എ.എഫ്.സി ചാമ്പ്യൻസ് ലീഗ് ഫൈനൽ ഖത്തറിൽ
text_fieldsദോഹ: ഈ വർഷത്തെ എ.എഫ്.സി ചാമ്പ്യൻസ് ലീഗ് ഫൈനലിന് ഖത്തർ ആതിഥേയത്വം വഹിക്കുമെന്ന് ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ (എ.എഫ്.സി) അറിയിച്ചു.നവംബർ മധ്യത്തോടെ കിഴക്കനേഷ്യൻ മേഖല ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾക്കുള്ള ഖത്തറിെൻറ തയാറെടുപ്പുകൾക്കിടയിലാണ് എ.എഫ്.സിയുടെ പ്രഖ്യാപനം. മലേഷ്യയിൽ നടക്കാനിരുന്ന കിഴക്കൻ മേഖല മത്സരങ്ങൾ അവിടെ കോവിഡ്-19 പോസിറ്റിവ് കേസുകൾ വർധിച്ചതിനാലാണ് ഖത്തറിലേക്ക് മാറ്റാൻ എ.എഫ്.സി തീരുമാനിച്ചത്. ലോകകപ്പ് സ്റ്റേഡിയങ്ങളുൾപ്പെടെ നാല് വേദികളിലായി പശ്ചിമേഷ്യൻ മേഖലാ എ.എഫ്.സി ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ വിജയകരമായി പൂർത്തിയാക്കിയതാണ് ഖത്തറിനെ തെരഞ്ഞെടുക്കാൻ എ.എഫ്.സിക്ക് പ്രചോദനമായത്. കോവിഡ്-19 പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങൾക്കിടയിൽ വിജയകരമായി സെമി ഫൈനലടക്കമുള്ള മത്സരങ്ങൾ സംഘടിപ്പിച്ചത് എ.എഫ്.സിയുടെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.
കോവിഡ്-19 പശ്ചാത്തലത്തിൽ ക്ലബുകളുടെയും ഓഫിഷ്യലുകളുടെയും ആരോഗ്യസുരക്ഷയും സംരക്ഷണവും ഉറപ്പുവരുത്തുന്നതിെൻറ ഭാഗമായി 2020 എ.എഫ്.സി ചാമ്പ്യൻസ് ലീഗ് ഫൈനലിന് വേദിയായി ഖത്തറിനെ തെരഞ്ഞെടുക്കുകയാണെന്നും ഖത്തറിനും പ്രാദേശിക അതോറിറ്റികൾക്കും മന്ത്രാലയങ്ങൾക്കും പ്രത്യേക നന്ദി അറിയിക്കുകയാണെന്ന് എ.എഫ്.സി ജനറൽ സെക്രട്ടറി ഡാറ്റോ വിൻസർ ജോൺ പറഞ്ഞു.
പശ്ചിമേഷ്യൻ മത്സരങ്ങൾ വിജയകരമായി സംഘടിപ്പിച്ചതും നവംബറിൽ കിഴക്കനേഷ്യൻ മേഖലാ മത്സരങ്ങൾക്കുള്ള തയാറെടുപ്പുകൾ നടക്കുന്നതും ഖത്തറിന് ആത്മവിശ്വാസം നൽകുന്നതാണ്. ഏറ്റവും മികച്ച എ.എഫ്.സി ചാമ്പ്യൻസ് ലീഗ് ഫൈനൽ മത്സരം സംഘടിപ്പിക്കാൻ ഖത്തറിന് കഴിയുമെന്ന് ഉറച്ച പ്രതീക്ഷയുണ്ടെന്നും ഖത്തർ ഫുട്ബാൾ അസോസിയേഷൻ സെക്രട്ടറി ജനറൽ മൻസൂർ മുഹമ്മദ് അൽ അൻസാരി പറഞ്ഞു.
ഏഷ്യയിലെ ഏറ്റവും വലിയ ക്ലബ് ടൂർണമെൻറായ ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ കോവിഡ്-19 പശ്ചാത്തലത്തിൽ കഴിഞ്ഞ മാസമാണ് കടുത്ത നിയന്ത്രണങ്ങളോടെ പുനരാരംഭിച്ചത്. ഖത്തറിൽ 2022ലേക്കുള്ള ലോകകപ്പ് സ്റ്റേഡിയങ്ങൾ ഉൾപ്പെടെ വേദികളിലായിരുന്നു മത്സരം. ഈസ്റ്റ് സോണിലെ ജി, എച്ച് ഗ്രൂപ്പുകളിലെ മത്സരങ്ങൾക്ക് നേരത്തേ മലേഷ്യയായിരുന്നു വേദി നിശ്ചയിച്ചിരുന്നത്. നവംബർ 18 മുതൽ ഡിസംബർ 13 വരെയായിരിക്കും ഈസ്റ്റ് സോൺ മത്സരങ്ങളെന്ന് ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ നേരത്തേ അറിയിച്ചിരുന്നു.
ലോകമെമ്പാടും കോവിഡ്-19 വ്യാപനം റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് ഈ വർഷം മാർച്ച് മാസത്തിലാണ് ഫുട്ബാൾ മത്സരങ്ങൾ നിർത്തിവെക്കാൻ ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ തീരുമാനിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.