60 ലക്ഷം കണ്ടെയ്നറുകൾ; ഹമദ് തുറമുഖത്തിന് നേട്ടം
text_fieldsദോഹ: പ്രവർത്തനമാരംഭിച്ച് അഞ്ചുവർഷം പിന്നിടുന്ന ഹമദ് തുറമുഖം ഇതുവരെ കൈകാര്യംചെയ്തത് 60 ലക്ഷം കണ്ടെയ്നറുകളും 13 ദശലക്ഷം ടൺ കാർഗോയും. ഖത്തറിെൻറ ലോകത്തിലേക്കുള്ള കവാടമായ ഹമദ് തുറമുഖം 2016ലാണ് പ്രവർത്തനമാരംഭിക്കുന്നതെങ്കിലും 2017 സെപ്റ്റംബറിലാണ് തുറമുഖത്തിെൻറ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കപ്പെടുന്നത്. കുറഞ്ഞ കാലയളവിനുള്ളിൽ കൂടുതൽ കണ്ടെയ്നറുകളാണ് ഹമദ് തുറമുഖം കൈകാര്യം ചെയ്തിരിക്കുന്നത്. ഈ വർഷം സെപ്റ്റംബർ വരെയുള്ള കണക്കുകളാണ് ക്യൂ ടെർമിനൽസ് പുറത്തുവിട്ടത്.
പ്രവർത്തനം ആരംഭിച്ചതു മുതൽ 60 ദശലക്ഷം കണ്ടെയ്നറുകൾ ഹമദ് തുറമുഖത്തെത്തിയത് സുപ്രധാന നേട്ടമാണെന്ന് ക്യൂ ടെർമിനൽ ട്വീറ്റ് ചെയ്തു. 2018ൽ ലോകത്തിലെ ഏറ്റവും മികച്ച 120 കണ്ടെയ്നർ തുറമുഖങ്ങളിലൊന്നായി ഹമദ് തുറമുഖത്തെ തിരെഞ്ഞടുത്തിരുന്നു. പ്രതിവർഷം 7.5 ദശലക്ഷം ടി.ഇ.യു കണ്ടെയ്നറുകളാണ് തുറമുഖത്തിെൻറ ശേഷി. ജീവനക്കാരുടെയും തൊഴിലാളികളുടെയും സുരക്ഷയിൽ ഹമദ് തുറമുഖം അന്താരാഷ്ട്ര ഉന്നത നിലവാരമാണ് പിന്തുടരുന്നത്. ഈ വർഷം ആഗസ്റ്റിൽ 50 ലക്ഷം അപകട രഹിത മണിക്കൂറാണ് തുറമുഖം പിന്നിട്ടത്.
മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖമായ ഹമദ് തുറമുഖം, മിഡിലീസ്റ്റിലെ സമുദ്രയാന വാണിജ്യരംഗത്തെ ഹബ്ബായി മാറിയതോടൊപ്പം പരിസ്ഥിതി സൗഹൃദ തുറമുഖമെന്ന ഖ്യാതിയും ഇതിനകം സ്വന്തമാക്കിക്കഴിഞ്ഞിട്ടുണ്ട്. 2016 നവംബറിൽതന്നെ ഏറ്റവും വലിയ സ്മാർട്ട്-പരിസ്ഥിതി സൗഹൃദ തുറമുഖമായി ഹമദ് തുറമുഖത്തിന് അംഗീകാരം ലഭിച്ചിരുന്നു. സുരക്ഷ, സമുദ്ര പരിസ്ഥിതി, തുറമുഖ പ്രവർത്തനങ്ങൾ എന്നിവയിലെ മികവിനായിരുന്നു ഈ അംഗീകാരം.
2019 സെപ്റ്റംബറിൽ ഏറ്റവും ആഴമുള്ള മനുഷ്യനിർമിത ബേസിന് തുറമുഖം ഗിന്നസ് റെക്കോഡുമിട്ടിട്ടുണ്ട്. നാല് കിലോമീറ്റർ നീളത്തിൽ 700 മീറ്റർ വീതിയിൽ 17 മീറ്റർ ആഴത്തിലാണ് ബേസിൻ നിർമിച്ചിരിക്കുന്നത്.
നാല് ഘട്ടങ്ങളായുള്ള ടെർമിനൽ-2െൻറ നിർമാണവും ഹമദ് തുറമുഖത്ത് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇതിൽ ഒന്ന്, രണ്ട് ഘട്ടം പൂർത്തിയാക്കി 2022 അവസാനത്തോടെ പ്രവർത്തനം ആരംഭിക്കാനാണ് പദ്ധതി. ഇത് തുറമുഖത്തിെൻറ ശേഷി പ്രതിവർഷം മൂന്നു ദശലക്ഷം ടി.ഇ.യുവാക്കി ഉയർത്തും. മവാനി ഖത്തറും ഖത്തർ നാവിഗേഷനും (മിലാഹ) ചേർന്ന് സംയുക്തമായി രൂപവത്കരിച്ച ക്യൂ ടെർമിനൽസ് എന്ന ടെർമിനൽ ഓപറേറ്റിങ് കമ്പനിയാണ് വികസന പദ്ധതിക്ക് മേൽനോട്ടം വഹിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.