നീലത്തിരയിളകി; ഗാലറി നിറഞ്ഞ് ഇന്ത്യ
text_fieldsദോഹ: ഒരു വർഷം മുമ്പ് ലോകകപ്പ് ഫുട്ബാളിന് ദോഹ ആതിഥ്യമൊരുക്കിയപ്പോൾ വിവിധ ടീമുകൾക്കായി ആർപ്പുവിളിക്കാൻ ഒഴുകിയവരായിരുന്നു ഖത്തറിലെ ഇന്ത്യൻ ഫുട്ബാൾ ആരാധകർ. എന്നാൽ, ഏഷ്യൻ കപ്പിൽ തങ്ങളുടെ പ്രിയപ്പെട്ട സംഘം ടൂർണമെന്റിൽ പന്തുതട്ടാനെത്തിയപ്പോൾ ത്രിവർണ പതാകയേന്തി, നീലക്കുപ്പായമണിഞ്ഞ്, മുഖത്ത് ത്രിവർണചായം പൂശി ഇന്ത്യൻ ആരാധക സംഘങ്ങൾ ഒഴുകുന്ന കാഴ്ചക്കായിരുന്നു ശനിയാഴ്ച ദോഹ സാക്ഷിയായത്. ഉച്ചക്ക് 2.30ന് അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ കിക്കോഫ് ചെയ്ത മത്സരത്തിന് മണിക്കൂറുകൾ മുമ്പുതന്നെ ആരാധകപ്പട ഒഴുകിത്തുടങ്ങി. മെട്രോ സ്റ്റേഷനുകളിൽനിന്ന് മുശൈരിബിലേക്ക് പുഴപോലെ നീങ്ങിത്തുടങ്ങിയവർ, മാൾ ഓഫ് ഖത്തർ സ്റ്റേഷനിൽ സംഗമിച്ച് ആർപ്പുവിളികളും ബാൻഡ് വാദ്യവുമായി സ്റ്റേഡിയത്തിലേക്ക് പിടിച്ചു.
ഉച്ചക്ക് ഒരു മണിയോടെ തന്നെ, ഇന്ത്യൻ ഫാൻസ് ഗ്രൂപ്പിന്റെ നായകത്വം ഏറ്റെടുത്ത് ഖത്തർ മഞ്ഞപ്പട അംഗങ്ങൾ സ്റ്റേഡിയം പരിസരത്ത് കൊട്ടിക്കയറി. 2.30ന് കിക്കോഫ് വിസിൽ മുഴങ്ങുംമുമ്പേ ഗാലറിയുടെ മൂന്ന് നിലകളെയും നിറച്ചുകൊണ്ട് ഇന്ത്യൻ ആരാധകർ ഇടം പിടിച്ചിരുന്നു. ഇതിനിടെ, എതിരാളികളായ ആസ്ട്രേലിയക്കുള്ള പിന്തുണ മുങ്ങിപ്പോയി. കളി തുടങ്ങിയതിനു പിറകെ, ഗാലറിയും ഇളകി മറിഞ്ഞു തുടങ്ങി. ലോകകപ്പ് വേദിയായ അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ ആദ്യമായി ‘ജന ഗണ മന...’ ഉയർന്നു കേട്ടപ്പോൾ പ്രവാസമണ്ണിൽ തൊഴിൽ തേടിയെത്തിയ മലയാളികൾ ഉൾപ്പെടെ ആരാധകർക്കും അഭിമാന നിമിഷം. ആസ്ട്രേലിയൻ താരങ്ങൾ ഇരു വിങ്ങുകളെയും ചടുലമാക്കി കരുത്തുറ്റ നീക്കങ്ങളിലൂടെ മുന്നേറുമ്പോൾ, മികച്ച പ്രതിരോധത്തിലൂടെ അവയെല്ലാം പോസ്റ്റിനുള്ളിൽനിന്ന് ക്ലിയർ ചെയ്ത് ഗോൾ വല കാത്ത ഓരോ താരങ്ങൾക്കും നിറഞ്ഞ കൈയടികളാൽ പിന്തുണ നൽകി. പ്രതീക്ഷിച്ചപോലെ, കളത്തിലെ 11 പേർക്കൊപ്പം ഗാലറിയിലെ പന്ത്രണ്ടാമനെയും കൂടിയാണ് സോക്കറൂസ് എതിരിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.