മരുന്നുകൾ വീട്ടിലെത്തിക്കാൻ ഇന്നു മുതൽ 30 റിയാൽ
text_fieldsദോഹ: മരുന്നുകളും മെഡിക്കൽ റിപ്പോർട്ടുകളും ഉൾപ്പെടെയുള്ളവ വീടുകളിലെത്തിക്കാൻ ഞായറാഴ്ച മുതൽ 30 റിയാൽ നൽകണമെന്ന് ഖത്തർ പോസ്റ്റ്. ഹമദ് മെഡിക്കൽ കോർപറേഷൻ (എച്ച്.എം.സി), പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ (പി.എച്ച്.സി.സി) എന്നിവയുമായി സഹകരിച്ച് 20 റിയാലിനാണ് ഖത്തർ പോസ്റ്റ് ഇവ വീടുകളിൽ എത്തിച്ചിരുന്നത്.
മരുന്നുകൾ, മെഡിക്കൽ റിപ്പോർട്ടുകൾ എന്നിവക്ക് പുറമെ പോഷകാഹാരങ്ങളടക്കമുള്ളവക്കും 20 റിയാലിന്റെ ഹോം ഡെലിവറി സൗകര്യം ഏർപ്പെടുത്തിയിരുന്നു. ഇവക്ക് 2023 ജനുവരി ഒന്നുമുതൽ 30 റിയാൽ നൽകണമെന്ന വിവരം ഔദ്യോഗിക ട്വിറ്റർ പേജിലാണ് ഖത്തർ പോസ്റ്റും എച്ച്.എം.സിയും അറിയിച്ചത്. ഹോം ഡെലിവറി സേവനത്തിനായി 16000 എന്ന നമ്പറിൽ ഞായറാഴ്ച മുതൽ വ്യാഴാഴ്ച വരെ രാവിലെ എട്ടുമുതൽ ഉച്ചകഴിഞ്ഞ് രണ്ടു വരെ വിളിക്കാം. കോവിഡ് മഹാമാരിയെ തുടർന്ന് 2020 ഏപ്രിലിലാണ് ഈ സൗകര്യം ആദ്യമായി ഏർപ്പെടുത്തിയത്. പിന്നീട് രോഗികളിൽനിന്നുള്ള ഏറെ അനുകൂലമായ പ്രതികരണത്തെ തുടർന്ന് സേവനം തുടരുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.