ഖത്തർ-ഇന്ത്യ വ്യാപാരത്തിൽ 63 ശതമാനം വർധന
text_fieldsദോഹ: ഇന്ത്യയിലേക്കുള്ള പ്രകൃതിവാതക കയറ്റുമതി വർധിച്ചതോടെ ഖത്തർ-ഇന്ത്യ ഉഭയകക്ഷി വ്യാപാരം 2021-2022 കാലയളവിൽ 63 ശതമാനം വർധിച്ച് 1500 കോടി ഡോളറിലെത്തിയതായി റിപ്പോർട്ട്. കേന്ദ്ര വാണിജ്യ വകുപ്പ് പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ഇന്ത്യയിലേക്കുള്ള ഏറ്റവും വലിയ പ്രകൃതിവാതക ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഖത്തർ. ആഗോള തലത്തിൽ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന പ്രകൃതിവാതകത്തിന്‍റെ 50ലേറെ ശതമാനവും ഖത്തറിൽനിന്നാണ്. ഇതിനുപുറമെ എഥിലീൻ, പ്രൊപൈലിൻ, അമോണിയ, യൂറിയ, പോളി എഥിലീൻ എന്നിവയും ഇന്ത്യ ഖത്തറിൽനിന്ന് ഇറക്കുമതി ചെയ്യുന്നുണ്ട്.
ഖത്തറിൽനിന്നും കയറ്റുമതി ചെയ്യപ്പെടുന്ന രാജ്യങ്ങളിൽ നാലാമത്തേതായി ഇന്ത്യയെ മാറ്റുകയെന്ന കാര്യം പരിഗണനയിലാണെന്ന് ഇന്ത്യയിലെ ഖത്തർ എംബസി നേരത്തെ വ്യക്തമാക്കിയിരുന്നു.
കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്‍റെ റിപ്പോർട്ട് പ്രകാരം 2021-2022 കാലയളവിൽ മാത്രം 590 കോടി ഡോളറിന്‍റെ പ്രകൃതിവാതകമാണ് ഇന്ത്യയിലേക്ക് ഖത്തറിൽനിന്നും ഇറക്കുമതി ചെയ്തിരിക്കുന്നത്. പ്രതിവർഷ കണക്കുകളിൽ 88 ശതമാനമാണ് വർധനവുണ്ടായിരിക്കുന്നത്. 1990ലാണ് 25 വർഷത്തേക്ക് പ്രതിവർഷം 75 ലക്ഷം ടൺ പ്രകൃതിവാതകം വാങ്ങുന്നത് സംബന്ധിച്ച കരാറിൽ ഖത്തറുമായി ഇന്ത്യ ഒപ്പുവെക്കുന്നത്. 2015ലെ കരാർ പ്രകാരം പ്രതിവർഷം ഒരു ദശലക്ഷം ടൺ അധിക പ്രകൃതിവാതകം ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്നതിനും ധാരണയായിട്ടുണ്ട്.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരത്തിൽ ഏറ്റവും കൂടുതൽ മേധാവിത്വം ഊർജമേഖലക്കാണെന്ന് ഈയിടെ നടന്ന ഖത്തർ സന്ദർശന വേളയിൽ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ചൂണ്ടിക്കാട്ടിയിരുന്നു.
ഇന്ത്യയിലെ വിവിധ തുറമുഖങ്ങളുമായി നേരിട്ട് ബന്ധം സ്ഥാപിച്ചതോടെ ഇന്ത്യയിൽനിന്ന് ഖത്തറിലേക്കുള്ള ഇറക്കുമതിയിൽ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഗണ്യമായ വർധന രേഖപ്പെടുത്തിയിട്ടുണ്ട്.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം ഊർജ മേഖലയിലാണ് പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നതെന്നും വ്യത്യസ്തമായ തലങ്ങളിലേക്ക് വ്യാപാരബന്ധം വിശാലമാക്കുന്നതിലേക്കാണ് തങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ഉപരാഷ്ട്രപതി സന്ദർശനത്തിനിടെ വ്യക്തമാക്കിയിരുന്നു.
15,000ത്തിലധികം ഇന്ത്യൻ കമ്പനികൾ ഖത്തറിൽ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ 100ലധികം ഇന്ത്യൻ കമ്പനികൾ ഖത്തർ ഫിനാൻഷ്യൽ സെൻററിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
രണ്ട് കമ്പനികൾ ഖത്തർ ഫ്രീ സോണിലും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഉപരാഷ്ട്രപതിയുടെ ഔദ്യോഗിക സന്ദർശനത്തിനിടെ ഇന്ത്യ-ഖത്തർ സ്റ്റാർട്ടപ് ബ്രിഡ്ജിനും തുടക്കം കുറിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.