നൈലിന്റെ നാട്ടിലേക്കൊരു കപ്പൽയാത്ര
text_fieldsഇരുപതിലേറെ പേരടങ്ങുന്ന വൊയേജ് യാത്രാ സംഘത്തിനൊപ്പം ദോഹയില്‍നിന്നാണ് ഈജിപ്ത്, ജോർഡന്‍, സൗദി അറേബ്യ എന്നീ മൂന്നു രാജ്യങ്ങളിലൂടെയുള്ള യാത്രക്ക് തുടക്കം കുറിക്കുന്നത്. യാത്രയുടെ ഏറ്റവും വലിയ സവിശേഷത ചെങ്കടലിലൂടെയുള്ള ക്രൂയിസ് ഷിപ് സഞ്ചാരമാണ്. കരയിലും ആകാശത്തിലുമായി നിരവധി യാത്ര ചെയ്തിട്ടുണ്ടെങ്കിലും കടൽ യാത്ര ഒരു സ്വപ്നമായിരുന്നു. ആ സ്വപ്ന സാക്ഷാത്കാരമായിരുന്നു ഇത്തവണ ക്രൂസ് കപ്പലിലൂടെ സാക്ഷാത്കരിക്കപ്പെടുന്നത്.
ഈജിപ്തിലെ സുഖ്ന തുറമുഖത്ത് നിന്നും എം.എസ്.എസി സ്പ്ലന്‍ഡിഡയില്‍ ചെക്ക് ഇന്‍ ചെയ്ത് സൗദി അറേബ്യയിലെ ജിദ്ദ തുറമുഖത്ത് അവസാനിക്കുന്ന നീണ്ട കടൽ യാത്ര. ദോഹയിൽ നിന്നും പറന്നുയർന്ന്, കൈറോ വിമാനത്താവളത്തില്‍ ഇറങ്ങിയ ഞങ്ങളെ കാത്ത് കപ്പലിലേക്ക് പോകാനുള്ള ബസ് തയാറായി നില്‍ക്കുന്നുണ്ടായിരുന്നു. ഈജിപ്തിന്റെ ഭാവി വ്യവസായ നഗരം ആകാനുള്ള തയാറെടുപ്പിലാണ് സുഖ്ന. തുറമുഖത്ത് ജോലികള്‍ പുരോഗമിക്കുന്നു. ടൂറിസമാണ് ഇന്ന് ഈജിപ്തിന്റെ പ്രധാനവരുമാന മാര്‍ഗം, അതിന് സഹായകമാകുന്നരീതിയിലാണ് വികസനപ്രവർത്തനങ്ങള്‍.
വൈകീട്ടോടെ കപ്പലില്‍ എത്തിയ ഞങ്ങള്‍ തൊട്ടടുത്ത ദിവസം രാവിലെയാണ് ഈജിപ്തിലെ തന്നെ മറ്റൊരു തുറമുഖമായ സഫാഗയിലെത്തുന്നത്. സഫാഗയില്‍ നിന്നും സഞ്ചാരികള്‍ക്ക് നിരവധി ഒാപ്ഷനുകളുണ്ട്. തൊട്ടടുത്തുള്ള ഹര്‍ദാഗയിലേക്ക് പോകാം. ഒരു കുഞ്ഞ് ടൂറിസ്റ്റ് നഗരം, അതല്ലെങ്കില്‍ ചരിത്രത്തിന്റെ ശേഷിപ്പുകളായി തലയെടുപ്പോടെ നില്‍ക്കുന്ന ലക്സര്‍, കര്‍ണാല്‍ ക്ഷേത്രങ്ങളിലെ കാഴ്ചകളിലേക്ക് പോകാം.
ഞങ്ങള്‍ തിരഞ്ഞെടുത്തത് ലക്സറിലേക്കുള്ള യാത്രയായിരുന്നു. മൂന്ന് മണിക്കൂറിലേറെ നീളുന്ന യാത്ര. ഈജിപ്തിന്റെ ഓരോ മണ്‍തരിക്കും
ഒരായിരം ചരിത്രങ്ങള്‍ പറയാനുണ്ട്. നാഗരികതകള്‍ പൂത്തുലഞ്ഞ മണ്ണ്. വിജ്ഞാനത്തിന്റെ കേന്ദ്രമായ പ്രദേശം. സഫാഗയില്‍ നിന്നും ലക്സറിലേക്കുള്ള യാത്ര വിജനമായ ഒരു പാതയിലൂടെയാണ്. റെഡ് സീ ഹില്‍സ് എന്നറിയപ്പെടുന്ന മലനിരകള്‍ മാത്രമാണ് ഇരുവശത്തും കാണാനുള്ളത്. കുന്നുകള്‍ക്കിടയിലൂടെ വളഞ്ഞുപുളഞ്ഞുള്ള യാത്ര വേറിട്ട അനുഭവമാണ്. ഈജിപ്തില്‍ ഉള്ള ഈ മലനിരകള്‍ക്ക് അത്രവലിയ ഉയരമൊന്നുമില്ല. ക്രിസ്തുവിന് മുമ്പു തന്നെ ഈ മലനിരകളില്‍ ഗ്രാനൈറ്റ് ഖനനം നടന്നിരുന്നു.
വടക്ക് പടിഞ്ഞാറന്‍ സുഡാന്‍ മുതല്‍ ചെങ്കടലിനോട് ചേര്‍ന്ന് ഈജിപ്ത് മുഴുവന്‍ ഈ മലനിരകള്‍ കാണാം. ഒരു ചെറിയ ചെടിപോലുമില്ലാത്ത പാറക്കുന്നുകള്‍. ഏറെ ദൂരം യാത്ര ചെയ്തതിനു ശേഷമാണ് മനുഷ്യവാസമുള്ള ഇടങ്ങള്‍ കണ്ടു തുടങ്ങിയത്.
അതുവരെ മനസ്സില്‍ കൊണ്ടുനടന്ന ഈജിപ്തായിരുന്നില്ല പിന്നീട് കണ്ടത്. കൈറോയില്‍നിന്ന് സുഖ്നയിലേക്കുള്ള യാത്രയിലും അധികം വ്യത്യസ്തമായിരുന്നില്ല കാര്യങ്ങള്‍, നഗരാതിര്‍ത്തി പിന്നിട്ടാല്‍ പിന്നെ കാണുന്നതെല്ലാം ദാരിദ്ര്യത്തിന്റെ കാഴ്ചകളാണ്.
ലക്സറിലേക്കുള്ള വഴി കൃഷി ഭൂമിക്ക് അരികിലൂടെയാണ്. കരിമ്പാണ് പ്രധാന കൃഷി. വലിയ കൃഷി ഭൂമിക്ക് ഇടയില്‍ കുഞ്ഞുകുഞ്ഞ് വീടുകള്‍, മിക്കതും ഓലയും പുല്ലുമുപയോഗിച്ച് മേഞ്ഞത്. ബൈക്കുകള്‍ പ്രത്യേക രീതിയില്‍ മോഡിഫിക്കേഷന്‍ വരുത്തിയും കഴുതപ്പുറത്തുമൊക്കെ വിളവെടുത്ത ഉൽപന്നങ്ങള്‍ കൊണ്ടുപോകുന്നു. കാളവണ്ടികളും കുതിരകളുമൊക്കെ ചരക്കു നീക്കത്തിനും യാത്രയ്ക്കും ഇന്നും ഉപയോഗിക്കുന്നു. റോഡിന്റെ തീരത്തെല്ലാം ഇത്തരം ഉൽപന്നങ്ങള്‍ വില്‍ക്കുന്ന മനുഷ്യരെ കാണാം. ദാരിദ്ര്യത്തിന്റെ രേഖകള്‍ അവരുടെ മുഖത്തും വസ്ത്രത്തിലുമെല്ലാം ഉണ്ട്. ആഭ്യന്തര സംഘര്‍ഷങ്ങള്‍ ഒരു നാടിനെ എങ്ങനെയെല്ലാം പിന്നോട്ടടിക്കും എന്നതിന്റെ നേര്‍ക്കാഴ്ച കാണാന്‍ നിങ്ങള്‍ ഈജിപ്തിലേക്ക് വന്നാല്‍ മതി. നാലാള്‍ കൂടുന്നിടത്തെല്ലാം തോക്കുമായി സുരക്ഷ ഉദ്യോഗസ്ഥരെ കാണാം. ഈജിപ്തിന്റെ വരുമാനത്തില്‍ നല്ലൊരു പങ്കും ഇന്ന് ചെലവഴിക്കുന്നത് സൈന്യത്തിനുവേണ്ടിയാണ്.
നൈലില്‍നിന്നും കനാല്‍ വഴി വെള്ളമെത്തിച്ചാണ് ഇവിടത്തെ കൃഷി. കനാല്‍ പരമാവധി മലിനമാകാതെ സൂക്ഷിച്ചിരിക്കുന്നു. ഈജിപ്തിനെ നൈലിന്റെ വരദാനമെന്ന് വിശേഷിപ്പിച്ചത് എത്രമാത്രം കൃത്യമാണെന്ന് ഓര്‍ത്തുപോയി. ഈജിപ്തിന്റെ നാഗരികതയും സംസ്കാരവും ചരിത്രവും കൃഷിയുമെല്ലാം തളിരിട്ടതും വളര്‍ന്ന് പന്തലിച്ചതും നൈലിന്റെ കുളിര്‍മയിലാണ്. ഇന്നത്തെ ഈജിപ്തിന്റെ പ്രധാന വരുമാനമാര്‍ഗമായ ടൂറിസത്തിലും നൈലിന്റെ വലിയ സംഭാവനയുണ്ട്. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ നദിയെന്നതു മാത്രമല്ല, കപ്പല്‍ യാത്രക്കും അനുയോജ്യമായതിനാല്‍ നിരവധി സഞ്ചാരികളാണ് നൈല്‍ കാണാനും യാത്ര ചെയ്യാനും എത്തുന്നത്. തീരങ്ങളില്‍ മുഴുവന്‍ റസ്റ്റാറൻറുകളും ഉയര്‍ന്നിരിക്കുന്നു. നൈല്‍ അനുഗ്രഹമാകുന്നതുപോലെ പലപ്പോഴും ജനജീവിതത്തെയും ബാധിക്കാറുണ്ട്. എല്ലാവര്‍ഷവും കരകവിഞ്ഞൊഴുകുന്ന നൈല്‍ ഈജിപ്തുകാര്‍ക്ക് സാധാരണ കാഴ്ചയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.