഷോയും. മൂന്ന് ലക്ഷത്തോളം പേർ ലുസൈലിൽ പുതുവർഷപ്പിറവി ആഘോഷത്തിനായി എത്തിച്ചേർന്നുവെന്നാണ് ലുസൈൽ സിറ്റി അധികൃതർ പുറത്തുവിട്ട കണക്ക്. ലോകകപ്പ് ഫുട്ബാളിനും ഏഷ്യൻ കപ്പിനും വേദിയായ ലുസൈലിൽ ഒരു ദിനം എത്തുന്ന സന്ദർശകരുടെ എണ്ണത്തിൽ പുതിയ റെക്കോഡ് കുറിച്ചുകൊണ്ടാണ് പുതുവർഷം പിറന്നത്.
12.15ഓടെ വെടിക്കെട്ടുകൾ അവസാനിച്ചതിനു പിന്നാലെ കാഴ്ചക്കാർ മടങ്ങിത്തുടങ്ങി. ഗതാഗത കുരുക്ക് കണക്കിലെടുത്ത് ദോഹ മെട്രോ വഴിയായിരുന്നു ഏറെ പേരും ബൊളെവാഡിലെത്തിയത്. ജനക്കൂട്ടം ഒന്നിച്ച് മെട്രോയിലേക്ക് ഒഴുകിയെത്തിയത് ഏറെനേരം ആശങ്കക്കും വഴിവെച്ചു.
മെട്രോ രണ്ടു മണിവരെ ഓടുമെന്നാണ് അറിയിച്ചതെങ്കിലും മുഴുവൻ ആളുകളെയും ലക്ഷ്യസ്ഥാനങ്ങളിലെത്തിക്കുന്നതിനായി പുലർച്ച നാല് മണിവരെയും സർവിസ് നടത്തിയിരുന്നു. സ്റ്റേഷനുമുന്നിലെ ജനത്തിരക്ക് പൊലീസ് ഉൾപ്പെടെ സുരക്ഷാ വിഭാഗങ്ങളുടെ നേതൃത്വത്തിൽ നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.