ഖത്തറിൽ വെള്ളക്കെട്ട് നീക്കാൻ 1500ഓളം ജീവനക്കാർ
text_fieldsദോഹ: കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളക്കെട്ട് നീക്കാൻ 1,470 ജീവനക്കാരെ വിന്യസിക്കുകയും 988 പമ്പുകളും മറ്റ് ഉപകരണങ്ങളും സജ്ജമാക്കുകയും ചെയ്ത് മുനിസിപ്പാലിറ്റി മന്ത്രാലയത്തിന് കീഴിലുള്ള ജോയന്റ് റെയിൻഫാൾ എമർജൻസി കമ്മിറ്റി. മഴവെള്ളവുമായി ബന്ധപ്പെട്ട് 2,931 അപേക്ഷകളാണ് മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെയും പൊതുമരാമത്ത് അതോറിറ്റിയിലെയും (അഷ്ഗൽ) ഏകീകൃത കോൾ സെന്ററിൽ ലഭിച്ചത്.
ഇവ അടിയന്തരമായി പരിഹരിക്കുന്നതിനായി ബന്ധപ്പെട്ട അധികാരികൾക്ക് ഉടനടി കൈമാറിയിരുന്നു. ഞായറാഴ്ചയോടെ ഭൂരിഭാഗം സ്ഥലങ്ങളിലേയും വെള്ളക്കെട്ടുകൾ നീക്കുകയും ചെയ്തിട്ടുണ്ട്. മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ട് നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് മുനിസിപ്പാലിറ്റികളിലെ പ്രത്യേക ഏജൻസികൾ, മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ പൊതു ശുചിത്വ വകുപ്പ്, പൊതുമരാമത്ത് അതോറിറ്റി, ആഭ്യന്തര മന്ത്രാലയത്തിലെ സുരക്ഷ ഏജൻസികൾ എന്നിവരടങ്ങുന്ന സമിതി തീവ്രശ്രമം നടത്തിയിരുന്നു. ലഭിച്ചവയിൽ 2,099 അപേക്ഷകളോട് ഉടനടിയാണ് അധികൃതർ പ്രതികരിച്ചത്.
ശേഷിക്കുന്ന അപേക്ഷകളിൽ എത്രയും വേഗം പരിഹാരം ഉണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു. മുനിസിപ്പാലിറ്റികളും പൊതുമരാമത്ത് അതോറിറ്റിയുമായി ബന്ധപ്പെട്ട ഏജൻസികളുടെ സജീവമായ ഇടപെടൽ വഴിയാണ് ഇതുസംബന്ധിച്ച ജോലികൾ ഊർജിതമാക്കിയത്. ഖത്തറിൽ വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ കനത്ത മഴയുണ്ടാകുമെന്നായിരുന്നു കാലാവസ്ഥ നിരീക്ഷണവകുപ്പിന്റെ മുന്നറിയിപ്പ്. വെള്ളിയാഴ്ച പുലർച്ചെ മുതൽ ശനിയാഴ്ച രാവിലെ വരെ മഴ ശക്തമാവുകയും ചെയ്തു. ഏറ്റവും കൂടുതൽ മഴ പെയ്തത് 37.1 മില്ലീമീറ്ററും കുറഞ്ഞ മഴ 15.0 മില്ലീമീറ്ററുമാണ്.
മഴയെത്തുടർന്ന് ടണലുകളിലെയും തെരുവുകളിലുമൊക്കെയുണ്ടായ പൊടിയും കല്ലും അടങ്ങുന്ന മാലിന്യങ്ങൾ മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ പൊതു ശുചീകരണ വിഭാഗം തൊഴിലാളികൾ തൂത്തുവാരിയും കഴുകിയുമൊക്കെ വൃത്തിയാക്കി.
വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെയായി കാറ്റിൽ കടപുഴകിയ മരങ്ങളുടെ അവശിഷ്ടങ്ങൾ 64 ടണ്ണോളമുണ്ടായിരുന്നു. ആറ് ലോഡുകളിലായാണ് ഇവ നീക്കം ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.