കളി വീണ്ടും 974 മുറ്റത്ത്
text_fieldsദോഹ: 2022 ഫിഫ ലോകകപ്പ് ഫുട്ബാൾ വേദികളിൽ ലോകം അതിശയത്തോടെ നോക്കിനിന്ന ഒന്നായിരുന്നു ദോഹ കോർണിഷിൽനിന്ന് വിളിപ്പാടകലെയുള്ള 974 സ്റ്റേഡിയം. ഖത്തറിന്റെ അന്താരാഷ്ട്ര ഡയലിങ് നമ്പറിൽ അറിയപ്പെട്ട സ്റ്റേഡിയം നിർമിതിയിലുമൊരു വിസ്മയമായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിച്ച 974 ഷിപ്പിങ് കണ്ടെയ്നറുകൾകൊണ്ട് നിർമിച്ച കളിമുറ്റം. 2021 ഡിസംബറിൽ നടന്ന ഫിഫ അറബ് കപ്പ് മത്സരങ്ങളോടെ ആരാധകർക്കായി തുറന്നുനൽകിയ സ്റ്റേഡിയം ലോകകപ്പ് ഫുട്ബാളിൽ മെക്സിക്കോ -പോളണ്ട്, പോർചുഗൽ -ഘാന, ഫ്രാൻസ് -ഡെന്മാർക്, ബ്രസീൽ -സ്വിറ്റ്സർലൻഡ്, പോളണ്ട് -അർജന്റീന, സെർബിയ -സ്വിറ്റ്സർലൻഡ്, ബ്രസീൽ -ദക്ഷിണ കൊറിയ തുടങ്ങിയ ഏഴു മത്സരങ്ങൾക്കാണ് വേദിയൊരുക്കിയത്.
ലോകകപ്പിന് പിന്നാലെ പൊളിച്ചുമാറ്റുമെന്നായിരുന്നു ആദ്യം വന്ന വാർത്തകൾ. എന്നാൽ, രണ്ടു വർഷത്തിനിപ്പുറവും 974 സ്റ്റേഡിയം തിളക്കമേതും മങ്ങാതെ കളിയാരവങ്ങളെ വരവേൽക്കാൻ ഒരുങ്ങുകയാണ്. ഭാവിയിൽ പൊളിച്ചുനീക്കുമ്പോൾ ആഫ്രിക്കൻ രാജ്യങ്ങൾ ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ സ്റ്റേഡിയങ്ങൾക്കും മറ്റു സ്പോർട്സ് ആവശ്യങ്ങൾക്കുമുള്ള അടിസ്ഥാനസൗകര്യമായി ഇവയുടെ ഭാഗങ്ങൾ മാറ്റുമെന്ന തീരുമാനത്തോടെയാണ് 974 എന്ന കളിമുറ്റം സജ്ജമാക്കിയത്.
സ്റ്റേഡിയം എൻട്രിക്ക് മൊബൈൽ ടിക്കറ്റ് നിർബന്ധം
ദോഹ: ഫിഫ ഇന്റർകോണ്ടിനെന്റൽ കപ്പ് മത്സരങ്ങൾക്ക് സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനത്തിന് മൊബൈൽ ടിക്കറ്റ് നിർബന്ധം. ‘ഫിഫ ഇന്റർകോണ്ടിനെന്റൽ കപ്പ് 2024’ എന്ന ആപ് േപ്ല സ്റ്റോറിൽനിന്ന് ഡൗൺലോഡ് ചെയ്ത ശേഷം, നേരത്തെ വാങ്ങിയ ടിക്കറ്റുകൾ ലഭ്യമാക്കാവുന്നതാണ്. സ്റ്റേഡിയം ഗേറ്റിൽ ഈ ടിക്കറ്റ് കാണിച്ച ശേഷമാണ് ഗാലറിയിലേക്ക് പ്രവേശനം അനുവദിക്കുന്നത്. ടിക്കറ്റ് ഓൺലൈൻ വഴി വാങ്ങാൻ ഉപയോഗിച്ച ഇ-മെയിൽ വഴി ആപ് രജിസ്റ്റർ ചെയ്യുന്നതോടെ മൊബൈൽ ടിക്കറ്റ് ലഭ്യമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.