എ.എഫ്.സി ചാമ്പ്യൻസ് ലീഗിൽ 'കോവിഡ് കളി'; നിലവിലെ ചാമ്പ്യന്മാർ അയോഗ്യർ
text_fieldsദോഹ: എ.എഫ്.സി ചാമ്പ്യൻസ് ലീഗ് ചാമ്പ്യൻഷിപ്പിൽനിന്ന് നിലവിലെ ചാമ്പ്യൻമാരായ അൽ ഹിലാൽ പുറത്ത്. യു.എ.ഇ ക്ലബായ ശബാബ് അൽ അഹ്ലിക്കെതിരായ മത്സരത്തിന് മുമ്പായി സമർപ്പിക്കേണ്ട 13 അംഗ താരങ്ങളുടെ പട്ടിക നൽകുന്നതിലെ വീഴ്ചയാണ് നിലവിലെ ചാമ്പ്യന്മാരായ സൗദി ക്ലബ് അൽ ഹിലാലിന് ചാമ്പ്യൻഷിപ്പിൽനിന്ന് പുറത്തേക്കുള്ള വഴിയൊരുക്കിയത്. ടീമിനെ അയോഗ്യരാക്കിയതോടെ ക്ലബ് കളിച്ച ഗ്രൂപ്പിലെ മുഴുവൻ മത്സരങ്ങളും എ.എഫ്.സി അസാധുവാക്കി. ഇത് ഇറാൻ ക്ലബ് പഖ്താകോർ, ഷബാബ് അൽ അഹ്ലി ക്ലബുകൾക്ക് രണ്ടാം റൗണ്ടിലേക്കുള്ള പാത എളുപ്പമാക്കി.
കോവിഡ്–19 സാഹചര്യത്തിൽ ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ പുറത്തിറക്കിയ നിയമനിർദേശങ്ങളിൽ 4.3 നമ്പർ വകുപ്പ് പ്രകാരമാണ് ക്ലബിനെ ടൂർണമെൻറിൽനിന്ന് അയോഗ്യരാക്കിയത്. ഷബാബ് അൽ അഹ്ലിക്കെതിരായ മത്സരത്തിന് മുമ്പായി 11 അംഗ താരങ്ങളുടെ അന്തിമ പട്ടികയാണ് ക്ലബ് നൽകിയത്. ഇത് എ.എഫ്.സി ചാമ്പ്യൻസ് ലീഗ് നിയമങ്ങളുടെ ആറാം നമ്പർ വകുപ്പ് ലംഘനമാണ് കോൺഫെഡറേഷൻ കണക്കിലെടുത്തത്. ചാമ്പ്യൻഷിപ്പിന് മുമ്പായി ഓരോ ക്ലബും 35 താരങ്ങളുടെ പട്ടികയാണ് നൽകേണ്ടിയിരുന്നത്. സൗദിയിൽനിന്നുള്ള അൽ ഹിലാൽ നൽകിയതാകട്ടെ 30 അംഗ പട്ടികയും. ഇതിൽതന്നെ 27 താരങ്ങൾ മാത്രമാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനായി ദോഹയിലെത്തിയത്. കോവിഡ്–19 കാരണം ടീമിലെ പലർക്കും ദോഹയിലെത്താൻ സാധിക്കാത്തതിനാൽ ഒരു ടീമിൽ രണ്ട് ഗോൾകീപ്പറെ ഉൾപ്പെടുത്താനുള്ള അനുമതി എ.എഫ്.സി ക്ലബിന് നൽകിയിരുന്നു. ഷബാബ് അൽ അഹ്ലിക്കെതിരായ മത്സരത്തിന് നൽകിയ 11 അംഗ പട്ടികയിൽ മൂന്ന് ഗോൾകീപ്പർമാരാണുണ്ടായിരുന്നത്. ഇതിൽ രണ്ട് ഗോൾകീപ്പറെ പുറത്തിരുത്തിയാൽ സ്റ്റാർട്ടിങ് ലൈനപ്പിൽ ഒമ്പത് താരങ്ങൾ മാത്രമാകും. മത്സരം മാറ്റിവെപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സൗദി ഫുട്ബാൾ ഫെഡറേഷെൻറ ഭാഗത്തുനിന്നും കടുത്ത സമ്മർദമുണ്ടായെങ്കിലും എ.എഫ്.സിയുടെ കടുത്ത തീരുമാനങ്ങൾക്ക് മുന്നിൽ മുട്ട് മടക്കി.
കോവിഡ്–19 കാരണം നേരത്തേ നിർത്തിവെച്ച മത്സരങ്ങളാണ് ഇപ്പോൾ പുനരാരംഭിച്ചിരിക്കുന്നത്. കോവിഡ്–19 പശ്ചാത്തലത്തിൽ മത്സരങ്ങളിൽ മാറ്റം വരുത്തിയാൽ ചാമ്പ്യൻഷിപ്പിനെ ബാധിക്കുമെന്ന് എ.എഫ്.സി കോവിഡ്–19 സബ് കമ്മിറ്റി കണ്ടെത്തിയതും സൗദി ക്ലബിന് തിരിച്ചടിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.