ആരാധകരെ സ്വീകരിക്കാനൊരുങ്ങി അബു സംറ
text_fieldsദോഹ: ലോകകപ്പിനായി കര അതിർത്തി കടന്നെത്തുന്ന കാണികളെ കാത്തിരിക്കുന്നത് സർവസജ്ജീകരണങ്ങളോടെയുള്ള അബു സംറ അതിർത്തി. കൂടുതൽ വിപുലീകരണത്തോടെ ഒരുങ്ങിയ അതിർത്തി വഴി മണിക്കൂറിൽ 4000 യാത്രക്കാർക്കുവരെ നടപടികൾ പൂർത്തിയാക്കി അനായാസം കടന്നുവരാൻ കഴിയുമെന്ന് അധികൃതർ അറിയിച്ചു.
ചെക്ക് പോസ്റ്റിൽ 5000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ പുതിയ എൻട്രി-എക്സിറ്റ് കവാടങ്ങൾ ഒരുക്കിയതായി ജനറൽ കസ്റ്റംസ് അതോറിറ്റിക്കുകീഴിലെ കര വിഭാഗം അസി. ഡയറക്ടർ യൂസുഫ് അഹമ്മദ് അൽ ഹമ്മാദി പറഞ്ഞു. അബു സംറയിലെ ഒരുക്കങ്ങൾ വിശദീകരിച്ചുകൊണ്ട് റയ്യാൻ ടി.വിക്കു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വിശദീകരിച്ചത്.
'ലോകകപ്പ് വേളയില കര അതിർത്തിവഴി കാണികളുടെ വലിയ ഒഴുക്കുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഏറ്റവും അത്യാധുനിക പരിശോധന സംവിധാനങ്ങളോടെ യാത്രക്കാരുടെ നടപടികൾ എളുപ്പത്തിൽ പൂർത്തിയാക്കാൻ അബു സംറ ചെക്ക്പോസ്റ്റ് സജ്ജമായി കഴിഞ്ഞു.
പാസ്പോർട്ട് ഓഫിസ്, പരിശോധന, കസ്റ്റംസ് നടപടി എന്നിവ ഉൾപ്പെടുന്ന 22 കൗണ്ടറുകളാണ് ഓരോ ഭാഗത്തുമായി തയാറാക്കിയത്' -യൂസുഫ് അഹമ്മദ് അൽ ഹമ്മാദി പറഞ്ഞു.മണിക്കൂറിൽ 2000 പേർ എന്ന നിലയിലാണ് ചെക്ക്പോസ്റ്റ് നിലവിൽ കൈകാര്യം ചെയ്യുന്നത്.
തിരക്ക് കൂടുന്ന സാഹചര്യത്തിൽ മുഴുവൻ ശേഷിയോടെ പ്രവർത്തനം തുടരുമ്പോൾ മണിക്കൂറിൽ 4000പേരെ വരെ കൈകാര്യം ചെയ്യാൻ കഴിയും. കളികാണാൻ എത്തുന്നവരും നാട്ടിലേക്ക് മടങ്ങുന്നവരുമായ യാത്രക്കാരുടെ നടപടികൾ എളുപ്പമാക്കുന്നതിനായി എൻട്രി, എക്സിറ്റ് ഓൺലി എന്നിങ്ങനെയാവും അതിർത്തിയിലെ സംവിധാനങ്ങൾ ക്രമീകരിക്കുന്നത്.
ജി.സി.സി രാജ്യങ്ങളിൽ വലിയ പങ്ക് ആരാധകരെയാണ് ലോകകപ്പിനായി പ്രതീക്ഷിക്കുന്നത്. ഷട്ടിൽ വിമാന സർവിസിന് പുറമെ, സൗദി, യു.എ.ഇ രാജ്യങ്ങളിൽനിന്ന് അതിർത്തി കടന്നും കൂടുതൽപേർ എത്തും. വാഹനങ്ങൾ അതിർത്തിയിൽ പാർക്ക് ചെയ്ത ശേഷം, ഖത്തർ ഒരുക്കുന്ന വാഹന സംവിധാനങ്ങളിലായിരിക്കും ലോകകപ്പ് വേളയിൽ വിദേശികളുടെ യാത്ര.
ഇതിനായി വിശാലമായ പാർക്കിങ് ഏരിയയും യാത്രക്കാർക്കുള്ള ലോഞ്ചുമാണ് ഒരുക്കിയിരിക്കുന്നത്.ഇവയുടെ നിർമാണങ്ങൾ ഏതാണ്ട് പൂർത്തിയായതായി പൊതുമരാമത്ത് വിഭാഗമായ അശ്ഗാൽ നേരത്തെ അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.