ഹമദ് നേട്ടങ്ങളുടെ നെറുകയിൽ
text_fieldsഒന്നര ദശലക്ഷം കാണികൾ ലോകത്തിന്റെ പലകോണുകളിൽനിന്നായി ഒഴുകിയെത്തിയ ഫിഫ ലോകകപ്പ് വേളയിൽ ഖത്തറിന്റെ കവാടമായിരുന്നു ഹമദ് അന്താരാഷ്ട്ര വിമാനത്താവളം. 2014ൽ പ്രവർത്തനമാരംഭിച്ച വിമാനത്താവളം ചുരുങ്ങിയ കാലംകൊണ്ടുതന്നെ മേഖലയിലെയും ലോകത്തെയും മുൻനിര വിമാനത്താവളമായി മാറി.
യാത്രക്കാർക്കുള്ള വിശാലമായ സൗകര്യം, വിമാനങ്ങൾക്ക് വരാനും പറന്നുയരാനുമുള്ള സുരക്ഷിത സംവിധാനങ്ങൾ, അത്യാധുനിക ഉപകരണങ്ങളുടെയും മറ്റും സാന്നിധ്യം, ബാഗേജുകൾ സുരക്ഷിതമായും വേഗത്തിലും കൈകാര്യം ചെയ്യൽ, ഷോപ്പിങ് അനുഭവം, അന്താരാഷ്ട്ര ട്രാൻസിറ്റ് ഹബ് എന്ന സ്വീകാര്യത തുടങ്ങി വിവിധ മേഖലകളിലും ഹമദ് മുൻനിരയിലെത്തിക്കഴിഞ്ഞു.
ലോകകപ്പിനു മുമ്പായി നവീകരിച്ച് ഉദ്ഘാടനം നിർവഹിച്ച പൂന്തോട്ടങ്ങളും കാത്തിരിപ്പുകേന്ദ്രങ്ങളുമായുള്ള ഓർചാഡ് ലോഞ്ച് എന്നിവ സവിശേഷതകളാണ്. ഒരു കുടക്കീഴിൽ 180ഓളം റീട്ടെയിൽ ആൻഡ് ഡൈനിങ് സംവിധാനങ്ങളാണ് വിമാനത്താവളത്തിനുള്ളിൽ ഉള്ളത്. അന്താരാഷ്ട്ര ബ്രാൻഡുകളുടെ ശ്രദ്ധേയമായ ഔട്ട്ലറ്റുകളും ഇവിടെയുണ്ട്.
ലോകകപ്പ് നടന്ന 2022ൽ വിമാനത്താവളം വഴിയുള്ള യാത്രക്കാരുടെ വരവിൽ കാര്യമായ വർധനയുണ്ടായി. 35 ദശലക്ഷം യാത്രക്കാരാണ് ഒരു വർഷംകൊണ്ട് സഞ്ചരിച്ചത്. വിമാനങ്ങളുടെ പോക്കിലും വരവിലും വർധനയുണ്ടായി. 2021നേക്കാൾ 28.2 ശതമാനമാണ് വർധന. 21,875 എയർക്രാഫ്റ്റ് മൂവ്മെന്റ് റിപ്പോർട്ട് ചെയ്യുന്നു.
അന്താരാഷ്ട്ര തലത്തിലെ 44 എയർലൈൻ കമ്പനികൾ ദോഹയിലേക്ക് സർവിസ് നടത്തുന്നുണ്ട്. ഇവിടെനിന്നും വിവിധ വൻകരകളിലെ 170 നഗരങ്ങളിലേക്ക് വിമാനങ്ങൾ പറന്നെത്തുന്നു. ലോകകപ്പ് ഫുട്ബാളിനെ ചരിത്രവിജയമാക്കുന്നതിലും ഹമദ് വിമാനത്താവളം നിർണായക പങ്കുവഹിച്ചു.
2023ൽ വിമാനത്താവള വികസനത്തിന്റെ പ്ലാൻ ബി ആരംഭിച്ചുകഴിഞ്ഞു. യാത്രക്കാരുടെ ശേഷി 70 ദശലക്ഷത്തിൽ എത്തിക്കാനും നിലവിലുള്ള ടെർമിനലിനുള്ളിൽ രണ്ടു പുതിയ കോൺകോഴ്സുകൾ നിർമിക്കാനുമാണ് പദ്ധതി.
റാങ്കിങ്ങിൽ സ്കൈട്രാക്സ്
2000 മുതൽ അന്താരാഷ്ട്രതലത്തിൽ എയർലൈൻ കമ്പനികളുടെയും വിമാനത്താവളങ്ങളുടെയും റാങ്കിങ്ങിൽ മുൻനിരയിൽ പ്രവർത്തിക്കുന്ന ഏജൻസിയാണ് സ്കൈട്രാക്സ്. ബ്രിട്ടൻ ആസ്ഥാനമായ കമ്പനി സ്വതന്ത്രവും നിഷ്പക്ഷവുമായി റാങ്കിങ്ങിൽ അന്താരാഷ്ട്രതലത്തിൽ ഏറെ പ്രശസ്തമാണ്.
വ്യാപ്തിയിലും കവറേജിലും മുന്നിട്ടുനിൽക്കുന്ന സ്കൈട്രാക്സ് അന്താരാഷ്ട്രതലത്തിൽ യാത്രക്കാരുടെ അഭിപ്രായം ആരാഞ്ഞും വോട്ടിങ് വഴിയുമാണ് തങ്ങളുടെ പുരസ്കാരം പ്രഖ്യാപിക്കുന്നത്. 550ലധികം എയർപോർട്ടുകളിലുടനീളമുള്ള ഉപഭോക്തൃ സേവനവും സൗകര്യങ്ങളും വിലയിരുത്തി ലോക വിമാനത്താവള വ്യവസായത്തിന്റെ ഗുണനിലവാര മാനദണ്ഡമായി കണക്കാക്കപ്പെടുന്നു.
സർവേയും അവാർഡുകളും ഏതെങ്കിലും എയർപോർട്ടുകളുടെ നിയന്ത്രണത്തിൽനിന്ന് സ്വതന്ത്രവുമാണ്. വിമാനത്താവളങ്ങൾ വഴി യാത്രചെയ്യുന്ന 60ഓളം രാജ്യക്കാരായ ഉപഭോക്താക്കൾക്കിടയിലാണ് സർവേ നടത്തുന്നത്. ഉപഭോക്തൃ അനുഭവം അവാർഡ് നിർണയത്തിൽ പ്രധാനമാവുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.