ജീവിതഗന്ധിയായ കഥകൾ പറഞ്ഞ് റേഡിയോ നാടകം
text_fieldsദോഹ: കാലിക പ്രസക്തമായ കഥകളിലൂടെ ചിരിച്ചും ചിന്തിപ്പിച്ചും തലമുറകളെ അതിശയിപ്പിച്ച പഴയകാല റേഡിയോ നാടകങ്ങളുടെ അനുഭവങ്ങളിലേക്ക് പ്രവാസി പ്രേക്ഷകരെ തിരികെയെത്തിച്ച് ഖത്തറിലെ പ്രധാന എഫ്.എം സ്റ്റേഷനായ റേഡിയോ സുനോയുടെ ‘ഫസ്റ്റ് ബെൽ’ റേഡിയോ നാടകമേള.
നാലു വർഷത്തെ ഇടവേളക്കുശേഷം, വീണ്ടും ശബ്ദങ്ങളിലൂടെ അഭിനേതാക്കൾ അരങ്ങിലെത്തിയപ്പോൾ കാമ്പുള്ള കഥകളും, തീവ്രമായ സന്ദേശങ്ങളുമായി പ്രവാസി കലാകാരന്മാർ മികച്ചു നിന്നു. ആഗസ്റ്റ് 25 മുതൽ 28 വരെ നീണ്ട റേഡിയോ നാടകമേളയിൽ ‘അഭിനയ സംസ്കൃതി’ അവതരിപ്പിച്ച ‘മൺവിളക്കുകൾ’ മികച്ച നാടകമായി തിരഞ്ഞെടുത്തു.
‘മ്യാവു’ എന്ന നാടകത്തിലെ അവതരണത്തിന് കൃഷ്ണകുമാർ മികച്ച നടനായി. ‘ജസ്ന’ എന്ന നാടകത്തിൽ ജസ്നയുടെ ശബ്ദമായി മാറിയ ചിത്ര രാജേഷ് മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു.
കുവാഖ് അവതരിപ്പിച്ച സുരേന്ദ്രനും ഞാനുമാണ് മികച്ച രണ്ടാമത്തെ നാടകം. സ്പെഷൽ ജൂറി പരാമർശത്തിന് ദുബൈ അഗ്നി തിയറ്റേഴ്സ് അവതരിപ്പിച്ച ‘ഒരമ്മയുടെ കഥ’ അർഹരായി. ദേവദാസിയുടെ പ്രജിത്ത് രാമകൃഷ്ണനാണ് ഏറ്റവും മികച്ച സംവിധായകൻ.
വിവിധ ഗൾഫ് രാജ്യങ്ങളിലെ നാടക കലാകാരന്മാർ ഏറെ ആവേശത്തോടെ മാറ്റുരച്ച മത്സരത്തിന്റെ മൂന്നാം സീസണിൽ പത്തോളം എൻട്രികളാണ് ലഭിച്ചത്. ഇവയിൽനിന്നും മികച്ച ഏഴ് നാടകങ്ങൾ ഫൈനൽ റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. വൈവിധ്യമാർന്ന ജീവിതങ്ങളും വെല്ലുവിളികളും ഹൃദ്യമായ കഥകളിലൂടെയും അവതരണത്തിലൂടെയും കേൾവിക്കാരനിലെത്തിക്കാൻ ഓരോ രചനക്കുമായി.
ബഹ്റൈൻ, യു.എ.ഇ രാജ്യങ്ങളിൽനിന്ന് നാടക സ്ക്രിപ്റ്റുകളും മത്സരത്തിനായി ലഭിച്ചിരുന്നു. ഖത്തറിൽ നിന്നുള്ള വിവിധ നാടകങ്ങൾക്കു പുറമെ, ദുബൈയിൽനിന്നും അഗ്നി തിയറ്റേഴ്സിന്റെ ശിവജി ഗുരുവായൂർ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത നാടകവും ഫൈനൽ റൗണ്ടിൽ മാറ്റുരച്ചു.
മലയോര ഗ്രാമത്തിൽനിന്നും കുട്ടനാട്ടിലേക്ക് കുടിയേറിയ കുടുംബവും, അവരുടെ പിന്മുറക്കാരുടെ വിദേശ കുടിയേറ്റവും, സ്നേഹബന്ധവും പറഞ്ഞുകൊണ്ടായിരുന്നു ‘മൺവിളക്കുകൾ’ ഒന്നാം സ്ഥാനം നേടിയത്.
നാട്ടിൽനിന്നെത്തിയ നടനും നാടക പ്രവർത്തകനുമായ കെ.വി. മഞ്ജുളൻ മത്സരങ്ങളുടെ വിധികർത്താവായി. ഫൈനൽ റൗണ്ടിൽ മാറ്റുരച്ച നാടകങ്ങൾ മികച്ച നിലവാരം പുലർത്തിയതായും അദ്ദേഹം അഭിപ്രായപ്പെട്ടു. വ്യഴാഴ്ച നടന്ന ചടങ്ങിൽ വിജയികൾക്കുള്ള പുരസ്കാര വിതരണവും നടന്നു.
മറ്റ് അവാർഡുകൾ: ഏറ്റവും മികച്ച നാടക രചന- കെ.പി. സുധാകരൻ ( സുരേന്ദ്രനും ഞാനും), മികച്ച രണ്ടാമത്തെ രചന: ബിജു പി. മംഗലം ( നാടകം - മൺവിളക്കുകൾ), മികച്ച രണ്ടാമത്തെ സംവിധായകൻ - നിതിൻ എസ്.ജി. ( നാടകം - മൺവിളക്കുകൾ). മികച്ച രണ്ടാമത്തെ നടൻ: ശ്രീനാഥ് ശങ്കരൻകുട്ടി (വിക്ടർ ലീനസ് ബാക്കി വെച്ച ജീവിതങ്ങൾ), സുധീർ ഇ.എം (മൺവിളക്കുകൾ). മികച്ച രണ്ടാമത്തെ നടി: ആരതി പ്രജിത്ത് (ദേവദാസി). ശബ്ദമിശ്രണം: പ്രജിത്ത് രാമകൃഷ്ണൻ (നാടകം - ദേവദാസി ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.