രാജ്യത്തിന് കരുത്തായി 90 പേർ
text_fieldsദോഹ: അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ സാന്നിധ്യത്തിൽ ഖത്തറിന്‍റെ പുതിയ ബാച്ച് സുരക്ഷാ സംഘം സേവനപാതയിലേക്ക്. വ്യാഴാഴ്ച രാവിലെ അൽ സൈലിയയിലെ പൊലീസ് ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന ബിരുദദാന ചടങ്ങിൽ 90 പുതിയ സേനാംഗങ്ങളാണ് ഖത്തറിന്‍റെ സുരക്ഷ വിഭാഗങ്ങളുടെ ഭാഗമായി കർമവീഥിയിലേക്ക് പ്രവേശിച്ചത്. ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ പൊലീസ് കോളജിന്‍റെ നാലാം ബാച്ചിൽ പരിശീലനം പൂർത്തിയാക്കിയവരാണ് സംഘത്തിലുണ്ടായിരുന്നത്.
ദേശീയ ഗാനാലാപനത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന് ഖുർആൻ പാരായണത്തിനു ശേഷം സൈനികരുടെ പരേഡ് ആരംഭിച്ചു. ശേഷം, അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി സേനാവിഭാഗത്തിന്‍റെ ഗാർഡ്ഓഫ് ഓണർ പരിശോധിച്ചു. ആകർഷകമായ മാർച്ച് പാസ്റ്റ് അവതരിപ്പിച്ച് സേനാംഗങ്ങൾ രാഷ്ട്ര നായകനെ വരവേറ്റു. വിവിധ ശൈലികളിലായിരുന്നു മാർച്ച് പാസ്റ്റുകൾ. ലോകകപ്പിന്‍റെ വർഷത്തെ വരവേറ്റുകൊണ്ട് 2022 മാതൃകയിലും വിശാലമായ ഗ്രൗണ്ടിൽ അവർ കാഴ്ചക്കാർക്കുമുന്നിൽ ബാൻഡ് വാദ്യങ്ങളുടെ പശ്ചാത്തലത്തിൽ അണിനിരന്നു. തുടർന്ന്, ഏറ്റവും മികവ്പ്രകടിപ്പിച്ച സേനാ അംഗങ്ങളെ അമീർ ആദരിച്ചു.
പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനി, ജോർഡൻ ആഭ്യന്തര മന്ത്രി മാസിൻ അബ്ദുല്ല ഹിലാൽ അൽ ഫറായെ, സൗദി അറേബ്യ ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. ഹിഷാം ബിൻ അബ്ദുറഹ്മാൻ അൽ ഫാലിഹ്, വിവിധ സൗഹൃദ രാജ്യങ്ങളുടെ മുതിർന്ന സൈനിക മേധാവികൾ, സുരക്ഷ ഉദ്യോഗസ്ഥർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ഖത്തറിന്‍റെ വിവിധ മന്ത്രിമാർ, ശൈഖുമാർ, ആഭ്യന്തരമന്ത്രാലയത്തിനു കീഴിലെ വിവിധ സേന-സുരക്ഷ വിഭാഗം ഉദ്യോഗ സ്ഥർ എന്നിവരും ചടങ്ങിന് സാക്ഷ്യം വഹിച്ചു.
പൊലീസ് കോളജ് പൊലീസ് അക്കാദമിയാവുംആഭ്യന്തര മന്ത്രാലയത്തിനുകീഴിലെ വിവിധ സുരക്ഷ സേനാവിഭാഗങ്ങളുടെ പരിശീലന-വിദ്യാഭ്യാസ കേന്ദ്രങ്ങളായ പൊലീസ് കോളജുകൾ 2023ഓടെ പൊലീസ് അക്കാദമികളായി മാറും. എല്ലാ കേന്ദ്രങ്ങളും ഒരു കുടക്കീഴിലേക്ക് മാറി, പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് നീക്കമെന്ന് പൊലീസ് കോളജ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ അബ്ദുൽ റഹ്മാൻ മാജിദ് അൽ സുലൈതി പറഞ്ഞു. പൊലീസ് കോളജ് നാലാം ബാച്ചിന്‍റെ ബിരുദദാന ചടങ്ങിനിടെയാണ് ഇക്കാര്യം അറിയിച്ചത്. ആഭ്യന്തര മന്ത്രാലയത്തിനു കീഴിൽ 2013ലാണ് പൊലീസ് കോളജ് ആരംഭിക്കുന്നത്. നാലാം ബാച്ചിന്‍റെ ബിരുദദാന ചടങ്ങിൽ 85 ഖത്തർ സുരക്ഷ വിദ്യാർഥികളും, അഞ്ചു ഫലസ്തീൻ വിദ്യാർഥികളുമായി പരിശീലനം പൂർത്തിയാക്കി പുറത്തിറങ്ങുന്നത്. നാലു ബാച്ചുകളിലായി ഇതിനകം 420 സുരക്ഷ അംഗങ്ങളാണ് പരിശീലനവും പഠനവും പൂർത്തിയാക്കി പുറത്തിറങ്ങിയത്. വിവിധ സുരക്ഷ കോഴ്സുകളും പരിശീലനവും സ്പോർട്സ് ട്രെയ്നിങ്ങുമെല്ലാം ഉൾപ്പെടുന്നതാണ് കോഴ്സ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.