ഇറാഖിൽ 500 കോടി ഡോളറിന്റെ നിക്ഷേപം
text_fieldsദോഹ: ഇറാഖിന്റെ പുനർനിർമാണത്തിലും അടിസ്ഥാന സൗകര്യ വികസനത്തിലും ഉൾപ്പെടെ 500 കോടി ഡോളറിന്റെ നിക്ഷേപം പ്രഖ്യാപിച്ച് ഖത്തർ. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ ഇറാഖ് സന്ദർശനത്തിലാണ് രാജ്യത്തിന്റെ വികസനത്തിന് കരുത്താകുന്ന വിവിധ മേഖലകളിലെ നിക്ഷേപ സന്നദ്ധത അറിയിച്ചത്.
വാണിജ്യം, നിക്ഷേപം, ഉൗർജം, ഗതാഗതം ഉൾപ്പെടെ മേഖലകളിലെ സഹകരണം സംബന്ധിച്ച് അമീറിന്റെ സാന്നിധ്യത്തിൽ കരാറുകളിൽ ഒപ്പുവെച്ചു. വ്യാഴാഴ്ച ബഗ്ദാദിലെത്തിയ അമീറിന് ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ശിഅ അൽ സുദാനിയുടെ നേതൃത്വത്തിൽ വൻ വരവേൽപായിരുന്നു നൽകിയത്.
തുടർന്ന് നടന്ന കൂടിക്കാഴ്ചയിൽ ഇരു രാഷ്ട്രത്തലവന്മാരും ഉഭയകക്ഷി ബന്ധവും മേഖലയിലെ പൊതുതാൽപര്യമുള്ള വിഷയങ്ങളും അന്താരാഷ്ട്രതലത്തിലെ സംഭവവികാസങ്ങളും ചർച്ചചെയ്തു. ഊർജ, നിക്ഷേപ പദ്ധതികളിലെ സഹകരണം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് ധാരണപത്രത്തിൽ ഒപ്പുവെച്ചു. കൂടാതെ സ്വകാര്യ പങ്കാളിത്തത്തോടെ ഊർജം, വൈദ്യുതി, ഹോട്ടൽ, ഹോസ്പിറ്റൽ മാനേജ്മെന്റ് തുടങ്ങിയ മേഖലകളിലെ നിക്ഷേപവും വികസനവും സംബന്ധിച്ചും ഇരു രാഷ്ട്ര നേതാക്കളുടെയും സാന്നിധ്യത്തിൽ കരാറുകളിൽ ഒപ്പുവെച്ചു.
മേഖലയിലെ സാമ്പത്തിക ബന്ധം ശക്തിപ്പെടുത്താനുള്ള പ്രാദേശിക സംരംഭങ്ങളെ കുറിച്ചും കൂടിക്കാഴ്ചയിൽ ചർച്ചചെയ്തു. ഗൾഫ് പവർ ഗ്രിഡ് ഇന്റർകണക്ഷൻ പദ്ധതിയും തെക്കൻ ഇറാഖ് ശൃംഖലയുമായി ഇതിനെ ബന്ധിപ്പിക്കുന്നതിനെക്കുറിച്ചും രാഷ്ട്ര നേതാക്കൾ ചർച്ച നടത്തിയതായി വാർത്ത ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഖത്തറിലെ സുപ്രധാനമായ എണ്ണ പദ്ധതിയിൽ കൈകാര്യം ചെയ്യുന്ന ടോട്ടൽ എനർജിയിൽ ഖത്തറും പങ്കാളിയാണ്. പദ്ധതിയുടെ ആകെയുള്ളതിൽ 25 ശതമാനമാണ് ഇറാഖിന്റെ ബസ്റ ഓയിൽ കമ്പനിയുടെ ഓഹരി. ശേഷിച്ചവ ടോട്ടൽ എനർജിക്കാണ്.
2700 കോടി ഡോളറിന്റെ ടോട്ടൽ എനർജി പങ്കാളിത്തത്തിൽ 25 ശതമാനം ഖത്തറിന്റെ നിക്ഷേപമാണ്. നേരിട്ട് സാമ്പത്തിക സഹായം നൽകുന്നതിനേക്കാൾ, പ്രാദേശിക വാണിജ്യ, വികസന പദ്ധതികളിൽ നിക്ഷേപം നടത്തി മേഖലയിലെ രാജ്യങ്ങളെ സഹായിക്കാനുള്ള താൽപര്യം ഖത്തർ നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഖത്തറിൽനിന്നും ഇറാഖിലെ വിവിധ മേഖലകളിൽ നിക്ഷേപങ്ങളുണ്ടെന്നും കൂടുതൽ നിക്ഷേപങ്ങളിലൂടെ വാണിജ്യ, സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുക ലക്ഷ്യമാണെന്നും അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.