കുറ്റകൃത്യങ്ങളില്ലാത്ത നാട്; ദോഹ സേഫാണ്
text_fieldsദോഹ: കുറ്റകൃത്യങ്ങളും അക്രമങ്ങളുമില്ലാതെ പൗരന്മാർക്ക് സുരക്ഷിത ജീവിതമൊരുക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ മുൻനിരയിലെ സ്ഥാനം നിലനിർത്തി ഖത്തർ. ലോകത്തെ ഏറ്റവും സുരക്ഷിത നഗരങ്ങൾ സംബന്ധിച്ച് നംബയോ പുറത്തിറക്കുന്ന പട്ടികയിലാണ് ഖത്തറിന്റെ തലസ്ഥാനമായ ദോഹ ആദ്യ മൂന്നിലൊന്നായി ഇടം പിടിച്ചത്. കുറ്റകൃത്യ നിരക്ക് ഏറ്റവും കുറഞ്ഞ അബൂദബി, അജ്മാൻ എന്നീ നഗരങ്ങൾക്ക് പിന്നിൽ മൂന്നാം സ്ഥാനത്താണ് ദോഹ. നാലാമത് ദുബൈ ആണ്.
ലോകത്തെ ഏറ്റവും സുരക്ഷിതമായ നാല് നഗരങ്ങളും ഗൾഫ് രാജ്യങ്ങളിലാണെന്ന പ്രത്യേകതയുമുണ്ട്. ഓണ്‍ലൈന്‍ ഡേറ്റ ബേസ് സ്ഥാപനമായ നംബയോ തയാറാക്കിയ അര്‍ധവാര്‍ഷിക ക്രൈം ഇന്‍ഡെക്സിലാണ് ജി.സി.സി നഗരങ്ങള്‍ മികച്ച പ്രകടനം കാഴ്ചവെച്ചത്.
പട്ടിക പ്രകാരം ഏറ്റവും കുറ്റകൃത്യങ്ങള്‍ കുറഞ്ഞ നഗരമായ അബൂദബിയിൽ 11.8 ആണ് ക്രൈം ഇൻഡ്ക്സ്. സുരക്ഷാ ഇൻഡക്സ് 88.2ഉം അടയാളപ്പെടുത്തുന്നു. രണ്ടാം സ്ഥാനത്തുള്ള അജ്മാന് ഇത് 15.8ഉം, 84.2ഉം ആണ്. ഖത്തര്‍ തലസ്ഥാനമായ ദോഹയുടെ ക്രൈം ഇന്‍ഡക്സ് 16.1 ആണ്. 83.9 ആണ് സേഫ്റ്റി ഇൻഡക്സ്.
ആറാം സ്ഥാനത്തായി റാസ് അൽ ഖൈമയും ഏഴാമതായി ഒമാനിലെ മസ്കത്തും ഗൾഫ് മേഖലയിൽനിന്നുണ്ട്. ഇന്ത്യയിൽനിന്ന് മംഗളൂരുവിലാണ് ഏറ്റവും കുറ്റകൃത്യനിരക്ക് കുറഞ്ഞ നഗരം. കവര്‍ച്ച, അക്രമം, പൊതുമുതല്‍ നശിപ്പിക്കല്‍ എന്നിവ അടിസ്ഥാനമാക്കിയാണ് പട്ടിക തയാറാക്കിയിരിക്കുന്നത്.
കുറ്റകൃത്യങ്ങളുടെ നിരക്ക് 20ല്‍ കുറഞ്ഞ നഗരങ്ങളെ ഏറ്റവും സുരക്ഷിതമായാണ് കണക്കാക്കുന്നത്. ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ള 311 നഗരങ്ങളാണ് പട്ടികയിലുള്ളത്. ദക്ഷിണാഫ്രിക്കന്‍ നഗരങ്ങളായ പീറ്റർമരിറ്റ്ബർഗ്, പ്രിട്ടോറിയ എന്നിവയാണ് കുറ്റകൃത്യങ്ങള്‍ ഏറ്റവും കൂടുതലുള്ള നഗരങ്ങള്‍. വെനിസ്വേലയിലെ കറാക്കസ്, പാപ്വ ന്യൂഗിനിയിലെ പോർട് മൂർസ്ബെ, ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ് ബർഗ്, പോർട് എലിസബത് എന്നിവയും മുൻനിരയിലുണ്ട്.
കഴിഞ്ഞ വര്‍ഷം മിഡിലീസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക മേഖലയിലെ ഏറ്റവും സുരക്ഷിത രാജ്യമായി ഖത്തര്‍ പട്ടികയില്‍ ഇടം പിടിച്ചിരുന്നു. 2021 മുതല്‍ 2024 വരെയുള്ള മൂന്ന് വര്‍ഷത്തിനിടെ രാജ്യത്തെ കുറ്റകൃത്യങ്ങളുടെ നിരക്ക് 17 ശതമാനം കുറഞ്ഞതായും കണക്കുകള്‍ സൂചിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.