47.3 ലക്ഷം യാത്രക്കാർ; ഹമദിലെ തിരക്കേറിയ ജൂലൈ
text_fieldsദോഹ: ഒരുമാസംകൊണ്ട് ഹമദ് വിമാനത്താവളം വഴി വന്നും പോയുമിരുന്നത് 47.3 ലക്ഷം യാത്രക്കാർ. 10 വർഷം പിന്നിടുന്ന വിമാനത്താവള ചരിത്രത്തിലെ ഏറ്റവും വലിയ തിരക്കായി അടയാളപ്പെടുത്തി 2024 ജൂലൈയിലെ യാത്രക്കാരുടെ ഒഴുക്ക്. മുൻ വർഷം ജൂലൈ മാസത്തേക്കാൾ 10.2 ശതമാനമാണ് യാത്രക്കാരുടെ എണ്ണത്തിൽ വർധനവുണ്ടായതെന്ന് ഹമദ് അന്താരാഷ്ട്ര വിമാനത്താവളം അറിയിച്ചു.
വേനൽ അവധിക്കാലത്തിന്റെ മധ്യമാസം ആയതിനാൽ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള അന്താരാഷ്ട്ര യാത്രികർ തങ്ങളുടെ ട്രാൻസിറ്റ് ഹബായി ദോഹയെ ഉപയോഗപ്പെടുത്തുന്നതാണ് വർധിച്ച തിരക്കിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ലോകത്തിലെ മുഴുവൻ വൻകരകളിലേക്കുമായി 170 ഡെസ്റ്റിനേഷനുകളിൽ സർവിസ് നടത്തുന്ന ഖത്തർ എയർവേസ് വഴി അന്താരാഷ്ട്ര വിമാന യാത്ര ഹബായും ദോഹ മാറിയെന്ന് കണക്കുകൾ സാക്ഷ്യപ്പെടുത്തുന്നു.
ഖത്തർ എയർവേസിന് പുറമെ, ദോഹയിൽനിന്നും സർവിസ് നടത്തുന്ന അന്താരാഷ്ട്ര എയർലൈൻ കമ്പനികളുടെ എണ്ണം വർധിച്ചതും, ലോകത്തിന്റെ മുഴുവൻ ദിക്കിലേക്കുമുള്ള കണക്ടിങ് കേന്ദ്രമായി ദോഹ മാറിയതും തിരക്കിന് കാരണമായി. വേനലവധിക്കാല സർവിസുകളുമായി ഖത്തർ എയർവേസും ജൂലൈയിൽ സജീവമായിരുന്നു.
ജൂലൈ മാസത്തിൽ ഹമദ് വിമാനത്താവളത്തിൽനിന്നുള്ള വിമാനങ്ങളുടെ വരവിലും പോക്കിലും 3.9 ശതമാനം വർധനയുണ്ടായി.
ഫുൾ ഫ്ലൈറ്റുകൾ എത്രയാണെന്ന് തിട്ടപ്പെടുത്തുന്ന ലോഡ് ഫാക്ടർ 82.8 ശതമാനമാണ്. ഹമദ് വിമാനത്താവളത്തിൽ പ്രവർത്തിക്കുന്ന വിമാനങ്ങളുടെ ഉയർന്ന ഒക്യുപെൻസി നിരക്കാണിത് സൂചിപ്പിക്കുന്നത്.
2024 ജനുവരിക്കായിരുന്നു നേരത്തേയുള്ള ഏറ്റവും തിരക്കേറിയ മാസമെന്ന റെക്കോഡുണ്ടായിരുന്നത്. 45 ലക്ഷം യാത്രക്കാരായിരുന്നു വർഷാദ്യത്തിൽ യാത്ര ചെയ്തത്. ജൂലൈ മാസത്തിൽ ലണ്ടൻ, ബാങ്കോക്, ദുബൈ, റിയാദ്, ജിദ്ദ എന്നീ ലക്ഷ്യസ്ഥാനങ്ങളിലേക്കായിരുന്നു യാത്രക്കാർ കൂടുതലെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. അതേസമയം, ഇന്ത്യ, അമേരിക്ക, ബ്രിട്ടൻ, സൗദി അറേബ്യ, യു.എ.ഇ എന്നീ രാജ്യക്കാരാണ് ഏറ്റവും കൂടുതൽ യാത്രക്കാരായുള്ളത്.
ഈ വർഷം ജനുവരി മുതൽ ജൂൺ വരെ ആറു മാസത്തിലെ യാത്രക്കാരുടെ എണ്ണത്തിലും റെക്കോഡ് വർധനയാണ് രേഖപ്പെടുത്തിയത്. 25 ശതമാനം യാത്രക്കാർ വർധിച്ചപ്പോൾ 2.53 കോടി പേർ യാത്രചെയ്തുവെന്നാണ് കണക്ക്. ചരക്കുനീക്കം, വിമാനങ്ങളുടെ എണ്ണം, ബാഗ് ഹാൻഡിൽ എന്നിവയിലും വർധിച്ച കുതിപ്പുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.