ആരാധക പാതയായി അബൂ സംറ
text_fieldsദോഹ: ഏഷ്യൻ കപ്പ് ഫുട്ബാൾ മേള സെമി ഫൈനലിലെത്തിയപ്പോൾ ആരാധകരുടെ യാത്രയിൽ പ്രധാന കേന്ദ്രമായി ഖത്തറും സൗദിയും അതിർത്തി പങ്കിടുന്ന അബു സംറ. ജനുവരി 12ന് ആരംഭിച്ച ടൂർണമെന്റിനായി സൗദി അറേബ്യ, യു.എ.ഇ, ഒമാൻ തുടങ്ങിയ അയൽ രാജ്യങ്ങളിൽനിന്നുള്ള ഫുട്ബാൾ പ്രേമികൾ ഖത്തറിലെത്താൻ സ്ഥിരമായി ഉപയോഗിക്കുന്നത് അബൂ സംറ അതർത്തിയാണ്.
ടൂർണമെന്റിന്റെ തുടക്കം മുതൽ അതിർത്തി വഴിയുള്ള സന്ദർശകരുടെ ഗണ്യമായ പ്രവാഹത്തിനാണ് അബൂ സംറ സാക്ഷ്യം വഹിച്ചത്. ആറു ലക്ഷത്തിലധികം ആളുകളും, രണ്ട് ലക്ഷത്തോളം വാഹനങ്ങളും കര അതിർത്തി കടന്നു പോയതായി അധികൃതർ അറിയിച്ചു.
അതിർത്തിയിൽ ഇമിഗ്രേഷൻ കൗണ്ടറുകളുടെ എണ്ണം 166 ആക്കിയത് ടൂർണമെന്റിൽ പങ്കെടുക്കാനെത്തുന്ന ആരാധകരുടെയും മറ്റു ഔദ്യോഗിക പ്രതിനിധികളുടെയും എക്സിറ്റ്, എൻട്രി നടപടിക്രമങ്ങൾ വേഗത്തിലാക്കിയിട്ടുണ്ട്.
പൗരന്മാർക്കും താമസക്കാർക്കും മെട്രാഷ് വഴിയും മറ്റുള്ളവർക്ക് ഹയ്യ പ്ലാറ്റ്ഫോം വഴിയും ലഭ്യമാക്കിയ പ്രീ രജിസ്ട്രേഷൻ സേവനം ഉൾപ്പെടെയുള്ള നവീകരണങ്ങൾ യാത്രക്കാരുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കാനുള്ള സമയം വലിയ തോതിൽ കുറക്കുന്നതിനും സഹായിച്ചു.
അതേസമയം, ടൂർണമെന്റ് ആരംഭിച്ചത് മുതൽ കഴിഞ്ഞ ചൊവ്വാഴ്ച വരെ ദോഹ മെട്രോ, ലുസൈൽ ട്രാം വഴി ഏകദേശം 4.11 ദശലക്ഷം പേർ സഞ്ചരിച്ചതായി അധികൃതർ അറിയിച്ചു. മുശൈരിബ്, എജുക്കേഷൻ സിറ്റി ട്രാം വഴി ഏകദേശം രണ്ട് ലക്ഷത്തോളം പേരും സഞ്ചരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.