സുരക്ഷിത ഈദ് ആഘോഷം; ആരോഗ്യ അടിയന്തര സാഹചര്യങ്ങളില്ല
text_fieldsദോഹ: അപകടങ്ങളും അടിയന്തര മെഡിക്കൽ സഹായങ്ങളുമൊന്നും ആവശ്യമില്ലാതെ പെരുന്നാളിന്റെ ആദ്യ രണ്ട് ദിനങ്ങൾ കടന്നുപോയതിന്റെ ആശ്വാസത്തിലാണ് ആരോഗ്യ പ്രവർത്തകർ. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഏറെ സുരക്ഷിതമായിരുന്നു പെരുന്നാൾ അവധിയുടെ ആഘോഷ പരിപാടികളെന്ന് അധികൃതർ അറിയിച്ചു. പെരുന്നാളിന്റെ രണ്ടുദിനങ്ങളിൽ എച്ച്.എം.സി ആംബുലൻസ് സർവൈലൻസ് ഉപയോഗിച്ച് 580 രോഗികളെയാണ് ആശുപത്രികളിലെത്തിച്ചത്. ഇവരിൽ 470 പേരെ ഹമദ് ജനറൽ ആശുപത്രി മെയിൻ എമർജൻസി വിഭാഗത്തിൽ പരിശോധനക്ക് വിധേയരാക്കി. അതേസമയം, ഗുരുതരമായ ഒരു കേസും രണ്ടുദിവസത്തിൽ കൈകാര്യം ചെയ്യേണ്ടിവന്നില്ലെന്ന് എച്ച്.എം.സി അറിയിച്ചു. മുൻ വർഷങ്ങളെ അപേക്ഷിച്ച് പ്രതീക്ഷിച്ചതിലും കേസുകൾ കുറവായിരുന്നെന്നും വ്യക്തമാക്കി. റോഡ് അപകടങ്ങൾ, പനി, ഉദരസംബന്ധമായ പ്രശ്നങ്ങൾ, ശ്വാസകോശ അണുബാധ, ഹൃദയാഘാതം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾക്കാണ് കാര്യമായ ചികിത്സ തേടിയത്.
പെരുന്നാൾ ദിനങ്ങളിൽ ആശുപത്രിയിലെ അടിയന്തര മെഡിക്കൽ സേവന സംവിധാനങ്ങൾ പതിവുപോലെ പ്രവർത്തനസജ്ജമായിരുന്നു.
പെരുന്നാളിന്റെ രണ്ടാംദിനത്തിൽ രാവിലെ അഞ്ചിനും വൈകീട്ട് അഞ്ചിനും ഇടയിൽ ആംബുലൻസ് സർവിസ് വഴി 270 പേരെ ആശുപത്രികളിലെത്തിച്ചു. ആറ് കേസുകൾ റോഡ് അപകടങ്ങളെ തുടർന്നായിരുന്നു. മൂന്നെണ്ണം എയർ ആംബുലൻസ് ഉപയോഗിച്ച് മാറ്റുകയും ചെയ്തതായി ആംബുലൻസ് സർവിസ് അസി. എക്സി. ഡയറക്ടർ അലി ദർവിഷ് പറഞ്ഞു. 'ഇതുവരെ എല്ലാ പ്രവർത്തനങ്ങളും സുഗമമായി തന്നെ നടന്നു. ഈദ് അവധിക്കാലത്ത് കാര്യമായ സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. റോഡുകളിൽ ട്രാഫിക്കും കുറഞ്ഞിരുന്നു. നാമമാത്ര അപകടങ്ങൾ മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത് -അദ്ദേഹം വിശദീകരിച്ചു.
മുൻകാലങ്ങളിൽ ഈദ് അവധി ആഘോഷവുമായി ബന്ധപ്പെട്ടുണ്ടാവുന്ന അപകടങ്ങളുടെയും ആരോഗ്യ അടിയന്തര സാഹചര്യങ്ങളുടെയും കണക്കുകൾ പരിഗണിച്ച് 169 ആംബുലൻസുകൾ, ക്രിട്ടിക്കൽ കെയർ പാരാമെഡിക് സർവിസുകളോടെ അഞ്ച് വാഹനങ്ങൾ, ഗോൾഫ് കാർഡ്, മോട്ടോർ സൈക്കിൾ എന്നിവ സജ്ജീകരിച്ചാണ് രാജ്യവ്യാപക ആരോഗ്യ സംവിധാനങ്ങൾ തയാറാക്കിയത്. മൂന്ന് എയർ ആംബുലൻസ് സംവിധാനങ്ങളും അടിയന്തര ഘട്ടത്തിലെ സേവനങ്ങളായി തയാറായിരുന്നു.
ഈദിന്റെ രണ്ടാംദിനത്തിൽ എമർജൻസി വിഭാഗം 250 കേസുകൾ കൈകാര്യം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.