ലോകകപ്പ് വേളയിൽ അബൂ സംറ വഴി സഞ്ചരിച്ചത് 8,50,000 പേർ
text_fieldsദോഹ: ഖത്തർ വിജയകരമായി ആതിഥേയത്വം വഹിച്ച ഫിഫ ലോകകപ്പിനിടെ കര അതിർത്തിയായ അബൂ സംറ വഴി സഞ്ചരിച്ചത് 8,50,000ത്തോളം പേർ. ലാൻഡ് കസ്റ്റംസ് അഡ്മിനിസ്ട്രേഷനിൽ 8,44,737 യാത്രക്കാരെ രേഖപ്പെടുത്തിയതായി ജനറൽ അതോറിറ്റി ഓഫ് കസ്റ്റംസ് വെളിപ്പെടുത്തി. 29 ദിവസം നീണ്ടുനിന്ന ടൂർണമെന്റ് കാലയളവിൽ 4,06,819 യാത്രക്കാർ രാജ്യത്ത് പ്രവേശിച്ചതായും 4,37,918 യാത്രക്കാർ രാജ്യത്തിന് പുറത്തേക്കു പോയതായും ജി.എ.സി പ്രതിമാസ വാർത്തക്കുറിപ്പിൽ അറിയിച്ചു.
ജി.എ.സി കണക്കുകൾ പ്രകാരം ലോകകപ്പ് സമയത്ത് 1,40,987 വാഹനങ്ങളാണ് അതിർത്തിയിൽ രജിസ്റ്റർ ചെയ്തത്. ഏകദേശം 65,755 വാഹനങ്ങൾ അതിർത്തി വഴി രാജ്യത്തേക്ക് പ്രവേശിച്ചപ്പോൾ 75,232 കാറുകൾ അതിർത്തി കടന്ന് പുറത്തുപോയി. അബൂ സംറ അതിർത്തിയിലെ സ്ഥിരം സമിതിയുമായി ചേർന്ന് സംയുക്ത പ്രവർത്തന പദ്ധതികളിലൂടെ ലാൻഡ് കസ്റ്റംസ് അഡ്മിനിസ്ട്രേഷൻ യാത്രക്കാർക്കും ലോകകപ്പിനെത്തുന്ന ആരാധകർക്കും പ്രവേശനത്തിനുള്ള എല്ലാ കസ്റ്റംസ് സൗകര്യങ്ങളും ഒരുക്കിയിരുന്നെന്ന് കുറിപ്പിൽ ചൂണ്ടിക്കാട്ടി. ലോകകപ്പ് സമയത്ത് ആരാധകരെയും സന്ദർശകരെയും സ്വീകരിക്കുന്നതിനും നടപടികൾ സുഗമമാക്കുന്നതിനും പുതിയ ഹാളുകൾ, എൻട്രി, എക്സിറ്റ് ഗേറ്റുകൾ, വാഹന പരിശോധന പ്ലാറ്റ്ഫോമുകൾ എന്നിവ സ്ഥാപിച്ചു.
പഴയ കേന്ദ്രങ്ങൾ വിപുലീകരിക്കുകയും ചെയ്തു. എക്സ്റേ ഉപകരണങ്ങളും പ്രവേശനത്തിനായി പ്രത്യേകം ക്രമീകരിച്ച പാതകളും ഉപയോഗിച്ച് കസ്റ്റംസ് പരിശോധന പ്രക്രിയകൾ ശക്തിപ്പെടുത്തി. നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കുന്നതിന്റെ ഭാഗമായി കൂടുതൽ ജീവനക്കാരെ നിയമിച്ചു.പൊതുമരാമത്ത് അതോറിറ്റിയായ അശ്ഗാലിന്റെ പങ്കാളിത്തത്തോടെ ലാൻഡ് കസ്റ്റംസ് അബൂ സംറ അതിർത്തിയുടെ സ്ഥിരം സമിതിയുമായി ചേർന്ന് രണ്ടു പുതിയ ഹാളുകളും സ്ഥാപിച്ചു. അതോടൊപ്പം ഓപറേഷൻസ് ആൻഡ് റിസ്ക് അനാലിസിസ് അഡ്മിനിസ്ട്രേഷനും ഇൻഫർമേഷൻ സിസ്റ്റംസ് അഡ്മിനിസ്ട്രേഷനും പ്രതിനിധാനം ചെയ്യുന്ന ജി.എ.സി വാഹനങ്ങൾക്കായുള്ള ഇൻഷുറൻസ് നടപടികൾ വേഗത്തിലാക്കുന്നതിന് അബൂ സംറയിലെ ഇൻഷുറൻസ് ഓഫിസും തമ്മിലുള്ള ഇലക്ട്രോണിക് ലിങ്കിങ്ങും പൂർത്തിയാക്കി.
ഇലക്ട്രോണിക് ലിങ്ക് വഴി ഒരു വാഹനത്തിന് ഒരു മിനിറ്റിനുള്ളിൽ തന്നെ ഇൻഷുറൻസ് നടപടികൾ പൂർത്തിയാക്കാൻ സാധിച്ചു. നേരത്തേ ഇതിന് 10 മിനിറ്റുവരെ എടുത്തിരുന്നു. രജിസ്റ്റർ ചെയ്ത വാഹനങ്ങൾക്ക് പ്രവേശനവും പുറത്തേക്കുള്ള പാതയും എളുപ്പമാക്കുന്നതിന് അൽ നദീബ് സംവിധാനത്തിലേക്ക് വിവരങ്ങൾ അയക്കുകയും ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.