‘പുതിയ ദിനമെത്തും...’; ഗസ്സയിലെ കുരുന്നുകളുടെ പഠനത്തിനായി ഇ.എ.എ
text_fieldsദോഹ: പ്രിയപ്പെട്ടതെല്ലാം നഷ്ടമായി, ഭാവിയെന്തന്നറിയാതെ നരകയാതന അനുഭവിക്കുന്ന ഗസ്സയിലെ കുരുന്നുകൾക്ക് പുതു ജീവിതസ്വപ്നങ്ങൾ പകരാൻ ഖത്തർ ഫൗണ്ടേഷൻ പിന്തുണയുള്ള എജുക്കേഷൻ എബൗ ഓൾ (ഇ.എ.എ) ഫൗണ്ടേഷനും ലാപിസ് ഗ്രൂപ്പും കൈകോർക്കുന്നു. സ്കൂളുകളും വിദ്യാഭ്യാസ കേന്ദ്രങ്ങളും പാർപ്പിടങ്ങളുമെല്ലാം തകർന്നടിഞ്ഞ് നാളെയെ കുറിച്ചുള്ള പ്രതീക്ഷകളെല്ലാം പൊലിഞ്ഞ കുട്ടികളുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കായി റേഡിയോ സംരംഭത്തിന് തുടക്കം കുറിക്കുകയാണ് ഇ.എ.എയും ലാപിസും.
യൗം ജദീദ് (പുതിയ ദിനം) എന്നപേരിലാണ് യുദ്ധം തകർത്ത ഫലസ്തീൻ ബാല്യങ്ങൾക്ക് മാനസിക പിന്തുണയും, വിദ്യാഭ്യാസവും ഉറപ്പാക്കാൻ വിവിധ പരിപാടികളുമായി റേഡിയോ ബ്രോഡ്കാസ്റ്റിങ് സംവിധാനം ആരംഭിക്കുന്നത്.
വിദ്യാഭ്യാസത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ മുഴുവൻ തരിപ്പണമായ നാട്ടിൽ സാധ്യമായ വഴികളിലൂടെ പുതുജീവിതവും കെട്ടിപ്പടുക്കാൻ പിന്തുണ നൽകുകയാണ് ഈ ദൗത്യത്തിലൂടെ ലക്ഷ്യമിടുന്നത്.
വെസ്റ്റ്ബാങ്ക്, ഗസ്സ, ജറൂസലം മേഖലകളിൽ വിദ്യാർഥികളിലേക്ക് ഓരോ എപ്പിസോഡുകളായി എത്തിക്കാൻ കഴിയും വിധം അടുത്ത ഏഴു മാസത്തോളം നീളുന്നതാണ് പഠനപദ്ധതി. ഏഴു മാസത്തിനുള്ളിൽ ‘യൗം ജദീദ്’ 90 എപ്പിസോഡുകൾ നിർമിച്ച് സംപ്രേക്ഷണം ചെയ്യും. ഏഴ് മുതൽ 11 വയസ്സുവരെയുള്ള കുട്ടികൾക്കും അവരുടെ രക്ഷിതാക്കളും സംരക്ഷകരും ഉൾപ്പെടെയുള്ളവരെ ലക്ഷ്യമിട്ടാണ് പ്രോഗ്രാം ആസൂത്രണം ചെയ്യുന്നത്. വിനോദം, വിജ്ഞാനം, നാടകത്തിലൂന്നിയുള്ള കഥപറച്ചിൽ തുടങ്ങിയവയാവും ഉള്ളടക്കം. ഭാഷാപഠനം, ആരോഗ്യം, കൗൺസലിങ് എന്നിവയാവും പ്രധാന വിഷങ്ങൾ.
അറബി ഭാഷയിലുള്ള എഫ്.എം റേഡിയോ ആയി മേഖലയിലെ മുഴുവൻ വിദ്യാർഥികൾക്കും വിദ്യാഭ്യാസ പ്രവർത്തകർക്കും ഈ ഉള്ളടക്കം ലഭ്യമാക്കും. ഫ്രീക്വൻസി സ്റ്റേഷൻ സംപ്രേക്ഷണത്തിനു പുറമെ ഓൺലൈൻ, മൊബൈൽ, സാമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളിൽ ലഭ്യമാവുന്ന വിഡിയോ-ഓഡിയോ ഉള്ളടക്കങ്ങളായും ‘യൗം ജദീദ്’ എത്തിക്കും.
കുട്ടികൾക്കും, രക്ഷിതാക്കൾക്കും വിദ്യാഭ്യാസ പ്രവർത്തകർക്കും ആവശ്യമായ വിധത്തിൽ പദ്ധതിയുടെ ഉള്ളടക്കം കൂടുതൽ വിപുലീകരിക്കുകയും ചെയ്യും. പദ്ധതി എങ്ങനെ സ്വാധീനം ചെലുത്തുന്നു, ആവശ്യമായ മാറ്റങ്ങൾ എന്നിവക്കായി കമ്യൂണിറ്റി ഫീഡ്ബാക്ക് ഉൾപ്പെടെ മാർഗങ്ങളും സ്വീകരിക്കും.
അർഹരായ വിഭാഗങ്ങൾക്ക് തടസ്സങ്ങളൊന്നുമില്ലാതെ വിദ്യാഭ്യാസം ഉറപ്പാക്കുകയാണ് ലാപ്പിസുമായി ചേർന്നുള്ള പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് എജുക്കേഷൻ എബൗ ഓൾ ഫൗണ്ടേഷൻ സി.ഇ.ഒ ഫഹദ് അൽ സുലൈതി പറഞ്ഞു. 60 രാജ്യങ്ങളിലായി 19 ദശലക്ഷം ഗുണഭോക്താക്കളിലേക്ക് വിവിധ മാർഗങ്ങളിലൂടെ ഫൗണ്ടേഷൻ പ്രവർത്തനങ്ങൾ എത്തിക്കുന്നു.
ഒരു സമൂഹത്തിന്റെ വളർച്ചയുടെയും ഉന്നമനത്തിന്റെയും പ്രധാനഘടകം വിദ്യാഭ്യാസമാണ് എന്ന നിലയിലാണ് ഫൗണ്ടേഷൻ സാധ്യമായ മാർഗങ്ങൾ സ്വീകരിക്കുന്നത് -അദ്ദേഹം വിശദീകരിച്ചു. എല്ലാ കുട്ടികളും ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസത്തിനും സാമൂഹികവും വൈകാരികവുമായ പിന്തുണയും അർഹിക്കുന്നവരാണെന്ന് ലാപിസ് ഗ്രൂപ് സി.ഇ.ഒ അലക്സ് ദിയർ പറഞ്ഞു.
‘ദുരിതങ്ങളുടെയും നഷ്ടങ്ങളുടെയും കാലത്തും ഫലസ്തീനികൾക്ക് വിദ്യാഭ്യാസം നേടുന്നതിനുവേണ്ടിയാണ് യൗം ജദീദ് രൂപകൽപന ചെയ്തിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഒരു വർഷം പിന്നിട്ട ഗസ്സയിലെ ഇസ്രായേൽ ആക്രമണങ്ങളിൽ 42,700ൽ ഏറെ പേരാണ് ഇതിനകം കൊല്ലപ്പെട്ടത്. ഇവരിൽ 11,000ത്തിലേറെ പേർ കുട്ടികളാണ്. ഇതിനകം ഗസ്സയിലെ 196 വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇസ്രായേൽ തകർത്തുവെന്നാണ് റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.