മരുഭൂമിയിലെ ഡ്രൈവിങ്ങിനിടെ അപകടം: കണ്ണീർ ഓർമയായി അബ്‌നാസ്
text_fieldsദോഹ: കാലാവസ്ഥ തണുക്കുമ്പോൾ, അറബികൾക്കെന്ന പോലെ ഖത്തറിലെ പ്രവാസി സമൂഹത്തിനും ഹരമാണ് മരുഭൂമിയിലെ യാത്രയും ക്യാമ്പിങ്ങുമെല്ലാം. മാർച്ച് മാസം വരെ നീളുന്ന വിന്‍റർ ക്യാമ്പിങ് സീസണിന്‍റെ ത്രില്ലും വിനോദവുമെല്ലാം അപൂർവമായ അനുഭവവുമാണ്.
എന്നാൽ, ഏറെ സാഹസികമായ ഡെസേർട്ട് സഫാരിയുടെ കണ്ണീരിൽ കുതിർന്ന ഓർമയായി മാറി വെള്ളിയാഴ്ച രാവിലെ ഉംസഈദിൽ അപകടത്തിൽ മരിച്ച കണ്ണൂർ മട്ടന്നൂർ സ്വദേശി അബ്‌നാസ് അബ്ദുല്ല. സുഹൃത്തുക്കൾ നാലുപേർ ചേർന്ന് നടത്തിയ ഡെസേർട്ട് സഫാരിക്കിടയിൽ സാൻഡ് ഡ്യൂൺസിലെ ഡ്രൈവിങ്ങായിരുന്നു ഇവർക്ക് അപകടം ഒരുക്കിയത്.
നിയന്ത്രണം നഷ്ടമായ വാഹനം അപകടത്തിൽ പെട്ടപ്പോൾ തെറിച്ചുവീണ അബ്‌നാസ് വാഹനത്തനടിയിലായി. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
അബ്‌നാസ് അബ്ദുല്ലയുടെ മയ്യിത്ത് നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം, ശനിയാഴ്ച രാത്രിയോടെ എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുപോവുമെന്ന് കെ.എം.സി.സി അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി ചെയർമാൻ മെഹബൂബ് നാലകത്ത് അറിയിച്ചു.
ഏറെ സാഹസികവും എന്നാൽ, ആസ്വാദ്യകരവുമായ മരുഭൂ സഫാരിക്കിടയിലെ അപകടങ്ങൾ ഒഴിവാക്കാൻ അധികൃതരുടെ നേതൃത്വത്തിൽ ഏറ്റവും മികച്ച ക്രമീകരണങ്ങളാണ് ഒരുക്കുന്നത്. ക്യാമ്പിങ് സീസൺ ആരംഭിക്കുന്നത് മുതൽ വിവിധ പൊലീസ്-ട്രാഫിക് വിഭാഗങ്ങളുടെയും ആരോഗ്യ പ്രവർത്തകരുടെയുമെല്ലാം ബോധവൽകരണവും കാവലുമുണ്ട്.
വെള്ളിയാഴ്ചയും ക്യാമ്പിങ് മേഖലയിലെ സുരക്ഷ സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം അറിയിപ്പ് പുറത്തുവിട്ടു. മരുഭൂമിയിലെ മണൽകൂനകളായി ഉയർന്നു കിടക്കുന്ന സാൻഡ് ഡ്യൂൺസിലെ ഡ്രൈവിങ് ഏറെ ശ്രദ്ധയും കരുതലും വേണ്ടതാണ്. ക്യാമ്പിങ് നിയമങ്ങളെല്ലാവരും നിർബന്ധമായും പാലിക്കണമെന്നും പ്രത്യേകിച്ചും ഗതാഗത നിയമങ്ങൾ കൃത്യമായി അനുസരിക്കണമെന്നും അധികൃതർ നിരന്തരമായി ആവശ്യപ്പെടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.