അയൽവിപണികളിൽ സജീവമായി 'മേഡ് ഇന്‍ ഖത്തര്‍' ഉൽപന്നങ്ങള്‍
text_fieldsദോഹ: മേഡ് ഇന്‍ ഖത്തര്‍ ഉൽപന്നങ്ങള്‍ അയൽനാടുകളിലെ വിപണികളിൽ കൂടുതൽ സജീവമാകുന്നു. ഇതിനകം ഇത്തരം ഉൽപന്നങ്ങൾ കുവൈത്തില്‍ ലഭ്യമാണെന്ന് തലബാത്ത് ഖത്തര്‍ അറിയിച്ചു. ഗള്‍ഫ് മേഖലയിലെ പ്രമുഖ ഭക്ഷ്യവിതരണ ക്യൂ കോമേഴ്സ് ആപ്ലിക്കേഷനാണ് തലബാത്ത് ഖത്തര്‍. തലബാത്തിൻെറ '974' ശേഖരത്തില്‍നിന്നുള്ള മേഡ് ഇന്‍ ഖത്തര്‍ ഉൽപന്നങ്ങളാണ് കുവൈത്തിലെ തലബാത്ത് മാര്‍ട്ടില്‍ ലഭ്യമാക്കിയിരിക്കുന്നത്. പ്രധാന ബ്രാൻഡുകളായ ബത്താത്തോസ്, റോ ജ്യൂസ്, ദോഹ ഈത്തപ്പഴം, ക്യൂ.എഫ്.എം മാവ്, ഖത്തര്‍ പഫ്കി എന്നിവ ഉള്‍പ്പെടെ ഇവിടെ ലഭ്യമാണ്.
തുടക്കത്തില്‍ ഉൽപന്നങ്ങളെല്ലാം തലബാത്തിൻെറ ക്യൂ കോമേഴ്സ് വഴിയാണ് ലഭ്യമാക്കുന്നത്. ഉപയോക്താക്കള്‍ക്ക് തങ്ങള്‍ ആവശ്യപ്പെടുന്ന സാധനങ്ങള്‍ അരമണിക്കൂറിനുള്ളില്‍ അവരുടെ വീട്ടുവാതില്‍ക്കല്‍ ലഭ്യമായിരിക്കും. ഖത്തര്‍ ലോജിസ്റ്റിക്സുമായി സഹകരിച്ചാണ് മേഡ് ഇന്‍ ഖത്തര്‍ ഉൽപന്നങ്ങള്‍ മറ്റുവിപണികളില്‍ കയറ്റുമതിചെയ്യുന്നത്. പുതിയ സംരംഭം ഖത്തറിലെ പ്രാദേശികമായി ഉൽപാദിപ്പിക്കുന്ന ബ്രാൻഡുകളുടെ ഗണ്യമായ വളര്‍ച്ചയെ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഖത്തര്‍ ലോജിസ്റ്റിക്സും തലബാത്തും തമ്മിലുള്ള മികച്ച സഹകരണത്തിൻെറ ഫലമായി പ്രാദേശിക ഉൽപന്നങ്ങളുടെ കയറ്റുമതി നിര്‍വഹിക്കാനാവുന്നതില്‍ സന്തോഷമുണ്ടെന്ന് ഖത്തര്‍ ലോജിസ്റ്റിക്സ് സീനിയര്‍ മാനേജര്‍ മുഹമ്മദ് ഷാബാന്‍ പറഞ്ഞു. ഖത്തര്‍ ലോജിസ്റ്റിക്സിൻെറ ശക്തമായ പ്രവര്‍ത്തനങ്ങളിലൂടെ ആദ്യത്തെ കയറ്റുമതി വന്‍ വിജയമായതായും തലബാത്തുമായുള്ള സഹകരണം ഖത്തര്‍ പ്രാദേശിക ഉൽപന്നങ്ങളുടെ വളര്‍ച്ചക്കുകൂടി അവസരമൊരുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
തന്ത്രപ്രധാനികളായ പങ്കാളികളെന്നനിലയില്‍ തലബാത്തുമായി ചേര്‍ന്ന് ബത്താത്തോ കയറ്റുമതിചെയ്യാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്നാണ് ഹോള്‍സം ഫുഡ് ഫാക്ടറി ജനറല്‍ മാനേജര്‍ യലോണ്ട അറെഗ്വിന്‍ അഭിപ്രായപ്പെട്ടത്. പൂര്‍ണമായും ഖത്തരി കമ്പനി എന്നനിലയില്‍ ഉയര്‍ന്ന നിലവാരത്തിലുള്ള ഉരുളക്കിഴങ്ങ് ചിപ്സും ലഘുഭക്ഷണങ്ങളും നിര്‍മിക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരാണ്. എല്ലാവര്‍ക്കും താങ്ങാവുന്ന വിലയില്‍ സൂര്യകാന്തി എണ്ണയില്‍ ഹൃദയാരോഗ്യം സംരക്ഷിക്കുന്ന തരത്തില്‍ ചിപ്സ് പാകംചെയ്യുന്ന മേഖലയിലെ ആദ്യത്തെ കമ്പനിയാണ് തങ്ങളെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിൻെറ യഥാര്‍ഥസാധ്യതകള്‍ വിലയിരുത്തുന്നതിനാല്‍ മേഡ് ഇന്‍ ഖത്തര്‍ ബ്രാന്‍ഡുകളെ കുറിച്ച് തങ്ങള്‍ക്ക് അഭിമാനമുണ്ടെന്ന് തലബാത്ത് ഖത്തര്‍ മാനേജിങ് ഡയറക്ടര്‍ ഫ്രാന്‍സിസ്കോ ഡിസൂസ അഭിപ്രായപ്പെട്ടു.
തങ്ങളുടെ പ്രാദേശികനിര്‍മാതാക്കളില്‍ വിശ്വാസം അര്‍പ്പിക്കുന്നതായും തങ്ങളുടെ പ്ലാറ്റ്ഫോം വഴി അവരെ ഏറെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. കുവൈത്തിലെ ഉപഭോക്താക്കള്‍ക്ക് തങ്ങളിലൂടെ പ്രാദേശിക ബ്രാൻഡുകള്‍ ആസ്വദിക്കാന്‍ കഴിയുന്നതില്‍ അഭിമാനമുണ്ടെന്നും ഡിസൂസ പറഞ്ഞു. മറ്റ് അയല്‍വിപണികളിലേക്കും ഉടന്‍ പ്രവേശിക്കാനാവുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
തലബാത്ത് മാര്‍ട്ട് വഴി മേഡ് ഇന്‍ ഖത്തര്‍ ഉൽപന്നങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്നതിന് ഉപയോക്താക്കള്‍ക്ക് തലബാത്ത് ആപ് ആപ്പിള്‍ സ്റ്റോറിലും ഗൂഗിള്‍ പ്ലേയിലും ലഭ്യമാണ്.
പ്രാദേശിക ഉൽപന്നങ്ങൾക്കായി വിവിധ നടപടികൾ
പ്രാദേശിക ഉൽപന്നങ്ങളെ പ്രോത്സാഹിപ്പിക്കാനും വിപണിയിൽ ഇത്തരം ഉൽപന്നങ്ങൾക്കായി മികച്ച സൗകര്യങ്ങളുണ്ടാക്കാനും വാണിജ്യ–വ്യവസായമന്ത്രാലയം വൻ നടപടികളാണ് സ്വീകരിക്കുന്നത്. ഇത്തരം ഉൽപന്നങ്ങളുടെ പ്രദർശനത്തിനും വിപണനത്തിനുമായി 'ഡേറ്റ്സ് ഫെസ്റ്റിവെൽ' പോലെയുള്ള വിവിധ മേളകൾതന്നെ വർഷാവർഷം തടത്തുന്നുണ്ട്. പ്രാദേശിക ഉൽപന്നങ്ങൾ പ്രദർശിപ്പിക്കുന്നതിന് കടകൾ ഈടാക്കിയിരുന്ന പ്രത്യേക ഇനം ഫീസുകളുടെ നിരക്കുകൾ മന്ത്രാലയം ഈയടുത്ത് നിജപ്പെടുത്തിയിരുന്നു.
രജിസ്ട്രേഷൻ ഫീസ്, ലിഫ്റ്റിങ് ഫീസ്, ഷെൽഫ് ഡിസ്േപ്ല ഫീസ് തുടങ്ങിയവയിലാണിത്. ദേശീയ ഉൽപന്നങ്ങൾ ഏതുരൂപത്തിൽ കടകളുടെ ഷെൽഫുകളിൽ പ്രദർശിപ്പിക്കണമെന്നതിൻെറ രീതിയടക്കം മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. വിൽപന കഴിഞ്ഞ് ഇത്തരം ഉൽപന്നങ്ങളുടെ വില കടകൾ നൽകാനുള്ള സമയപരിധി മന്ത്രാലയം നിജപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള മറ്റ് തുക കടകൾ ഈടാക്കാൻ പാടില്ല. പ്രാദേശിക ഉൽപന്നങ്ങളെ നിരുത്സാഹപ്പെടുത്തുന്നതോ അത്തരം ഉൽപന്നങ്ങൾ കടകളിൽ വെക്കാതിരിക്കുന്നതോ ആയ നടപടികൾ ഉണ്ടാകരുത്.
റീട്ടെയിൽ ഔട്ട്ലെറ്റുകൾ പ്രാദേശിക ഉൽപന്നങ്ങൾക്കായി ഏർപ്പെടുത്തിയിരുന്ന വിവിധ ഫീസുകളുെട നിരക്കുകൾ വിൽപനമൂല്യത്തിൻെറ 10 ശതമാനമാക്കിയാണ് മന്ത്രാലയം നിജപ്പെടുത്തിയിരിക്കുന്നത്.
നേരത്തേ ഇത് 25 ശതമാനമായിരുന്നു. ഫിക്സ്ഡ് ഡിസ്കൗണ്ട് ശതമാനം, പ്രോഗ്രസീവ് പ്രോഫിറ്റ് മാർജിൻ, ന്യൂ കമ്പനി രജിസ്ട്രേഷൻ ഫീസ്, ന്യൂ പ്രോഡക്ട് രജിസ്ട്രേഷൻ ഫീസ്, ഷെൽഫ് യൂസേജ് ഫീസ്, ഗാൻഡല ഷെൽഫിങ് ഫീസ്, ലോയൽറ്റി പ്രോഗ്രാം, സർവിസ് ഓർഗനൈസേഷൻ ആക്ടിവിറ്റീസ്, പ്രസേൻറഷൻ ആൻഡ് പ്രമോഷൻ, സീസണൽ പ്രമോഷനൽ സർവിസ്, ഓഫർ ആൻഡ് പ്രമോഷൻ, പുതിയ ബ്രാഞ്ച് തുറക്കൽ, പണംനൽകുന്ന രീതി, എക്സപ്ഷനൽ പേമെൻറ് മെത്തേഡ്, പ്രോഡക്ട് ഡിസ്േപ്ല ഫീസ്, എക്സ്പയേഡ് പ്രോഡക്ട്സ് പെനാൽറ്റി ഫീസ് എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് പ്രാദേശിക ഉൽപന്നങ്ങൾക്ക് അനുകൂലമായ നടപടികൾ സ്വീകരിച്ചത്.
ഖത്തരി ഉൽപന്നങ്ങൾക്കായി പ്രത്യേക ലോഗോയും പുറത്തിറക്കിയിട്ടുണ്ട്. ഖത്തരി പതാകയോടൊപ്പം അറബിയിലും ഇംഗ്ലീഷിലുമായി ഖത്തരി ഉൽപന്നം എന്ന് ആലേഖനംചെയ്തതാണ് ലോഗോ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.