ദുർഗദാസിനെതിരെ നടപടി എടുക്കണം -സോഷ്യൽ ഫോറം
text_fieldsദോഹ: സാമുദായിക സ്പർധ സൃഷ്ടിക്കും വിധം വർഗീയ പരാമർശം നടത്തി ഗൾഫ് നാടുകളെയും പ്രവാസി സമൂഹത്തെയും കുറിച്ച് വ്യാജ ആരോപണം ഉന്നയിച്ച മലയാളം ദുർഗാദാസ് ശിശുപാലനെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഖത്തർ ഇന്ത്യൻ സോഷ്യൽ ഫോറം കേരള സംസ്ഥാന സെക്രട്ടേറിയറ്റ് സർക്കാറിനോട് ആവശ്യപ്പെട്ടു.
തിരുവനന്തപുരത്ത് നടന്ന ഹിന്ദുമഹാ സമ്മേളനത്തിലാണ് ഖത്തറിലെ പ്രമുഖ കമ്പനിയിൽ സീനിയർ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന ദുർഗാദാസ് വർഗീയ പരാമർശം നടത്തിയത്. ഇന്ത്യൻ എംബസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഐ.സി.ബി.എഫ് അംഗം കൂടിയാണ് ഇയാൾ. ഇന്ത്യയെക്കാളേറെ ഗൾഫ് നാടുകളിലാണ് ഏറ്റവും കൂടുതൽ മതപരിവർത്തനം നടക്കുന്നതെന്നും നഴ്സിങ് റിക്രൂട്ട്മെന്റിന്റെ പേരിൽ പെൺകുട്ടികളെ കൊണ്ടുവരുന്നത് തീവ്രവാദികൾക്ക് ലൈംഗിക ആവശ്യങ്ങൾക്ക് ഉപയോഗിക്കാനാണ് എന്നുമാണ് ഇയാൾ പറഞ്ഞത്. മുസ്ലിം സംഘടനകളെയും ഇയാൾ പേരെടുത്ത് പരാമർശിക്കുന്നുണ്ട്.
അടിസ്ഥാന രഹിതമായ ഇത്തരം ആരോപണങ്ങൾ സമൂഹത്തിൽ വളരെ വലിയ പ്രത്യാഘാതങ്ങൾക്ക് വഴിവെക്കുമെന്നും ഇത്തരക്കാർക്ക് കൂച്ചുവിലങ്ങിടാൻ സാധിക്കാതെ വന്നാൽ ഇതിന്റെ മറപറ്റി ഇനിയും ഇത്തരം പരാമർശങ്ങൾ ഉണ്ടായേക്കും.
ഇയാൾക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും സോഷ്യൽ ഫോറം സംസ്ഥാന സെക്രട്ടേറിയറ്റ് വാർത്താ കുറിപ്പിൽ ആവശ്യപ്പെട്ടു.
നഴ്സുമാർക്കെതിരെയുള്ള പരാമർശം അപലപനീയം -പി.എം.എഫ്
ദോഹ: പ്രവാസികളായ നഴ്സുമാരെയും ആ ജോലിയുടെ മഹത്ത്വത്തെയും അപമാനിച്ച് ദുർഗാദാസ് നടത്തിയ പരാമർശം അങ്ങേയറ്റം ഹീനവും പ്രതിഷേധാർഹവും അപലപനീയവും ആണെന്ന് പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ പ്രസിഡന്റ് എം.പി. സലീം, ഗ്ലോബൽ ചെയർമാൻ ഡോ. ജോസ് കാനാട്ട്, ജനറൽ സെക്രട്ടറി വർഗീസ് ജോൺ, ട്രഷറർ സ്റ്റീഫൻ കോട്ടയം എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു. മത പരിവർത്തനത്തെകുറിച്ചും, നഴ്സുമാരുടെ റിക്രൂട്ടിങ് സംബന്ധിച്ചും ഏതു സാഹചര്യത്തിലാണ് അദ്ദേഹം പ്രസ്താവന നടത്തുവാൻ തയാറായതെന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു. പരാമർശത്തിന്റെ ആധികാരികത തെളിയിക്കാൻ അദ്ദേഹം ബാധ്യസ്ഥനുമാണെന്ന് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. ഇത്തരം ആളുകൾ പ്രവാസികൾക്കും സമൂഹത്തിനും അപമാനവും തിരുത്തപ്പെടേണ്ടത് അനിവാര്യവും ആണ്. ലോകത്തിലെ എല്ലാ നഴ്സുമാർക്കും, പ്രവാസി സമൂഹത്തിനും പി.എം.എഫ് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായി നേതാക്കൾ ഉറപ്പു നൽകി.
നിയമ നടപടി സ്വീകരിക്കണം -ഖത്തർ പി.സി.എഫ്
ദോഹ: ദുർഗാദാസിനെതിരെ കേരള സർക്കാർ നിയമ നടപടികൾ സ്വീകരിക്കണമെന്ന് ഖത്തർ പി.സി.എഫ് ആവശ്യപ്പെട്ടു. ഗൾഫിൽ സാഹോദര്യത്തോടും സൗഹൃദത്തിലും പരസ്പര വിശ്വാസത്തിലും കഴിയുന്ന ഇന്ത്യൻ സമൂഹത്തിൽ വിള്ളലുണ്ടാക്കുന്ന പ്രസ്താവനയാണ് നടത്തിയിട്ടുള്ളത്. ഗൾഫ് മേഖലയിൽ ആതുര ആരോഗ്യ രംഗത്ത് കേരളത്തിെൻറ അഭിമാനമായി പ്രവർത്തിക്കുന്ന നഴ്സുമാരുടെ അത്മഭിമാനവും അന്തസ്സും തകർക്കുന്ന പ്രസ്താവനയാണ് നടത്തിയിട്ടുള്ളത്. വിവാദ പ്രസ്താവന നടത്തിയ ദുർഗാ ദാസിനെ മലയാളം മിഷൻ ഖത്തർ കോഓഡിനേറ്റർ പദവിയിൽനിന്ന് നീക്കിയ നടപടി സ്വാഗതം ചെയ്യുന്നു. ഈ നടപടികളിൽ മാത്രം ഒതുങ്ങാതെ കേരള സർക്കാർ നിയമ നടപടികൾ സ്വീകരിക്കണമെന്ന് ഖത്തർ പി.സി.എഫ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.