കരുത്തയായ അറബ് വനിത; ശൈഖ മയാസ ഒന്നാമത്
text_fieldsശൈഖ അൽ മയാസ ബിൻത് ഹമദ് ആൽ ഥാനി
ദോഹ: അറബ് ലോകത്തെ കരുത്തരായ 20 വനിതകളിൽ ഒന്നാമതായി ഖത്തർ മ്യൂസിയംസ് ചെയർപേഴ്സൻ ശൈഖ മയാസ ബിൻത് ഹമദ് ആൽ ഥാനി. ഫോബ്സ് മിഡിൽ ഈസ്റ്റ് കഴിഞ്ഞ ദിവസം പുറത്തുവിട്ട അറബ് ഗവൺമെന്റ് മേഖലയിലെ കരുത്തരായ 20 വനിതകളുടെ പട്ടികയിലാണ് ഖത്തറിന് അഭിമാനമായ ശൈഖ മയാസയുടെ ഇടം.
സർക്കാർ സംവിധാനങ്ങളുടെയും സ്ഥാപനങ്ങളുടെയും നേതൃത്വം വഹിക്കുന്നവരും നയരൂപവത്കരണത്തിൽ സ്വാധീനം ചെലുത്തുന്നവരുമായ മന്ത്രിമാരോ പാർലമെന്റ് പദവികൾ വഹിക്കാത്തവരോ ആയ വനിതകളുടെ പട്ടികയാണ് ഫോബ്സ് പുറത്തുവിട്ടത്. നയതന്ത്രം, സാംസ്കാരികം, സാങ്കേതികം, മാധ്യമ മേഖല, പരിസ്ഥിതി തുടങ്ങിയ ഇടങ്ങൾ പ്രവർത്തനമേഖലകളാക്കി ശക്തമായ മാറ്റങ്ങൾക്ക് നേതൃത്വം നൽകുന്നവരാണ് ഈ വനിതകൾ.
ഖത്തർ മ്യൂസിയംസ് ചെയർപേഴ്സൻ, ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്, റീച്ച് ഔട് ടു ഏഷ്യ, ഖത്തർ ലീഡർഷിപ് സെന്റർ തുടങ്ങിയ സ്ഥാപനങ്ങളുടെ നേതൃപരമായ പദവികളിലൂടെ ഖത്തറിന്റെ സാംസ്കാരിക മേഖലയെ ലോകത്തിനു മുന്നിൽ ശ്രദ്ധേയമാക്കിമാറ്റാൻ ശൈഖ മയാസയുടെ നേതൃത്വം വഴിയൊരുക്കി. സാംസ്കാരിക, വിദ്യാഭ്യാസ, നേതൃത്വ, ജീവകാരുണ്യ മേഖലകളിൽ ഇവരുടെ നേതൃപാടവം ശക്തമായ സ്വാധീനം ചെലുത്തിയതായി ഫോബ്സ് വിലയിരുത്തി. ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലൂടെ മേഖലയിലെ സ്വതന്ത്ര ചലച്ചിത്ര പ്രവർത്തകർക്ക് പിന്തുണ ഉറപ്പാക്കുകയും, 11 എഡിഷൻ പിന്നിട്ട അജ് യാൽ ചലച്ചിത്രമേളയുടെ സംഘാടകയുമായി.
മ്യൂസിയങ്ങളുടെ നേതൃപരമായ പങ്ക് രാജ്യത്തിന്റെയും മേഖലയുടെയും സാംസ്കാരിക, പൈതൃക സൂക്ഷിപ്പിൽ നിർണായകമായി. ഫോബ്സ് പട്ടികയിലെ ഏക ഖത്തരി വനിതയും ശൈഖ അൽ മയാസയാണ്. 11 യു.എ.ഇ വനിതകളും നാല് സൗദി, മൂന്ന് ഈജിപ്ഷ്യൻ പങ്കാളിത്തവുമാണുള്ളത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.