പ്രതികാരമല്ല, ടീമിന്റെ വിജയമാണ് പ്രധാനം - ഹ്യൂങ് മിൻ സൺ
text_fieldsദോഹ: ആസ്ട്രേലിയയും ദക്ഷിണ കൊറിയയും ഏഷ്യൻ കപ്പ് ക്വാർട്ടർ ഫൈനലിൽ വീണ്ടും മുഖാമുഖമെത്തിയപ്പോൾ ആരാധകരുടെ മനസ്സിൽ ഒമ്പതു വർഷം മുമ്പത്തെ കലാശപ്പോരാട്ടമായിരുന്നു. അരനൂറ്റാണ്ടിന്റെ ഇടവേളക്കൊടുവിൽ വൻകരയുടെ കിരീട മോഹമെന്ന ദക്ഷിണ കൊറിയൻ സ്വപ്നത്തെ തല്ലിക്കെടുത്തിയായിരുന്നു 2015 ജനുവരിയിൽ സിഡ്നി സ്റ്റേഡിയത്തിൽ അന്ന് ആതിഥേയരായ സോക്കറൂസ് കന്നികിരീടം ചൂടിയത്.
അൽ ജനൂബ് സ്റ്റേഡിയത്തിലെ ക്ലാസിക് പോരാട്ടത്തിനൊടുവിൽ സോക്കറൂസിനെ വീഴ്ത്തി ദക്ഷിണ കൊറിയ സെമിയിലേക്ക് യാത്രചെയ്തപ്പോൾ കണക്കുകൾ തീർത്തെന്ന ആശ്വാസത്തിലായിരുന്നു ആരാധകരുടെ മടക്കം. തുടർന്ന് സൂപ്പർ താരം ഹ്യൂങ് മിൻ സണിനോട് മാധ്യമങ്ങൾക്ക് ചോദിക്കാനുണ്ടായിരുന്നതും അതുതന്നെയായിരുന്നു. എന്നാൽ, കണക്കു തീർക്കുകയായിരുന്നില്ല ടീമിന്റെ ലക്ഷ്യമെന്ന് താരം പറുയുന്നു.
ദക്ഷിണ കൊറിയയുടെ പ്രതീക്ഷകൾ സജീവമാക്കി നിലനിർത്താനുള്ള ആഗ്രഹമാണ് ആസ്ട്രേലിയയെ പരാജയപ്പെടുത്താനുള്ള തന്റെ നിശ്ചയദാർഢ്യത്തിന് പ്രേരണയായതെന്ന് സൺ കൂട്ടിച്ചേർത്തു.
ടോട്ടനം ഹോട്ട്സ്പർ മുന്നേറ്റനിരയിലെ പ്രധാന താരമായ സണ്ണിന്റെ അസാമാന്യ പ്രകടനമാണ് കരുത്തരായ സോക്കറൂസിനെ തോൽപിച്ച് ദക്ഷിണ കൊറിയയെ സെമിയിലേക്കെത്തിക്കുന്നതിൽ നിർണായകമായത്. ആദ്യം മുന്നിട്ട് നിന്ന ആസ്ട്രേലിയക്കെതിരെ ഇഞ്ചുറി ടൈമിൽ ഹ്വാങ് ഹീ ചാൻ പെനാൽറ്റി കിക്ക് ഗോളാക്കിയതോടെ എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തിൽ സണ്ണിന്റെ മഴവില്ലഴകുള്ള ഗോളാണ് കൊറിയക്ക് വിജയം നേടിക്കൊടുത്തത്.
2015ൽ സിഡ്നിയിൽ നടന്ന ഫൈനലിൽ ആസ്ട്രേലിയൻ ടീമിനോട് പരാജയപ്പെട്ട് ഒമ്പതു വർഷം കഴിഞ്ഞാണ് കൊറിയ അവർക്കെതിരെ വിജയം സ്വന്തമാക്കുന്നത്.
‘ആസ്ട്രേലിയക്കെതിരായ വിജയത്തെ പ്രതികാരമെന്ന് വിളിക്കാൻ ആഗ്രഹിക്കുന്നില്ല. പക്ഷേ 2015, അത് വേദനജനകമായ അനുഭവമായിരുന്നു. നിരവധി അവസരങ്ങളാണ് അന്ന് ലഭിച്ചത്. അന്ന് നിരാശരായ കളിക്കാരിൽ ഒരാളാണ് ഞാനും.
ഇത് ഫുട്ബാളിന്റെ ഭാഗമാണ്. ആ അനുഭവങ്ങൾ വ്യക്തിയെന്ന നിലയിലും ഫുട്ബാൾ താരമെന്ന നിലയിലും പക്വത പ്രാപിക്കാൻ എന്നെ സഹായിച്ചിട്ടുണ്ട്. അത് തന്നെയാണ് എന്നെ ഈ വഴിയിലെത്തിച്ചതും’ -സൺ പറഞ്ഞു.
‘ഈ കളിയിൽ ശ്രദ്ധിച്ചത് 2015നെക്കുറിച്ചായിരുന്നില്ല, ഈ ടൂർണമെന്റിലെ എന്റെ ലക്ഷ്യത്തെയും ടീമിന്റെ ലക്ഷ്യത്തെയും കുറിച്ചായിരുന്നു. അതായിരുന്നു ഉത്തരവാദിത്തം. ലക്ഷ്യത്തിലേക്ക് ഒരുപടി കൂടി അടുത്തിരിക്കുകയാണ് -സൺ പറഞ്ഞു.
2019ൽ യു.എ.ഇയിൽ നടന്ന ഏഷ്യൻ കപ്പിൽ ക്വാർട്ടറിലെത്തിയ കൊറിയ, അന്നത്തെ ജേതാക്കളായ ഖത്തറിനോട് അടിയറവ് പറയുകയായിരുന്നു. അതോടെ കൊറിയയുടെ കിരീട വരൾച്ച തുടർന്നു. ഖത്തർ ഏഷ്യൻ കപ്പ് നടക്കുമ്പോൾ ഒരു വൻകര ചാമ്പ്യൻഷിപ് നേടിയിട്ട് 64 വർഷം പിന്നിട്ടു. പരാജയപ്പെടാൻ വിസമ്മതിക്കുന്ന കൊറിയൻ ടീമിനെ കൊറിയയിലെ ആരാധകർ ‘സോംബി ടീം’ എന്നാണിപ്പോൾ വിളിക്കുന്നത്. ജോർഡൻ, മലേഷ്യ, സൗദി അറേബ്യ, ആസ്ട്രേലിയ എന്നിവരോടെല്ലാം ഇഞ്ചുറി ടൈമിലെ ഗോളുകളാണ് കൊറിയയെ തുണച്ചത്.
‘നാല് ടീമുകൾ മാത്രമാണ് ഇനിയുള്ളത്. അതിൽനിന്ന് ഒരു ടീം മാത്രമായിരിക്കും കിരീടത്തിൽ മുത്തമിടുക. അതിനുവേണ്ടി പോരാടാൻ ഞാൻ ആഗ്രഹിക്കുകയാണ്. അതിന് ഞങ്ങൾ ഏതറ്റം വരെയും പോകുമെന്നും താരം പ്രതീക്ഷയോടെ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.