കതാറ വിരുന്നൊരുക്കി, 71 ലക്ഷം സന്ദർശകർക്ക്
text_fieldsദോഹ: ഫിഫ ലോകകപ്പിനോടനുബന്ധിച്ച് കതാറ കൾചറൽ വില്ലേജ് ഫൗണ്ടേഷനിൽ എത്തിയത് 71 ലക്ഷം പേർ. വിവിധ രാജ്യങ്ങളിൽനിന്നുള്ള ആരാധകരും സന്ദർശകരുമടക്കമുള്ളവർ കതാറയിലെ പരിപാടികളിലും ആക്ടിവിറ്റികളിലും പങ്കാളികളായി. കതാറ ജനറൽ മാനേജർ പ്രഫ. ഡോ. ഖാലിദ് ബിൻ ഇബ്രാഹിം അൽ സുലൈത്തിയാണ് തന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ കതാറയിലെ സന്ദർശകരുടെ എണ്ണം 71 ലക്ഷത്തിലെത്തിയതായി പ്രഖ്യാപിച്ചത്.
ഖത്തർ വിജയകരമായി വേദിയൊരുക്കിയ വിശ്വഫുട്ബാൾ മേളയോടനുബന്ധിച്ച് 2022 നവംബർ 18 മുതൽ ഡിസംബർ 18 വരെ നിരവധി എന്റർടെയിൻമെന്റ് പരിപാടികൾക്ക് കതാറ വേദിയൊരുക്കിയിരുന്നു. ഖത്തറിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഇവിടെ രാജ്യാന്തരതലത്തിലെ ആരാധകരെയും ഖത്തറിലെ പൗരന്മാരെയും താമസക്കാരെയും ഉൾപ്പെടെ ആകർഷിക്കുന്ന രീതിയിലാണ് രാജ്യത്തിന്റെ സംസ്കാരവും പൈതൃകവും കലാപാരമ്പര്യവും പ്രതിഫലിപ്പിക്കുന്ന പരിപാടികൾ അരങ്ങേറിയത്.
അമ്പതിലേറെ പ്രധാന പരിപാടികൾക്കൊപ്പം 300ലധികം ഉപപരിപാടികളിലും 22 രാജ്യങ്ങളിൽനിന്നുള്ള ഡസൻ കണക്കിന് കലാകാരന്മാരാണെത്തിയത്. ലോകകപ്പ് മത്സരങ്ങൾ വീക്ഷിക്കാൻ വമ്പൻ സ്ക്രീനുകളും സജ്ജമാക്കിയതോടെ ആരാധകർ ഇവിടേക്കൊഴുകുകയായിരുന്നു. പന്ത്രണ്ടാമത് രാജ്യാന്തര പായക്കപ്പൽ ഫെസ്റ്റിവലായിരുന്നു കതാറയിലെ ലോകകപ്പ് ആഘോഷങ്ങളുടെ പ്രധാന ആകർഷണങ്ങളിലൊന്ന്. പേൾ ഡൈവിങ്, ഫിഷിങ്, കടൽയാത്രകൾ എന്നിവയുൾപ്പെടെയുള്ളവയും ആളുകളെ ആകർഷിച്ചു.
അർജന്റീന, ബ്രിട്ടൻ, അറബ് രാജ്യങ്ങൾ എന്നിവിടങ്ങളിൽനിന്നുള്ള നിരവധി സംഗീതക്കച്ചേരികളും കലാപ്രകടനങ്ങളും അരങ്ങേറി. പച്ചപ്പണിഞ്ഞ കതാറ കുന്നുകളിലെ ഇൻസ്റ്റലേഷനുകളും മനോഹരമായിരുന്നു. കതാറക്കുള്ളിലെ വിവിധ സ്ഥലങ്ങളിൽ അടുത്തിടെ അനാച്ഛാദനം ചെയ്ത നിരവധി ചുവർചിത്രങ്ങളും ടൂർണമെന്റിനെത്തിയ ആരാധകക്കൂട്ടത്തിന്റെ പ്രശംസക്ക് പാത്രമായി. ലോകത്തെ ഏറ്റവും വലിയ ഫുട്ബാൾ ബൂട്ട് കതാറയിൽ ലോകകപ്പിന് തൊട്ടുമുമ്പായാണ് അനാവരണം ചെയ്യപ്പെട്ടത്. മലയാളി കലാകാരന്മാരുടെ മിടുക്കിൽ കേരളത്തിൽ തയാറാക്കിയെത്തിച്ച ഈ ബൂട്ട് ലോകകപ്പ് കാലത്ത് ലോകത്തിന്റെ മുഴുവൻ ശ്രദ്ധയുമാവാഹിച്ചു. ലോകകപ്പ് സമയത്ത് കതാറ പബ്ലിഷിങ് ഹൗസ് അറബിയിലും ഇംഗ്ലീഷിലും ടൂർണമെന്റുമായി ബന്ധപ്പെട്ട 22 പുസ്തകങ്ങൾ പുറത്തിറക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.