ഐ.സി.ബി.എഫിന് 40; വാർഷിക പരിപാടികൾക്ക് തുടക്കം
text_fieldsദോഹ: ഇന്ത്യയുടെ 75ാം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച്, ഇന്ത്യൻ എംബസി അനുബന്ധ സംഘടനയായ ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ.സി.ബി.എഫ്) വിവിധ ലേബർ ക്യാമ്പുകളിൽ നിന്നുള്ള തൊഴിലാളികൾക്കായി റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു. ജനുവരി 25ന് വൈകീട്ട് തുമാമയിലെ ഐ.സി.ബി.എഫ് കാഞ്ചാണി ഹാളിൽ നടന്ന ചടങ്ങിൽ, ഐ.സി.ബി.എഫിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന 40ാം വാർഷികാഘോഷങ്ങൾക്കും തുടക്കം കുറിച്ചു.
ഇന്ത്യൻ തൊഴിലാളി സമൂഹത്തോടുള്ള ഐ.സി.ബി.എഫിന്റെ പ്രതിബദ്ധത വ്യക്തമാക്കി, വിവിധ ലേബർ ക്യാമ്പുകളിൽ നിന്നും പ്രത്യേക ക്ഷണിതാക്കളായെത്തിയ നൂറോളം താഴ്ന്ന വരുമാനക്കാരായ തൊഴിലാളികളായിരുന്നു ആഘോഷ പരിപാടികളുടെ പ്രധാന ആകർഷണം. ഇവരിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 40 പേർക്ക് ഐ.സി.ബി.എഫ് മാനേജിങ് കമ്മിറ്റി അംഗങ്ങൾ സ്പോൺസർ ചെയ്ത സൗജന്യ ഇൻഷുറൻസ് പോളിസികൾ കൈമാറി.
ഐ.സി.ബി.എഫ് കോഓർഡിനേറ്റിങ് ഓഫിസറും ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറിയുമായ ഡോ. വൈഭവ് തണ്ടാലെ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു. ഖത്തറിലെ ഇന്ത്യൻ സമൂഹത്തിൽ കഴിഞ്ഞ 40 വർഷമായി ഐ.സി.ബി.എഫ് നടത്തുന്ന സേവനങ്ങളിൽ അദ്ദേഹം സന്തോഷം രേഖപ്പെടുത്തുകയും അഭിനന്ദിക്കുകയും ചെയ്തു. പ്രസിഡന്റ് ഷാനവാസ് ബാവ അധ്യക്ഷനായിരുന്നു. 40ാം വർഷത്തിൽ വിവിധ മേഖലകളിലായി 40 പരിപാടികൾ സംഘടിപ്പിക്കുന്നതിനുള്ള പദ്ധതിയും പ്രഖ്യാപിച്ചു.
ഇന്ത്യൻ സ്പോർട്സ് സെന്റർ പ്രസിഡന്റ് ഇ.പി. അബ്ദുറഹ്മാൻ, ഐ.സി.ബി.എഫ് ഉപദേശക സമിതി ചെയർമാൻ എസ്.എ.എം ബഷീർ, മുൻ പ്രസിഡന്റ് നിലാങ്ഷു ഡേ തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു. അപെക്സ് ബോഡി അംഗങ്ങളും, വിവിധ അനുബന്ധ സംഘടനാ പ്രതിനിധികളും, കമ്മ്യൂണിറ്റി നേതാക്കളും, തൊഴിലാളികൾക്കൊപ്പം ചടങ്ങിൽ സന്നിഹിതരായിരുന്നു.
വൈസ് പ്രസിഡന്റ് ദീപക് ഷെട്ടി, സെക്രട്ടറി മുഹമ്മദ് കുഞ്ഞി, ട്രഷറർ കുൽദീപ് കൗർ, മാനേജിങ് കമ്മിറ്റി അംഗങ്ങളായ സെറീന അഹദ്, സമീർ അഹമ്മദ്, അബ്ദുൾ റഊഫ് കൊണ്ടോട്ടി, കുൽവീന്ദർ സിങ് ഹണി, ഉപദേശക സമിതി അംഗങ്ങളായ ഹരീഷ് കാഞ്ചാണി, ടി. രാമശെൽവം തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നല്കി. ദേശഭക്തി പ്രകടമാക്കുന്ന വിവിധ കലാപരിപാടികളും അരങ്ങേറി. ജനറൽ സെക്രട്ടറി വർക്കി ബോബൻ സ്വാഗതവും, മത്സ്യത്തൊഴിലാളി ക്ഷേമ വിഭാഗം മേധാവി ശങ്കർ ഗൗഡ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.