ഒരു കഠിനാധ്വാനിയുടെ വിജയഗാഥ; ‘എ ടെയിൽ ഓഫ് ടു ജേണീസ്’
text_fieldsദോഹ: 1980ൽ ഭാഗ്യപരീക്ഷകനായി ഖത്തറിലേക്ക് വിമാനം കയറി, പ്രവാസമണ്ണിൽ ബിസിനസ് സാമ്രാജ്യങ്ങൾ പടുത്തുയർത്തി, സാമൂഹിക പ്രവർത്തന മേഖലകളിലും ശ്രദ്ധേയ സാന്നിധ്യമായി മാറിയ നോർക്ക റൂട്ട്സ് ഡയറക്ടറും ജംബോ ഇലക്ട്രോണിക്സ് ഡയറക്ടറും സി.ഇ.ഒയുമായ സി.വി. റപ്പായിയുടെ ജീവിതകഥ ‘എ ടെയിൽ ഓഫ് ടു ജേർണീസ്’ വായനാ ലോകത്തിനായി സമർപ്പിച്ചു.
വെള്ളിയാഴ്ച രാത്രി ദോഹയിലെ ഹോളിഡേ ഇൻ ഹോട്ടലിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ അംബാസഡർ വിപുൽ ആത്മകഥ പ്രകാശനം ചെയ്തു.തൃശൂരിലെ സാധാരണ കുടുംബത്തിൽനിന്നും ഖത്തറിലെത്തി കഠിനാധ്വാനത്തിലൂടെ കൊയ്തെടുത്ത നേട്ടങ്ങളും, പടുത്തുയർത്തിയ വിജയങ്ങളും ജീവിത പരീക്ഷണങ്ങളുമെല്ലാം ഒന്നൊന്നായി കുറിച്ചിടുന്നതാണ് കതാറ പബ്ലിഷിങ് ഹൗസ് പ്രസിദ്ധീകരിച്ച ‘‘എ ടെയിൽ ഓഫ് ടു ജേണീസ്’.
പ്രവാസത്തിന്റെ ചരിത്രം രേഖപ്പെടുത്താൻ ആദ്യകാല പ്രവാസികൾ രചിക്കുന്ന ഇത്തരം പുസ്തകങ്ങൾ സഹായകരമാകുമെന്ന് പ്രകാശനം നിർവഹിച്ച് അംബാസഡർ വിപുൽ പറഞ്ഞു. പ്രവാസ ലോകവുമായി ഇന്ത്യക്കാർ എങ്ങനെ ഇടപഴകി എന്നും അവർക്ക് തദ്ദേശീയ സമൂഹങ്ങളിൽനിന്ന് കിട്ടിയ പിന്തുണയും പ്രോത്സാഹനവും മനസ്സിലാക്കാനും ഇത്തരം രചനകൾ സഹായകമാണ്. ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന്റെ വ്യാപാര വാണിജ്യ സാംസ്കാരിക വിദ്യാഭ്യാസ വളർച്ചകൾ മനസ്സിലാക്കാൻ ഈ പുസ്തകം സഹായകരമാകും -അംബാസഡർ പറഞ്ഞു.
ജംബോ ഇലക്ട്രോണിക്സിന്റെ വൈസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ സജീദ് ജാസിം സുലൈമാൻ, ബിർള പബ്ലിക് സ്കൂൾ സ്ഥാപക ചെയർമാൻ ഡോ. മോഹൻ തോമസ്, അൽ ജസീറ ഇംഗ്ലീഷ് പ്രോഗ്രാം എഡിറ്റർ ജോസഫ് ജോൺ, പുസ്തകം എഡിറ്റ് ചെയ്ത മാധ്യമപ്രവർത്തകൻ ഹുസൈൻ അഹമ്മദ് എന്നിവർ ചടങ്ങിൽ സംസാരിച്ചു. ചടങ്ങിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ, ജോൺ ബ്രിട്ടാസ് എം.പി, ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി, കെ. ഇളങ്കോവൻ ഐ.എ.എസ് എന്നിവർ വിഡിയോ വഴി ആശംസ അറിയിച്ചു.
ന്യൂസ് ട്രയൽ’ മാനേജിങ് എഡിറ്റർ ഹുസൈൻ അഹമ്മദാണ് പുസ്തകം എഡിറ്റ് ചെയ്തിരിക്കുന്നത്. ഗൾഫ് ടൈംസ് മുൻ ഡെപ്യൂട്ടി മാനേജിങ് എഡിറ്റർ സി.പി. രവീന്ദ്രൻ അവതാരിക എഴുതി. കതാറ പബ്ലിഷിങ് ഹൗസ് പ്രസിദ്ധീകരിക്കുന്ന ഒരു ഏഷ്യൻ പ്രവാസിയുടെ ആദ്യത്തെ സമഗ്ര ആത്മകഥയെന്ന പ്രത്യേകതയും ‘എ ടെയിൽ ഓഫ് ടു ജേണീസിനുണ്ട്’. സാധാരണ പ്രവാസിയായി ഖത്തറിലെത്തി അക്കൗണ്ടന്റായി ജീവിതം ആരംഭിച്ച റപ്പായി ഇന്ന് ഖത്തറിലെ ഏറ്റവും വലിയ ഇലക്ട്രോണിക് ഉപകരണങ്ങളുടെ വിതരണ സ്ഥാപനമായ ജംബോ ഇലക്ട്രോണിക്സിന്റെ ഡയറക്ടറും സി.ഇ.ഒയുമാണ്.
ബിർള പബ്ലിക് സ്കൂൾ ഡയറക്ടർ, നോർക്ക റൂട്ട്സ് ഡയറക്ടർ, ഇൻകെൽ ഡയറക്ടർ, ലോക കേരളസഭാംഗം തുടങ്ങിയ പദവികളും വഹിക്കുന്നുണ്ട്. ഖത്തറിലെ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ രംഗത്തും സജീവമായ വ്യക്തിത്വമെന്ന നിലയിലെ അടയാളപ്പെടുത്തൽ കൂടിയാണ് ആത്മകഥ.ഭാര്യ ഷെർളി റപ്പായി, മക്കളായ ചിന്തു, ഡോ. ശിഖ, സ്മൃത, മരുമക്കൾ, ഖത്തറിലെ വിവിധ കമ്യൂണിറ്റി നേതാക്കൾ, സാമൂഹ്യ സാംസ്കാരിക വ്യക്തികൾ എന്നിവരും പ്രകാശന ചടങ്ങിന് സാക്ഷിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.