പ്രവാസികളേ...തിരക്കിനിടയിൽ ആരോഗ്യത്തെ കുറിച്ച് ഒരു നിമിഷം
text_fieldsദോഹ: ഖത്തറിലെ പ്രവാസി മലയാളികളുടെ ആരോഗ്യവും ജീവിത ശൈലിയുമായി ബന്ധപ്പെട്ട് ഗൗരവ കണ്ടെത്തലുകളുമായി കെ.എം.സി.സിക്കു കീഴിലെ ആരോഗ്യപദ്ധതിയായ ‘സീക്’.
കോഴിക്കോട് ജില്ല കമ്മിറ്റിയുടെ ഹെൽത്ത് വിങ്ങിനു കീഴിലായി വൃക്കരോഗം നേരത്തേ കണ്ടെത്തുന്നതിനും ചികിത്സ ഉറപ്പാക്കുന്നതിനുമായി രൂപവത്കരിച്ച പദ്ധതിയാണ് ‘സീക്’ (സ്ക്രീനിങ് ആൻഡ് ഏർളി ഇവാല്വേഷൻ ഓഫ് കിഡ്നി ഡിസീസ്). 2023 സെപ്റ്റംബറിൽ തുടങ്ങി ഈ വർഷം നവംബർ വരെ 14 മാസം നീണ്ട നടപടി ക്രമങ്ങളിലൂടെ രോഗസാധ്യതയുള്ളവരെ നേരത്തേ കണ്ടെത്തുകയും ചികിത്സ ഉറപ്പാക്കുകയും ചെയ്തുകൊണ്ടാണ് ‘സീക്’ പ്രവാസി സമൂഹത്തിൽ പുതു മാതൃക സൃഷ്ടിച്ചത്.
റിയാദ മെഡിക്കൽ സെന്ററുമായി ചേർന്ന് നടത്തിയ കാമ്പയിനിൽ കോഴിക്കോട് ജില്ലയിൽനിന്നുള്ള 3060 ആളുകളുടെ ആരോഗ്യ സ്ഥിതി വിവരണക്കണക്കുകൾ ശേഖരിച്ച്, വിവിധ ഘട്ടങ്ങളിലൂടെ പരിശോധനയും നിരീക്ഷണവും നടത്തി രോഗസാധ്യതയുള്ള 330ഓളം പേരെ കണ്ടെത്തി. ഇവരിൽ, 72 പേരിൽ ചെറിയതോ കൂടിയതോ ആയ നിലയിൽ വൃക്കരോഗം തിരിച്ചറിഞ്ഞു.
രോഗം തിരിച്ചറിഞ്ഞവരെ ഖത്തറിലെ ആരോഗ്യ സംവിധാനങ്ങളിൽ തുടർചികിത്സ ഉറപ്പാക്കുകയും മൂന്ന് മാസത്തിൽ ഒരിക്കൽ എന്ന നിലയിൽ ഫോളോഅപ് നടത്താനുള്ള സൗകര്യവും ഒരുക്കിയാണ് ‘സീക്’ ആദ്യഘട്ടം പൂർത്തിയാക്കുന്നത്.
പ്രവാസി മലയാളികളിൽ വലിയൊരു വിഭാഗവും സ്വന്തം ആരോഗ്യത്തിൽ സൂക്ഷ്മത പാലിക്കുന്നവരല്ല എന്ന തിരിച്ചറിവിൽനിന്നാണ് ‘സീക്’ ഇത്തരമൊരു പദ്ധതിയുമായി രംഗത്തിറങ്ങിയതെന്ന് പ്രോജക്ട് ചീഫ് കോഓഡിനേറ്റർ നിസാർ ചെറുവത്തൂർ പറഞ്ഞു. ഒരുവർഷത്തിലേറെ നീണ്ട പരിശോധന കാമ്പയിന്റെ റിപ്പോർട്ട് കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ അവലോകനം ചെയ്തു.
ഹമദ് ആശുപത്രി നെഫ്രോളജിസ്റ്റും കെ.എം.സി.സി ഹെൽത്ത് വിങ് ചെയർമാനുമായ ഡോ. ഷഫീഖ് താപ്പി, കെ.എം.സി.സി പ്രസിഡന്റ് ഡോ. അബ്ദുസ്സമദ്, സീക് പദ്ധതി ഡയറക്ടർ ഡോ. നവാസ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.
3060ൽനിന്ന് 330 പേരിലേക്ക്
കെ.എം.സി.സി കോഴിക്കോട് ജില്ലക്ക് കീഴിലെ മുഴുവൻ അംഗങ്ങളെയും ഉൾപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മണ്ഡലം, പഞ്ചായത്ത് കോഓഡിനേറ്റർമാർ വഴിയാണ് പ്രാഥമിക സ്ക്രീനിങ് സാധ്യമാക്കിയത്. 14 ചോദ്യങ്ങൾ അടങ്ങിയ ചോദ്യാവലിയുടെ ലിങ്ക് വഴി 3060 പേരിൽനിന്ന് വിവര ശേഖരണം നടത്തി.
ഇവരിൽനിന്ന് ഹൈ റിസ്ക് സാധ്യത വിശകലനം ചെയ്താണ് രണ്ടാം ഘട്ടമായ പ്രാഥമിക പരിശോധനയിലേക്ക് നീങ്ങിയത്. ഹൈ റിസ്ക് വിഭാഗത്തിലെ 1120 പേരെ കണ്ടെത്തി. തുടർന്ന് ഡോക്ടർമാരും പാരാമെഡിക്കൽ സ്റ്റാഫും ചേർന്ന് നടത്തിയ മുഖാമുഖ കൺസൾട്ടേഷനിൽ 838 ഓളം പേർ പങ്കെടുത്തു.
ഇവരിൽ നിന്നായിരുന്നു അന്തിമ നടപടികളിലേക്ക് നീങ്ങിയത്. രക്തസമ്മർദവും പ്രമേഹവും വളരെ കൂടിയ എമർജൻസി കേസുകളും ഉടൻ ചികിത്സ ആവശ്യമുള്ളവരെയും തിരിച്ചറിഞ്ഞു. 372പേരെ വൃക്കരോഗ നിർണയത്തിനുള്ള ലാബ് ടെസ്റ്റിനും നിർദേശിച്ചു. ലാബ് റിപ്പോർട്ടിനുശേഷമാണ് തുടക്കക്കാരോ രോഗം ബാധിച്ചവരോ ആയ 72 പേരെ തിരിച്ചറിഞ്ഞത്.
അനിയന്ത്രിത രക്തസമ്മർദവും പ്രമേഹവുമുള്ളവർ 92ഉം, എമർജൻസി കേസ് എട്ടും, മറ്റ് കൂടുതൽ വൃക്കരോഗ സാധ്യതയുള്ളവർ 159ഉം രേഖപ്പെടുത്തി തുടർ ചികിത്സക്ക് നിർദേശിക്കുകയായിരുന്നു. ഹമദ് മെഡിക്കൽ കോർപറേഷൻ ഉൾപ്പെടെ ആശുപത്രികളിൽ തുടർ ചികിത്സക്കൊപ്പം, മൂന്ന് മാസത്തിലൊരിക്കൽ ഫോളോഅപ് ചെയ്യാൻ സീക് മണ്ഡലം, പഞ്ചായത്ത് കോഓഡിനേറ്റർമാരെയും ചുമതലപ്പെടുത്തി.
സാധാരണ പ്രവാസികളിൽ രോഗസാധ്യത...?
14 മാസത്തെ പഠനത്തിലൂടെ കണ്ടെത്തിയ നിരീക്ഷണങ്ങൾ ഞെട്ടിക്കുന്നതാണെന്ന് ‘സീക്’ പദ്ധതിക്ക് നേതൃത്വം നൽകിയവർ വിലയിരുത്തുന്നു. സ്വന്തം കുടുംബത്തിന്റെ സുരക്ഷക്കു വേണ്ടി പകലന്തിയോളം അധ്വാനിക്കുന്ന പ്രവാസികൾ സ്വന്തം ആരോഗ്യത്തെ മറക്കുന്നുവെന്നാണ് പ്രോജക്ടിന്റെ അന്തിമഫലം നൽകുന്ന സൂചന.
അനിയന്ത്രിത പ്രമേഹവും രക്തസമ്മർദവും വൃക്കരോഗത്തിലേക്ക് വഴിവെക്കുന്നു. അവധിക്ക് നാട്ടിൽ പോവുമ്പോൾ മാത്രം ചികിത്സ തേടുകയും മരുന്ന് നാട്ടിൽനിന്ന് കൊണ്ടുവന്ന് കഴിക്കുന്നതും തെറ്റായ ശീലമായി തുടരുന്നു. ഇവരിൽ തന്നെ ശരാശരി വരുമാനക്കാരായ വിഭാഗങ്ങളുടെ രോഗ സാധ്യതയിലേക്കും പഠനം വിരൽ ചൂണ്ടുന്നു.
മത്സ്യമാർക്കറ്റ്, കഫറ്റീരിയ, സൂപ്പർമാർക്കറ്റ്, വീട്ടു ഡ്രൈവർമാർ എന്നീ മേഖലയിൽ ജോലി ചെയ്യുന്നവരിലാണ് വൃക്കരോഗ സാധ്യത വർധിപ്പിക്കുന്നത്. ചികിത്സ തേടാനുള്ള മടിയും, ഇടവേളകളിലെ ആരോഗ്യ പരിശോധനയൊന്നുമില്ലാത്ത ഈ വിഭാഗം ഏറെയും നാട്ടിലെത്തി ചികിത്സ തേടുകയെന്ന രീതിയാണ് ആശ്രയിക്കുന്നത്.
നിർജലീകരണമാണ് (ഡീ ഹൈഡ്രേഷൻ) മറ്റൊരു രോഗകാരണം. ആവശ്യത്തിന് വെള്ളം കുടിക്കാത്തത് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾ രോഗത്തിന് വഴിവെക്കുന്നു. രോഗസാധ്യതയെ കുറിച്ചുള്ള അറിവില്ലായ്മയും ഒരു കാരണമാണ്.
‘സീക്’ തുടരണം
ഖത്തറിലെ പ്രമുഖ പ്രവാസി സംഘടന എന്ന നിലയിൽ കെ.എം.സി.സിക്കു കീഴിലെ ഒരു ജില്ല ഘടകത്തിനു കീഴിൽ പകുതിയോളം പ്രവർത്തകരിൽ മാത്രം നടത്തിയ പഠനത്തിന്റെ ഫലമാണ് ഈ ഞെട്ടിക്കുന്ന കണ്ടെത്തലുകൾ.
അവലോകന യോഗത്തിനു പിറകെ, ‘സീക്’ പദ്ധതി കൂടുതൽ ഗൗരവത്തിലെടുക്കാനും മറ്റു ജില്ലകളിലേക്ക് വ്യാപിപ്പിക്കാനും കെ.എം.സി.സി ഹെൽത്ത് വിങ് തീരുമാനിച്ചിട്ടുണ്ട്. ഇതോടൊപ്പം ഖത്തറിലെ മറ്റു മലയാളി കൂട്ടായ്മകളും സമാനമായ ആരോഗ്യ പരിചരണ കാമ്പയിനുകളുമായി രംഗത്തിറങ്ങേണ്ടതിനെറ ആവശ്യകതയാണ് ഇത് ബോധ്യപ്പെടുത്തുന്നത്.
'വൃക്ക രോഗസാധ്യതയുള്ളവരിൽ രോഗനിർണയം നടത്തുക (ഹൈ റിസ്ക് സ്ക്രീനിങ്) എന്നതാണ് ഏറ്റവും ഫലപ്രദവും പ്രായോഗികവുമായ വൃക്ക രോഗ പ്രതിരോധ മാർഗം എന്ന ആശയത്തിൽ ഊന്നിയാണ് ‘സീക്’ പദ്ധതി നടപ്പാക്കിയത്.
വൃക്ക രോഗസാധ്യത 3000ത്തിലേറെ ആളുകളിൽനിന്ന് ചോദ്യാവലിയൂടെ സഹായത്തോടെ ഒരു പ്രാഥമിക സ്ക്രീനിങ് നടത്തി, അതിൽനിന്നും രക്ത- മൂത്ര ടെസ്റ്റും, നേരിട്ടുള്ള ശാരീരിക പരിശോധനയിലൂടെയും രോഗനിർണയം നടത്തിയപ്പോൾ കോഴിക്കോട് ജില്ലയിലെ മലയാളികൾക്കിടയിൽ 22 ശതമാനം പേർ വിവിധ വൃക്ക രോഗമുള്ളവരായി കണ്ടെത്തി. അതിൽ ഭൂരിഭാഗവും ജീവിതശൈലീ രോഗങ്ങളുമായി മല്ലിടുന്നവരാണ്. ഖത്തറിലെ വിവിധ മലയാളി സമൂഹ കൂട്ടായ്മകൾ ഇത്തരം പദ്ധതികൾ ഏറ്റെടുത്തു, നമ്മുടെ പ്രവാസികളോടുള്ള സാമൂഹിക ഉത്തരവാദിത്തം ക്രിയാത്മകമായി നിർവഹിക്കേണ്ടതാണ്’-ഡോ. ഷഫീഖ് താപ്പി (നെഫ്രോളജിസ്റ്റ്, ഹമദ് മെഡിക്കൽ കോർപറേഷൻ, ചെയർമാൻ, കെ.എം.സി.സി ഹെൽത് വിങ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.