സായുധസേനക്ക് 75; തപാൽ സ്റ്റാമ്പുകളുമായി ഖത്തർ പോസ്റ്റ്
text_fieldsദോഹ: ഖത്തർ സായുധസേനയുടെ 75ാം വാർഷികത്തോടനുബന്ധിച്ച് പ്രത്യേക തപാൽ സ്റ്റാമ്പുകൾ പുറത്തിറക്കി ഖത്തർ പോസ്റ്റർ സർവിസസ് കമ്പനി (ഖത്തർ പോസ്റ്റ്). പ്രതിരോധ മേഖലയിലും ദേശസുരക്ഷയിലും സായുധസേനയുടെ പങ്കും, രാജ്യത്തിന്റെ സൈനിക ചരിത്രത്തിന്റെ അടയാളപ്പെടുത്തലായാണ് പ്രതിരോധ മന്ത്രാലയവുമായി സഹകരിച്ച് തപാൽ സ്റ്റാമ്പുകൾ പുറത്തിറക്കിയത്.
ഖത്തറിന്റെ ചരിത്രം രേഖപ്പെടുത്തുന്നതിലും സുപ്രധാന സ്ഥാപനങ്ങളുടെ നാഴികക്കല്ലുകൾ ആഘോഷിക്കുന്നതിലുമുള്ള ഖത്തർ പോസ്റ്റിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് തപാൽ സ്റ്റാമ്പ് പുറത്തിറക്കിയതെന്ന് ഖത്തർ പോസ്റ്റ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫാലിഹ് ബിൻ മുഹമ്മദ് അൽ നഈമി പറഞ്ഞു.
1953ലാണ് ഖത്തറിന്റെ സായുധസേന സ്ഥാപിക്കപ്പെടുന്നത്. വിവിധ കാലഘട്ടങ്ങളിലൂടെ മികച്ച സായുധസേനയായി ശക്തി പ്രാപിച്ചു. ആധുനിക കാലത്തിനൊപ്പം സാങ്കേതിക പുരോഗതി കൈവരിച്ചാണ് നമ്മുടെ സേനയുടെ കുതിപ്പെന്ന പ്രതിരോധ മന്ത്രാലയത്തിലെ മിലിട്ടറി പെർഫോമൻസ് ആൻഡ് മ്യൂസിക് സെന്റർ കമാൻഡർ മേജർ ജനറൽ സാലിം ഫഹദ് അൽ അഹ്ബാബി പറഞ്ഞു. 75 വർഷം പിന്നിടുമ്പോൾ സേനയുടെ നേട്ടങ്ങൾ വിവരിച്ചുകൊണ്ട് ഖത്തർ പോസ്റ്റുമായി സഹകരിച്ച് തപാൽ സ്റ്റാമ്പുകൾ പുറത്തിറക്കിയതിൽ അഭിമാനമുണ്ടെന്ന് മേജർ ജനറൽ അൽ അഹ്ബാബി കൂട്ടിച്ചേർത്തു.
ആദ്യ കാലങ്ങളിൽ ഖത്തർ സായുധസേന ഉപയോഗിച്ചിരുന്ന പ്രധാന പ്രതിരോധ വാഹനങ്ങളെ പ്രതിനിധീകരിച്ച് ആറ് വ്യത്യസ്ത സ്റ്റാമ്പുകളാണ് പുറത്തിറക്കിയിരിക്കുന്നത്. സായുധസേന യൂനിറ്റുകളുടെ തുടക്കം മുതലുള്ള ചരിത്രപരമായ അടയാളങ്ങൾ ഉൾക്കൊള്ളുന്ന ലോഗോകളുടെ ശ്രേണിയും സ്റ്റാമ്പുകളിൽ അടയാളപ്പെടുത്തിയിട്ടുണ്ട്.
സ്റ്റാമ്പുകൾക്ക് പുറമെ 5000 സ്മാരക കാർഡുകളും പുറത്തിറക്കിയിട്ടുണ്ട്. രാജ്യത്തിന്റെ പ്രതിരോധ ശേഷിയുടെ ചരിത്രത്തെയും സമ്പന്നമായ സൈനിക പൈതൃകത്തെയും പ്രദർശിപ്പിക്കുന്ന രീതിയിലാണ് കാർഡുകൾ രൂപകൽപന ചെയ്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.