നന്മയുടെ അതുല്യ മാതൃക
text_fieldsദോഹ: അസാധ്യമായതൊന്നുമില്ലെന്ന് ഒരിക്കൽ കൂടി തെളിയിച്ച ഖത്തറിലെ പ്രവാസി മലയാളികളുടെ ഒത്തുചേരലിനായിരുന്നു ബുധനാഴ്ച രാത്രി ഐ.സി.ബി.എഫ് കാഞ്ചാണി ഹാൾ സാക്ഷിയായത്. വലിയ ഹാളിൽ നിറഞ്ഞ സ്ത്രീകളും പുരുഷന്മാരും, ഖത്തറിലെ നാലര ലക്ഷത്തോളം വരുന്ന മലയാളികളുടെയും പ്രതിനിധികളായിരുന്നു. മൽഖ റൂഹിയെന്ന പിഞ്ചുകുഞ്ഞിനെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാനുള്ള ധനസമാഹരണ യത്നത്തിന് നേതൃത്വം നൽകിയവർ.
ബിസിനസ്-വ്യവസായ സ്ഥാപനങ്ങളുടെ പ്രതിനിധികൾ, വിവിധ സംഘടന നേതാക്കൾ, അപെക്സ് സംഘടന ഭാരവാഹികൾ, കമ്യൂണിറ്റി നേതാക്കൾ, സമൂഹ മാധ്യമങ്ങളിലെ വ്യക്തിത്വങ്ങൾ, മാധ്യമ പ്രവർത്തകർ... അങ്ങനെ എല്ലാവരും ചേർന്നൊരു ധന്യമായ സദസ്സ്.
എസ്.എം.എ രോഗത്തിനെതിരെ കുത്തിവെപ്പിനുള്ള മരുന്നിന് 1.16 കോടി റിയാൽ (26 കോടി രൂപ) വേണ്ടിവരുമെന്നറിഞ്ഞപ്പോൾ പതറാതെയായിരുന്നു ഖത്തറിലെ പ്രവാസി മലയാളി സമൂഹം ഖത്തർ ചാരിറ്റിയുടെ പിന്തുണയോടെ മൽഖയെയും മാതാപിതാക്കളായ റിസാലിനെയും നിഹാലയെയും ചേർത്തുപിടിച്ചത്.
കഴിഞ്ഞ ഏപ്രിലിൽ തുടങ്ങിയ ഫണ്ട് ശേഖരണം അഞ്ചു മാസം കൊണ്ട് 74.56 ലക്ഷത്തിലെത്തിയതിനു പിന്നാലെയാണ് ചൊവ്വാഴ്ചയോടെ അവസാനിപ്പിച്ചത്.
ഖത്തർ ചാരിറ്റി ഏറ്റെടുത്ത് നടത്തിയ ധനശേഖരണം പ്രവാസി മലയാളികളുടെ നേതൃത്വത്തിൽ ഏറ്റവും വലിയ കമ്യൂണിറ്റി ഡ്രൈവായി മാറി. സ്വദേശികളും, വിവിധ രാജ്യക്കാരായ പ്രവാസികളുമെല്ലാം പിന്തുണയുമായെത്തിയതോടെയാണ് ധനശേഖരണം ലക്ഷ്യത്തിലെത്തിയത്.
പ്രവാസി സമൂഹം പങ്കുചേർന്ന ജനകീയ ധനശേഖരണം വിജയം കണ്ടതിന്റെ സന്തോഷവും നന്ദിയും പങ്കുവെക്കാനായിരുന്നു ബുധനാഴ്ച രാത്രി ഐ.സി.ബി.എഫ് ഹാളിൽ എല്ലാവരും ഒത്തുചേർന്നത്. ദൗത്യത്തിന് നേതൃത്വം നൽകിയ ഐ.സി.ബി.എഫ് സെക്രട്ടറി മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു.
ചെറുതും വലുതുമായ തുകയുമായി എല്ലാവരും ഒന്നിച്ച മഹത്തായ ധനസമാഹരണത്തിനായിരുന്നു കഴിഞ്ഞ മാസങ്ങളിൽ ഖത്തർ സാക്ഷിയായതെന്ന് അദ്ദേഹം പറഞ്ഞു. ആഘോഷങ്ങൾ മാറ്റിവെച്ചും, വരുമാനത്തിൽ ഒരുവിഹിതം നൽകിയും, സമ്പാദ്യം നീക്കിവെച്ചും എല്ലാവരും പങ്കുചേർന്ന ദൗത്യത്തിന് നന്ദി അറിയിക്കുന്നതായും പറഞ്ഞു.
ധനശേഖരണ പ്രവർത്തനത്തിന്റെ നാൾവഴികൾ ഷഫീഖ് അലി വിശദീകരിച്ചു. ചടങ്ങിൽ സംസാരിച്ച മൽഖയുടെ പിതാവ് റിസാൽ അബ്ദുൽ റഷീദ് എല്ലാവർക്കും നന്ദി അറിയിച്ചു. ഖത്തറിലെ ചെറുതും വലുതുമായി 50ഓളം സംഘടനകളാണ് ധനസമാഹരണത്തിൽ പങ്കുചേർന്നത്.
ബിരിയാണി ചലഞ്ചുകൾ, കലാ സാംസ്കാരിക പരിപാടികൾ, കായിക മത്സരങ്ങൾ, സംഗീത പരിപാടികൾ, സമ്മേളനങ്ങൾ, ഷോപ്പിങ് ഫെസ്റ്റിവലുകൾ അങ്ങനെ സാധ്യമായ മാർഗങ്ങളെല്ലാം ഉപയോഗപ്പെടുത്തി ഓരോ കൂട്ടായ്മകളും ധനസമാഹരണത്തിൽ തങ്ങളാൽ കഴിയുന്ന പങ്കു നൽകി.
18,000ത്തോളം പേരാണ് ഖത്തർ ചാരിറ്റിയിലേക്ക് പണം നൽകിയത്. എന്നാൽ, ഓരോ സംഘടനകളും സ്ഥാപനങ്ങളുമായി കണക്കാക്കിയാണ് ഈ എണ്ണം. പ്രവാസികളും സ്വദേശികളുമായി ലക്ഷത്തിനു മുകളിൽ ആളുകൾ മൽഖ റൂഹി ദൗത്യത്തിൽ പങ്കുചേർന്നു.
ശമ്പളത്തിൽ നിന്നൊരു തുക മാറ്റിവെച്ചും, സി.എസ്.ആർ ഫണ്ട് നീക്കിവെച്ചും വിവിധ വ്യാപാര സ്ഥാപനങ്ങളും പങ്കാളികളായി. ഖത്തറിലെ ഏറ്റവും വലിയ പ്രവാസി കൂട്ടായ്മയായ കെ.എം.സി.സി ആറര ലക്ഷം റിയാൽ വിഹിതം നൽകിയപ്പോൾ, പ്രവാസി വെൽഫെയർ, യൂത്ത് ഫോറം, ഇൻകാസ്, സംസ്കൃതി, ഇസ്ലാഹി സെന്ററുകൾ തുടങ്ങിയവയും വിവിധ മാർഗങ്ങളിലൂടെ ധനശേഖരണത്തിന് മുന്നിൽനിന്നു.
ഇന്ത്യൻ എംബസിയും തങ്ങളുടെ വിഹിതം സംഭാവന ചെയ്തിരുന്നു. സംഗമത്തിൽ ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ , ഐ.സി.സി സെക്രട്ടറി എബ്രഹാം ജോസഫ്, ബോബൻ (ഐ.സി.ബി.എഫ് ജനറൽ സെക്രട്ടറി), കെ.എം.എം.സി പ്രസിഡന്റ് ഡോ. അബ്ദുസ്സമദ്, മലബാർ ഗോൾഡ് ഖത്തർ റീജനൽ ഹെഡ് സന്തോഷ്, പ്രവാസി വെൽഫെയർ പ്രസിഡന്റ് ആർ. ചന്ദ്രമോഹൻ , എം.ഇ.എസ് സ്കൂൾ പ്രിൻസിപ്പൽ ഹമീദ ഖാദർ.
ഓമനക്കുട്ടൻ (സംസ്കൃതി), താജുദ്ദീൻ (ഇൻകാസ്), നൗഫൽ ( ഖത്തർ സ്പർശം), പ്രിന്റോ അലക്സാണ്ടർ (മാർത്തോമ സഭ), ബിൻഷാദ് (യൂത്ത് ഫോറം), ഷാക്കിറ (നടുമുറ്റം), മുസ്തഫ, സാദിഖ് അലി, മുസ്തഫ എലത്തൂർ, നൂർജഹാൻ ഫൈസൽ തുടങ്ങിയവരും ഖത്തർ മലയാളീസ്, ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ, മുസാവ, തൃശൂർ ജില്ല സൗഹൃദവേദി, പീപ്ൾസ് കൾചറൽ ഫോറം തുടങ്ങിയ സംഘടന ഭാരവാഹികളും പരിപാടിയിൽ സംസാരിച്ചു . ആരിഫ് അഹ്മദ് നന്ദി പറഞ്ഞു.
‘നന്മയുടെ കഥകൾ ഒരുനാൾ മകളോടും പറയും’
‘ഭാവിയിൽ എന്റെ മകളോട് ഈ കഥ ഞാൻ പറഞ്ഞു കൊടുക്കും. മോളുടെ ഉപ്പ ജീവിതകാലം മുഴുവൻ അധ്വാനിച്ചാലും എത്തിപ്പിടിക്കാനാവാത്തൊരു തുക, മോളെ ഒരു പരിചയവുമില്ലാത്ത, പലനാട്ടുകാരായ ഒരുപാട് നല്ല മനുഷ്യരുടെ കൂട്ടായ പരിശ്രമത്തിലൂടെ നേടിയെടുക്കാൻ കഴിഞ്ഞ കഥ. ഒരിക്കലും ഈ തുക കണ്ടെത്താൻ കഴിയുമെന്ന് ഞങ്ങൾ കരുതിയിരുന്നില്ല. എന്നാൽ, ഈ ആവശ്യവുമായി
ഖത്തറിലെ സാമൂഹിക, സാംസ്കാരിക, ബിസിനസ് മേഖലകളിലെ നിരവധി പേരെയും കൂട്ടായ്മകളെയും ബന്ധപ്പെട്ടപ്പോൾ അവരാരും നിരാശപ്പെടുത്തിയില്ല. എല്ലാവും നിറഞ്ഞ പിന്തുണ തന്നെ നൽകി.
എല്ലാവരോടും വാക്കുകൾക്കതീതമായ നന്ദി. ഇനിയും തുടർന്നും പ്രാർഥനകളുണ്ടാവണം’ -റിസാൽ അബ്ദുൽ റഷീദ് (മൽഖയുടെ പിതാവ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.