ഖത്തറിൽ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയിൽ 30 ശതമാനം വർധന
text_fieldsദോഹ: 2021ൽ ഖത്തറിലെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയകളിൽ വൻ വർധനവെന്ന് റിപ്പോർട്ട്. മുൻ വർഷത്തെ അപേക്ഷിച്ച് 30 ശതമാനം വർധനവാണ് ഉണ്ടായത്. ഹമദ് മെഡിക്കൽ കോർപറേഷനുകീഴിലെ അവയവദാന, അവയവ മാറ്റിവെക്കൽ പരിപാടിയിലുണ്ടായ വളർച്ചയുടെ ഫലമാണിത്.
2021ൽ 39 വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടന്നു. 2020ൽ ഇത് 30 ആയിരുന്നുവെന്ന് എച്ച്.എം.സി നെഫ്രോളജി ആൻഡ് കിഡ്നി ട്രാൻസ്പ്ലാൻറ് കൺസൾട്ടൻറ് ഡോ. മുഹമ്മദ് അൽകാദി പറഞ്ഞു. മരിച്ചവരിൽനിന്നും ജീവിച്ചിരിക്കുന്നവരിൽ നിന്നും വൃക്കകൾ സ്വീകരിച്ചതായും ഡോ. അൽകാദി കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷങ്ങളിലായി രാജ്യത്ത് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ വർധിച്ചുവരുകയാണെന്നും 100 ശതമാനം ശസ്ത്രക്രിയകളും പൂർണമായും വിജയകരമായാണ് പൂർത്തിയാക്കിയതെന്നും അദ്ദേഹം പ്രാദേശിക പത്രത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ജീവിച്ചിരിക്കുന്നവരിൽനിന്നും അടുത്ത ബന്ധുക്കൾ മാത്രമേ വൃക്ക സ്വീകരിക്കാറുള്ളൂവെന്നും അവയവദാനം സംബന്ധിച്ച ബോധവത്കരണം ശക്തമായപ്പോൾ കുടുംബാംഗങ്ങൾക്ക് വേണ്ടിത്തന്നെ കൂടുതൽ പേർ അവയവദാനത്തിന് സന്നദ്ധമായി മുന്നോട്ടുവരുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അവയവദാനം ജീവൻ രക്ഷിക്കുന്ന സുപ്രധാന പ്രക്രിയയുടെ ഭാഗമാണെന്നും വൃക്ക സ്വീകരിക്കുന്നതിലൂടെ സ്വീകർത്താവിന് ജീവിത ഗുണനിലവാരം വർധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
1986ലാണ് ഖത്തറിൽ ആദ്യമായി വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്. ദോഹ ഓർഗൻ ഡൊണേഷൻ എക്കോർഡാണ് പിന്നീട് ഖത്തറിൽ അവയവദാന രംഗത്ത് നിർണായകമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.