മുതിർന്നവർ, ഗർഭിണികൾ, കുട്ടികൾ: വാക്സിനേഷനിൽ വിട്ടുവീഴ്ചയില്ല
text_fieldsദോഹ: യോഗ്യരായിട്ടും വാക്സിനെടുക്കാതെ മാറിനിൽക്കുന്നവർ ഉടൻതന്നെ പ്രതിരോധ മരുന്ന് സ്വീകരിച്ച്, കോവിഡ് മഹാമാരിയിൽനിന്ന് സുരക്ഷ ഉറപ്പു വരുത്തണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം വാക്സിനേഷൻ വിഭാഗം മേധാവി ഡോ. സുഹ അൽ ബയാത്. ഹമദ് മെഡിക്കൽ കോർപറേഷെൻറ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പുറത്തുവിട്ട വിഡിയോ സന്ദേശത്തിലാണ് ഡോ. സുഹ അൽ ബയാത് വാക്സിനെടുക്കാൻ ആവശ്യപ്പെട്ടത്.
മൂന്ന് വിഭാഗം ആളുകളിലാണ് കോവിഡ് രോഗം കൂടുതൽ അപകടം സൃഷ്ടിക്കുന്നതെന്നും അവർ ഉടൻതന്നെ വാക്സിനെടുക്കാൻ ശ്രദ്ധിക്കണമെന്നും അവർ വ്യക്തമാക്കി.
ഒന്നാമത്തെ വിഭാഗം 60 വയസ്സിന് മുകളിലുള്ളവരാണ്. അവരിൽ 10ൽ ഒമ്പത് പേരും വാക്സിനെടുത്തിട്ടുണ്ടെങ്കിലും 100 ശതമാനം പേരും വാക്സിനെടുക്കണമെന്നതാണ് നമ്മുടെ ആവശ്യം. വാക്സിനെടുക്കാൻ യോഗ്യരായിട്ടും വാക്സിനെടുക്കാതെ മാറിനിൽക്കുന്നത് നല്ല പ്രവണതയല്ല. രണ്ടാമത്തെ വിഭാഗം ഗർഭിണികളായ സ്ത്രീകളാണ്. അവരിൽ കോവിഡ് രോഗത്തിെൻറ അപകടസാധ്യത കൂടുതലാണ്. പ്രായത്തിൽ അവരോടൊപ്പം നിൽക്കുന്ന സ്ത്രീകളേക്കാൾ ഗർഭിണികളിൽ കോവിഡ് അപകടസാധ്യത കൂടുന്നതിനാൽ വാക്സിനേഷൻ സ്വീകരിക്കാൻ മടിക്കരുത്. ആയിരക്കണക്കിന് ഗർഭിണികൾ ഇതിനകം വാക്സിനെടുത്തിട്ടുണ്ട്. ഇതുവരെ ഗുരുതര പാർശ്വ ഫലങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നത് വാക്സിെൻറ സുരക്ഷിതത്വത്തെയാണ് സൂചിപ്പിക്കുന്നതെന്നും അവർ വിശദീകരിച്ചു.
കുട്ടികളുടെ കോവിഡ് വാക്സിനേഷനും മുൻഗണന നൽകണം. 12 മുതൽ 15 വയസ്സ് വരെയുള്ളവർക്ക് രോഗതീവ്രത കുറവാണെങ്കിലും നീണ്ടകാലം വൈറസ് നിലനിൽക്കുന്നതായി പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇത്, രോഗവാഹകരാവാനും മറ്റുള്ളവരിലേക്ക് പകർത്താനും കാരണമാവുമെന്നും ഡോ. സുഹ അൽ ബയാത് ചൂണ്ടിക്കാട്ടി.
പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കെ, കുട്ടികൾക്ക് വാക്സിനെടുക്കുന്നത് സംബന്ധിച്ച് രക്ഷിതാക്കളിൽ കൂടുതൽ ബോധവത്കരണം നടത്തുമെന്നും പഠനത്തോടൊപ്പം അവരുടെ ആരോഗ്യസുരക്ഷ ഉറപ്പുവരുത്തണമെന്നും അവർ വ്യക്തമാക്കി. വാക്സിനെടുക്കാൻ യോഗ്യരായ, 12 വയസ്സിന് മുകളിലുള്ള 85 ശതമാനം പേരും ഒരു ഡോസ് വാക്സിൻ സ്വീകരിച്ചതായും ഓരോ വ്യക്തിയും വാക്സിൻ സ്വീകരിക്കുന്നതിലൂടെ സുരക്ഷിതമായ, വൈറസ് മുക്തമായ സമൂഹമെന്ന ലക്ഷ്യത്തിലേക്ക് നാം അടുത്തുകൊണ്ടിരിക്കുകയാണെന്നും ഇത് കോവിഡിന് മുമ്പുള്ള ജനജീവിതം തിരികെ കൊണ്ടുവരുമെന്നും വിഡിയോ സന്ദേശത്തിൽ ഡോ. സുഹ അൽ ബയാത് പറഞ്ഞു.
39.42 ലക്ഷം ഡോസ്
ദോഹ: ഖത്തറിലെ കോവിഡ് വാക്സിനേഷൻ ഡോസ് 40 ലക്ഷം എന്ന ലക്ഷ്യത്തിലേക്ക്. കഴിഞ്ഞ ദിവസങ്ങളിൽ വാക്സിനേഷൻ നടപടികൾ ശക്തമാക്കിയതോടെ 39.42 ലക്ഷം ഡോസുകൾ ശനിയാഴ്ചയോടെ പൂർത്തിയാക്കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഡിസംബറിൽ തുടങ്ങിയ ദേശീയ കോവിഡ് വാക്സിനേഷൻ പദ്ധതിയിലെ നിർണായക മുന്നേറ്റം കൂടിയാവും ഇത്.
ശനിയാഴ്ച 3672 ഡോസ് വാക്സിനാണ് കുത്തിവെച്ചത്. എന്നാൽ, കഴിഞ്ഞയാഴ്ചകളിൽ വൻതോതിൽ വാക്സിനേഷൻ നടന്നു. വ്യാഴാഴ്ച 43,974 ഡോസ് വാക്സിനാണ് ഖത്തറിൽ വ്യാപകമായി നൽകിയത്. വാക്സിനേഷൻ കാമ്പയിൻ കാലയളവിലെ ഒരു ദിവസം ഏറ്റവും കൂടുതൽ ഡോസ് എന്ന നിലയിൽ റെക്കോഡായിരുന്നു ഇത്. രണ്ടാഴ്ച മുമ്പാണ് വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 20 ലക്ഷം പിന്നിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.