നന്ദി ആരാധകരേ...
text_fieldsദോഹ: പച്ചപ്പുൽ മൈതാനിയെ വലയംചെയ്ത ഗാലറിയിലിരുന്ന്, മറൂൺ പതാകയും ഷാളും വീശി അവർ ഒരു രാജ്യത്തിന്റെ പ്രതീക്ഷയും പ്രാർഥനയും അർപ്പിച്ചു. 5000ത്തോളം കാണികളുടെ ആവേശഭരിതമായ ആശംസകൾക്ക് നടുവിൽ നിന്നും അഭിവാദ്യമർപ്പിച്ചും പരിശീലനം നടത്തിയും പ്രദർശന മത്സരം കളിച്ചും ഹസൻ ഹൈദോസിന്റെയും അക്രം അഫിഫിയുടെയും നേതൃത്വത്തിലുള്ള സ്വപ്ന സംഘം കാണികൾക്ക് മനോഹരമായൊരു സായാഹ്നം ഒരുക്കി. കാണികളെ ഹസ്തദാനം ചെയ്തും ഓട്ടോഗ്രാഫ് നൽകിയും സെൽഫിക്കൊപ്പം പോസ് ചെയ്തും അവരിലൊരാളായ ദിനം. ഞായറാഴ്ച രാത്രി അൽ സദ്ദ് സ്റ്റേഡിയത്തിലെ ഓപൺ പരിശീലന സെഷനായിരുന്നു വേദി. വൈകീട്ട് നാലിന് സ്റ്റേഡിയം കവാടങ്ങൾ തുറന്നു നൽകിയപ്പോൾ തന്നെ നൂറുകണക്കിന് കാണികൾ അൽ സദ്ദ് സ്റ്റേഡിയത്തിലേക്ക് ഒഴുകിത്തുടങ്ങിയിരുന്നു.
നാലു മാസത്തോളം നീണ്ട വിദേശ പരിശീലനവും സൗഹൃദ മത്സരങ്ങളും കഴിഞ്ഞായിരുന്നു ഖത്തർ ടീം നാട്ടിൽ മടങ്ങിയെത്തിയത്. ബുധനാഴ്ച വീണ്ടും വിദേശ പരിശീലനത്തിനായി പുറപ്പെടാനിരിക്കെയാണ് ഖത്തർ ഫുട്ബാൾ അസോസിയേഷന്റെ പ്രചാരണ പരിപാടികളുടെ ഭാഗമായി ദേശീയ ടീം കാണികൾക്ക് മുന്നിലെത്തിയത്.
ആറോടെ ഗ്രൗണ്ടിലെത്തിയ താരങ്ങൾ കാണികളെ അഭിവാദ്യം ചെയ്തുകൊണ്ടാണ് മൈതാനത്തേക്ക് നീങ്ങിയത്. ഭാഗ്യവാന്മാരായ ചിലർക്ക് ഇഷ്ടതാരങ്ങൾക്കൊപ്പം സെൽഫി പകർത്താനുമായി. ആരവങ്ങളുമായി നിറഞ്ഞ ഗാലറി താരങ്ങൾക്കും ആവേശമായി.
'കാണികളിൽ നിന്നുള്ള പിന്തുണ ഞങ്ങൾക്കും അഭിമാനകരമാണ്. ലോകകപ്പ് വേളയിൽ അവർ ഇതേ പിന്തുണയുമായി ഒപ്പം നിൽക്കുമെന്നാണ് പ്രതീക്ഷ. തീർച്ചയായും മികച്ച പ്രകടനത്തിലൂടെ അവർക്ക് ഉത്തരം നൽകാൻ കഴിയും. അരങ്ങേറ്റ ലോകകപ്പിൽ ഖത്തറിന് മികച്ച പ്രകടനം നടത്താനാവും' -ക്യാപ്റ്റൻ ഹസൻ ഹൈദോസ് മാധ്യമങ്ങളോട് പറഞ്ഞു.
വിദേശത്തെ പരിശീലനങ്ങൾ ഏറെ ഫലപ്രദമായതായും, ടീം അംഗങ്ങൾക്ക് കൂടുതൽ ആത്മവിശ്വാസം നൽകിയതായും ഖത്തറിന്റെ മധ്യനിര താരം താരിഖ് സൽമാൻ പറഞ്ഞു.
ജൂൺ മുതൽ ദൈർഘ്യമേറിയ പരിശീലന കാലമായിരുന്നു. കൂടുതൽ സന്നാഹ മത്സരങ്ങൾ കളിക്കാൻ കഴിഞ്ഞതും, ടീം എന്ന നിലയിൽ ഒന്നിച്ചു നിന്ന് കരുത്തരായ ടീമുകൾക്കെതിരെ മത്സരിക്കാനായതും ഗുണകരമായി. ഞങ്ങളുടെ പരിശീലനം കാണാനായി ഇവിടെയെത്തിയ എല്ലാ ആരാധകർക്കും ഒരുപാട് നന്ദി -താരിഖ് സൽമാൻ പറഞ്ഞു.
ഒരു ലോകകപ്പ് മത്സരത്തിന്റെ അന്തരീക്ഷമായിരുന്നു ഓപൺ ട്രെയ്നിങ് സെഷൻ നൽകിയതെന്നായിരുന്നു മധ്യനിര താരം അസിം മാഡിബോയുടെ പ്രതികരണം.
ബുധനാഴ്ച വരെ ദോഹയിൽ പരിശീലിക്കുന്ന ടീം അംഗങ്ങൾ, തുടർന്ന് സ്പെയിനിലേക്ക് പറക്കും. ലോകകപ്പ് വരെ പരിശീലനവും സന്നാഹ മത്സരങ്ങളുമായി സ്പെയിനിൽ തന്നെയാവും സംഘം. ലോകകപ്പ് കിക്കോഫിന് ഏതാനും ദിവസം മുമ്പായിരിക്കും തിരിച്ചെത്തുക. തങ്ങളുടെ 27 അംഗ ടീമിനെ കോച്ച് ഫെലിക്സ് സാഞ്ചസ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. നവംബർ 20ന് അൽ ബെയ്ത് സ്റ്റേഡിയത്തിൽ എക്വഡോറിനെതിരായ ഉദ്ഘാടന മത്സരത്തിലാണ് ഖത്തർ ലോകകപ്പിലെ തങ്ങളുടെ അരങ്ങേറ്റം കുറിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.