അൽ ഗറാഫ മേഖലയിൽ പുതിയ സൈക്കിൾ പാത തുറന്നു
text_fieldsദോഹ: അൽ ഗറാഫ മേഖലയിൽ സബാഹ് അൽ അഹ്മദ് ഇടനാഴിയോടു ചേർന്ന് പുതിയ അൽ ഹാതിം സ്ട്രീറ്റിൽ പൊതുമരാമത്ത് അതോറിറ്റി അശ്ഗാൽ സൈക്കിൾ പാത തുറന്നുകൊടുത്തു. പ്രദേശവാസികൾക്ക് ശാരീരിക വ്യായാമങ്ങൾക്കും പ്രവർത്തനങ്ങൾക്കും കൂടുതൽ സൗകര്യമൊരുക്കുകയെന്ന അശ്ഗാലിെൻറ ശ്രമങ്ങളുടെ ഭാഗമായാണ് 5.4 കിലോമീറ്റർ നീളമുള്ള പുതിയ സൈക്കിൾ പാത തുറന്നുകൊടുത്തിരിക്കുന്നത്.
രാജ്യത്തുടനീളം സൈക്കിൾ പാതകൾ നിർമിക്കുന്നതിെൻറ ഭാഗമായി ബ്യൂട്ടിഫിക്കേഷൻ ഓഫ് റോഡ്സ് ആൻഡ് പബ്ലിക് പ്ലേസസ് സൂപ്പർവൈസറി കമ്മിറ്റിയും സാംസ്കാരിക, കായിക മന്ത്രാലയത്തിന് കീഴിലെ ഖത്തർ സൈക്ലിസ്റ്റ്സ് സെൻററും തമ്മിൽ നേരത്തേ ധാരണപത്രം ഒപ്പുവെച്ചിരുന്നു.
അൽ ഗറാഫയിൽ സൈക്കിൾ പാതയോടൊപ്പം ചേർന്ന് 5.8 കിലോമീറ്റർ നീളത്തിൽ നടപ്പാതയും നിർമിച്ചിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി 1500 മരങ്ങളും 160 കുറ്റിച്ചെടികളും അശ്ഗാൽ നട്ടിട്ടുണ്ട്. കൂടാതെ 336 ലൈറ്റിങ് പോളുകളും 22 സൈക്കിൾ പാർക്കുകളും സ്ഥാപിച്ചിട്ടുണ്ട്.
ദോഹ എക്സ്പ്രസ് വേയുമായി ചേർന്ന് 40 കിലോമീറ്റർ ദൈർഘ്യമുള്ള സൈക്കിൾ പാത നിർമിച്ചതായി അശ്ഗാൽ അറിയിച്ചിരുന്നു. കൂടാതെ 2390 ലൈറ്റിങ് പോൾ, 17 സൈക്കിൾ പാർക്ക്, 1930 മരങ്ങൾ, 24 ടണലുകൾ, 17 തണലോട് കൂടിയ ഇരിപ്പിടങ്ങൾ എന്നിവയും അശ്ഗാൽ പണികഴിപ്പിച്ചിട്ടുണ്ട്.
രാജ്യത്ത് സൈക്ലിങ്ങിന് പ്രിയം കൂടിവരുകയാണ്. കോവിഡിെൻറ പശ്ചാത്തലത്തിൽ പൊതുഗതാഗത സൗകര്യങ്ങൾ നിലച്ച ഘട്ടത്തിൽ കൂടുതൽ ആളുകൾ സൈക്ലിങ് ഹോബിയാക്കുകയും ചെയ്തിരുന്നു. ഇത്തരക്കാർക്കായി അശ്ഗാൽ അത്യാധുനിക സൗകര്യങ്ങളോടെയുള്ള സൈക്കിൾ പാതകൾ തയാറാക്കുകയാണ്. കൂട്ടിയോജിപ്പുകളില്ലാത്ത ലോകത്തെ ഏറ്റവും വലിയ സൈക്കിൾ പാത നിർമിച്ച് അശ്ഗാൽ ഈയടുത്ത് ഗിന്നസ് റെക്കോഡ് ബുക്കിൽ ഇടംപിടിച്ചിരുന്നു. 32.869 കിലോമീറ്ററാണ് ഈ സൈക്കിൾ പാതയുടെ നീളം.
സൈക്കിൾ പാതക്ക് പുറമെ ജോയൻറുകളില്ലാതെ ഏറ്റവും നീളം കൂടിയ റോഡ് ടാറിങ്ങിനാണ് മറ്റൊരു ഗിന്നസ് റെക്കോഡിന് അശ്ഗാൽ അർഹരായിരിക്കുന്നത്. 25.275 കിലോമീറ്റർ നീളത്തിലാണ് തുടർച്ചയായി റോഡ് ടാർ ചെയ്ത് അശ്ഗാൽ റെക്കോഡ് സ്ഥാപിച്ചത്. അൽഖോർ റോഡ് പദ്ധതിയുടെ ഭാഗമായാണ് രണ്ട് ഗിന്നസ് റെക്കോഡുകളും അശ്ഗാൽ കരസ്ഥമാക്കിയിരിക്കുന്നത്.
27 ദിവസമെടുത്ത് ഇതിൽ 10 ദിവസം തുടർച്ചയായാണ് 65 കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് നിർമിച്ചത്. ഇതിലാണ് ജോയൻറുകളില്ലാതെ 28 കിലോമീറ്ററിലധികം ദൈർഘ്യമുള്ള റോഡ് ടാറിങ് ഉൾപ്പെടുന്നത്.
സുരക്ഷിതമായ സൈക്കിൾ പാതയൊരുക്കുന്നതിെൻറ ഭാഗമായാണ് ദൈർഘ്യമുള്ള ഒളിമ്പിക് സൈക്കിൾ ട്രാക്ക് നിർമിച്ച് അശ്ഗാൽ റെക്കോഡിട്ടത്. 33 കിലോമീറ്റർ നീളത്തിൽ ഏഴു മീറ്റർ വീതിയിലാണ് സൈക്കിൾ പാത നിർമിച്ചിരിക്കുന്നത്. രാജ്യാന്തര സൈക്ലിങ് ചാമ്പ്യൻഷിപ്പുകൾക്ക് വേദിയാകാൻ ട്രാക്കുകൾക്ക് സാധിക്കുമെന്ന് അശ്ഗാൽ വ്യക്തമാക്കി. മണിക്കൂറിൽ 50 കിലോമീറ്റർ വേഗത്തിൽ ഇവിടെ സൈക്കിൾ ഓടിക്കാൻ കഴിയും. 29 ടണലുകളും അഞ്ചു പാലങ്ങളുമടങ്ങിയതാണ് ഒളിമ്പിക് സൈക്കിൾ ട്രാക്ക്. ഖത്തർ യൂനിവേഴ്സിറ്റി, ലുസൈൽ സ്റ്റേഷൻ, ലുസൈൽ ഇൻറർനാഷനൽ സർക്യൂട്ട്, സിമൈസിമ ഇൻറർചെയ്ഞ്ച്, അൽ ബയ്ത് സ്റ്റേഡിയം എന്നിവിടങ്ങളിലായി ട്രാക്കിനൊപ്പം അഞ്ചു കാർ പാർക്കിങ് ഏരിയയും അശ്ഗാൽ സ്ഥാപിച്ചിട്ടുണ്ട്. ഈ വർഷത്തെ ദേശീയ കായിക ദിനത്തോടനുബന്ധിച്ചാണ് സൈക്കിൾ ട്രാക്ക് നാടിന് സമർപ്പിച്ച് തുറന്നുകൊടുത്തത്.
2022 ആകുമ്പോഴേക്ക് രാജ്യത്തുടനീളം 2650 കിലോമീറ്റർ നീളത്തിൽ നടപ്പാതയും സൈക്കിൾ പാതയും നിർമിക്കാനുള്ള തയാറെടുപ്പിലാണ് അശ്ഗാൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.