അധിനിവേശവും മനുഷ്യാവകാശവും ഒരുമിച്ച് പോകില്ല -ഖത്തർ
text_fieldsദോഹ: അധിനിവേശവും മനുഷ്യാവകാശവും ഒരുമിച്ച് മുന്നോട്ട് പോകില്ലെന്നും ഫലസ്തീൻ അധിനിവേശം അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹം സമ്മർദം ചെലുത്തണമെന്നും ഖത്തർ. ഫലസ്തീനിലേക്ക് പ്രത്യേകിച്ച് ഗസ്സയിലേക്ക് മാനുഷിക സഹായം പ്രവേശിപ്പിക്കണമെന്നും ഉപരോധം പിൻവലിക്കണമെന്നും ഫലസ്തീൻ ജനതക്ക് നിഷേധിച്ചുകൊണ്ടിരിക്കുന്ന എല്ലാ അവകാശങ്ങളും തിരികെ ലഭിക്കുമെന്ന് ഉറപ്പാക്കണമെന്നും യു.എന്നിലെ ഖത്തറിന്റെ സ്ഥിരം പ്രതിനിധി ഡോ. ഹിന്ദ് അബ്ദുറഹ്മാൻ അൽ മുഫ്താഹ് പറഞ്ഞു. അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളെക്കുറിച്ച് ഇൻഡിപെൻഡന്റ് ഇന്റർനാഷനൽ കമീഷനുമായുള്ള ചർച്ചകൾക്കിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഫലസ്തീനികളുടെ സ്വയം നിർണയാവകാശം മാനിക്കണം.
1967 ജൂൺ നാലിലെ അതിർത്തി പ്രകാരം സമ്പൂർണ പരമാധികാരമുള്ള ഫലസ്തീൻ രാഷ്ട്രം പുനഃസ്ഥാപിക്കണം. കൊലപാതകം, പട്ടിണിക്കിടൽ, ഉപരോധം, അടിസ്ഥാന സൗകര്യങ്ങളും ആശുപത്രികളും സ്കൂളുകളും നശിപ്പിക്കൽ, വെള്ളം, വൈദ്യുതി, ഇന്ധനം എന്നിവ തടസ്സപ്പെടുത്തൽ തുടങ്ങിയവയാണ് ഇസ്രായേൽ സൈന്യം ഫലസ്തീൻ ജനതക്കെതിരെ പ്രയോഗിച്ച് കൊണ്ടിരിക്കുന്നത്. ഫലസ്തീനികൾക്കെതിരായ പ്രതികാര നടപടികളും കൂട്ടായ ശിക്ഷകളും തുടരാനും ഗസ്സ മുനമ്പിനെ നശിപ്പിക്കാനുമാണ് ഇസ്രായേലിന്റെ ശ്രമം. സമാധാനത്തിലും മനുഷ്യാവകാശത്തിലും വിശ്വസിക്കുന്ന അന്താരാഷ്ട്ര സമൂഹം ഫലസ്തീൻ ജനതയുടെ അവകാശങ്ങൾ ഉറപ്പുവരുത്താനായി മുന്നോട്ടുവരണമെന്ന് ഡോ. ഹിന്ദ് അൽ മുഫ്താഹ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.