ഗൾഫ് മാധ്യമം-ഷി ക്യൂ എക്സലൻസ് അവാർഡ് നിശ നാളെ
text_fieldsദോഹ: കാത്തിരിപ്പുകൾക്ക് അറുതിയാവുന്നു. ഖത്തറിന്റെ മണ്ണിൽ നേട്ടങ്ങൾ കൊയ്ത ഇന്ത്യൻ വനിതാരത്നങ്ങൾ ആരെന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം. നയതന്ത്ര സൗഹൃദത്തിന്റെ അരനൂറ്റാണ്ടുകാലം ആഘോഷിക്കുന്ന വർഷത്തിൽ, പ്രവാസചരിത്രത്തിലെ പുതു പെൺതാരകങ്ങൾ ആരെന്നറിയാനുള്ള ആകാംക്ഷാപ്പെട്ടി വെള്ളിയാഴ്ച രാത്രിയോടെ തുറക്കും. ‘ഗൾഫ് മാധ്യമം’-ഷി ക്യൂ എക്സലൻസ് പുരസ്കാരം രണ്ടാം പതിപ്പിന്റെ ഫൈനൽ റൗണ്ടിലേക്കുള്ള ഓൺലൈൻ വോട്ടെടുപ്പുകൾ ബുധനാഴ്ച അവസാനിച്ചതിനു പിന്നാലെ, ഇനി വിജയികൾ ആരെന്ന പ്രഖ്യാപനത്തിന് ആവേശത്തോടെയുള്ള കാത്തിരിപ്പ്.
വെള്ളിയാഴ്ച വൈകീട്ട് ആറു മണിക്ക് ദോഹ ഹോളിഡേ ഇൻ ഹോട്ടൽ അൽ മാസ ബാൾ റൂം വേദിയാകുന്ന പരിപാടിയിൽ പത്തു വിഭാഗങ്ങളിലെ വിജയികളെ പ്രഖ്യാപിക്കും. ഒമ്പത് വ്യക്തിഗത വിഭാഗങ്ങളും ഒരു വനിതാ കൂട്ടായ്മയും ഉൾപ്പെടെ പത്ത് കാറ്റഗറികളിലെ പുരസ്കാരജേതാക്കളെയാണ് പ്രഖ്യാപിക്കുന്നത്. മാസങ്ങൾക്കുമുമ്പ് ആരംഭിച്ച്, വിവിധ ഘട്ടങ്ങളിലൂടെ കടന്നുവന്ന നടപടിക്രമങ്ങൾക്കൊടുവിലാണ് വിജയികളുടെ പ്രഖ്യാപനത്തിലെത്തുന്നത്.
ഖത്തറിന്റെ വിവിധ മേഖലകളിലുള്ളവർ നടത്തിയ നാമനിർദേശങ്ങളിലൂടെയായിരുന്നു തുടക്കം. 10 കാറ്റഗറികളിലായി ലഭിച്ച ആയിരത്തോളം പേരുകളിൽനിന്നും പ്രതിഭയുടെയും നേട്ടങ്ങളുടെയും മാറ്റ് നോക്കി, വിദഗ്ധരായ ജഡ്ജിങ് പാനൽ വിലയിരുത്തിയശേഷം ഫൈനൽ റൗണ്ടിലേക്കുള്ള 30 പേരെ തെരഞ്ഞെടുത്തു.
ഓരോ കാറ്റഗറിയിലുമായി മൂന്നു പേർ വീതമായിരുന്നു ഫൈനൽ റൗണ്ടിൽ ഇടംപിടിച്ചത്. തുടർന്ന് ഓരോ വിഭാഗത്തിലേക്കും വോട്ട് രേഖപ്പെടുത്താനുള്ള വായനക്കാർ ഉൾപ്പെടെ ഖത്തറിലുള്ളവർക്കുള്ള അവസരമായിരുന്നു. രണ്ടാഴ്ചയോളം നീണ്ടുനിന്ന ഓൺലൈൻ വോട്ടെടുപ്പിൽ ആവേശകരമായ പങ്കാളിത്തമായിരുന്നു അനുഭവപ്പെട്ടത്.
സമൂഹമാധ്യമങ്ങൾ വഴി വീറും വാശിയും പ്രകടിപ്പിച്ച പ്രചാരണങ്ങളിലൂടെ ഓരോരുത്തരും വോട്ട് പിടിച്ചു. പ്രിയപ്പെട്ടവർക്കുവേണ്ടി സംഘടനകളും സുഹൃദ്വലയങ്ങളുമെല്ലാം സജീവമായതോടെ ഒരു തെരഞ്ഞെടുപ്പു പ്രചാരണകാലത്തിന്റെ ചൂടിലായിരുന്നു ഖത്തറിന്റെ പ്രവാസലോകം. വോട്ടുതേടലിന്റെ കാറും കോളും അടങ്ങി, ഇനി വിജയി ആരെന്നറിയാനുള്ള കാത്തിരിപ്പ്. വോട്ടിങ്ങിന്റെയും വിദഗ്ധ ജഡ്ജിങ് പാനലിന്റെ വിധിനിർണയത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും വിജയികളുടെ തെരഞ്ഞെടുപ്പ്.
ടിക്കറ്റുകൾ സ്വന്തമാക്കാം
ദോഹ: ഖത്തറിലെ പ്രവാസസമൂഹം ആവേശത്തോടെ കാത്തിരിക്കുന്ന താരരാവിന് സാക്ഷിയാകാൻ കൊതിക്കുന്നവർക്കായി ഏതാനും ടിക്കറ്റുകൾകൂടി വിൽപനയിൽ. ഹോളി ഡേ ഇൻ ഹോട്ടലിലെ അൽ മാസ ബാൾ റൂം വേദിയാകുന്ന പരിപാടി വൈകീട്ട് ആറു മണിക്കാണ് തുടങ്ങുന്നത്. ടിക്കറ്റുകൾ ‘ക്യൂ ടിക്കറ്റ്സ്’ വഴിയും, ഒപ്പം 7719 0070, 7057 0635 എന്നീ നമ്പറുകളിലും ലഭ്യമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.