മെട്രോക്ക് മൂന്നു വയസ്സ്
text_fieldsദോഹ: ഖത്തറിന്റെ പൊതുഗതാഗത മേഖലയിലെ വിപ്ലവമായ ദോഹ മെട്രോയുടെ മൂന്നാം വാർഷികത്തിൽ വമ്പൻ ഓഫർ പ്രഖ്യാപിച്ച് അധികൃതർ.
മൂന്നാം വാർഷികം ആഘോഷിക്കുന്ന വേളയിൽ യാത്രക്കാർക്ക് മൂന്നുദിവസത്തെ പ്രത്യേക യാത്രാപാസാണ് അനുവദിക്കുന്നത്.
മേയ് എട്ട്, ഒമ്പത്, 10 തീയതികളിൽ മൂന്ന് റിയാലിന്റെ യാത്രാപാസുമായി ദിവസം മുഴുവൻ മെട്രോയിൽ സഞ്ചരിക്കാമെന്നതാണ് പ്രത്യേക ഓഫർ.
ട്രാവൽ കാർഡ് വെൻഡിങ് മെഷീനിൽനിന്നോ, ഗോൾഡ് ക്ലബ് ഓഫിസിൽനിന്നോ മൂന്നു റിയാലിന് വാങ്ങുന്ന പേപ്പർ ടിക്കറ്റ് ഉപയോഗിച്ച് ഒരുദിവസം മുഴുവൻ മെട്രോയിൽ യാത്രചെയ്യാവുന്നതാണ് വാർഷിക ദിന സമ്മാനമായി പ്രഖ്യാപിച്ച ഓഫർ.
ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം ട്വിറ്ററിലൂടെയാണ് ആനിവേഴ്സറി ഡേ പാസ് വിവരങ്ങൾ പ്രഖ്യാപിച്ചത്. ഒരു യാത്രാ ടിക്കറ്റിന് രണ്ടു റിയാലാണ് സാധാരണ നിരക്ക്. കുടുംബ ക്ലാസ് ഉൾപ്പെടെ സ്റ്റാൻഡേഡ് യാത്രയുടെ നിരക്കാണിത്.
ഗോൾഡ് ക്ലബിൽ 10 റിയാലാണ് നിരക്ക്. ഒരു ദിവസത്തെ പാസിന് ആറ് റിയാലാണ്. ഇതാണ് പുതിയ ഓഫറിലൂടെ മൂന്നു റിയാലായി മൂന്നുദിവസത്തേക്ക് കുറച്ചത്.
2019 മേയ് എട്ടിനാണ് ദോഹ മെട്രോയുടെ ഉദ്ഘാടന ദിനം. ഖത്തറിലെ പൊതുഗതാഗതത്തെ അടിമുടി മാറ്റിമറിച്ച മെട്രോ ഇന്ന് റെഡ്, ഗ്രീൻ, ഗോൾഡ് ലൈനുകളിലായി മൂന്ന് വിപുലമായ റൂട്ടുകളിൽ സർവിസ് നടത്തുന്നുണ്ട്. 2019 മേയ് എട്ടിന് അൽ ഖാസർ -അൽ വക്റ റൂട്ടിൽ ഓടിക്കൊണ്ടായിരുന്നു മെട്രോ ഓട്ടം തുടങ്ങയത്. അതേവർഷം നവംബർ 21ന് 14 കിലോമീറ്റർ ദൈർഘ്യമുള്ള ഗോൾഡ് ലൈനും ഡിസംബർ 10ന് 22 കിലോമീറ്റർ ദൈർഘ്യമുള്ള ഗ്രീൻ ലൈനും ഓട്ടം തുടങ്ങി. അതേ ദിനം തന്നെ റെഡ്ലൈൻ ഹമദ് വിമാനത്താവളത്തിലേക്കും കതാറ-ഖത്തർ യൂനിവേഴ്സിറ്റി-ലുസൈൽ എന്നിവിടങ്ങളിലേക്കും നീട്ടി വിപുലീകരിക്കുകയും ചെയ്തു. 18 സ്റ്റേഷനുകളിലായി 40 കി.മീ ദൈർഘ്യമുള്ള റെഡ്ലൈനാണ് ഏറ്റവും വലിയ റൂട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.