എ.എഫ്.സി ചാമ്പ്യൻസ് ലീഗ്: ഷാർജക്കെതിരെ ദുഹൈലിന് വിജയം; സദ്ദിന് സമനില
text_fieldsദോഹ: എ.എഫ്.സി ചാമ്പ്യൻസ് ലീഗ് പശ്ചിമ മേഖല മത്സരങ്ങളിൽ ഖത്തരി ക്ലബ് ദുഹൈൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് യു.എ.ഇ ക്ലബ് ഷാർജ എഫ്.സിയെ പരാജയപ്പെടുത്തി നില ഭദ്രമാക്കി. അതേസമയം, മറ്റൊരു ആതിഥേയ ക്ലബായ അൽ സദ്ദ്, അൽ ഐനുമായി മൂന്ന് ഗോളടിച്ച് സമനിലയിൽ പിരിഞ്ഞു.എജുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ് സി മത്സരത്തിൽ ആദ്യപകുതി അവസാനിക്കുന്നതിന് അഞ്ച് മിനിറ്റ് മുമ്പ് അൽ മുഇസ് അലിയിലൂടെയാണ് ഷാർജക്കെതിരെ ദുഹൈൽ ലീഡ് നേടിയത്.ലൂയിസ് ജൂനിയറിെൻറ മനോഹരമായ പാസ് സ്വീകരിച്ച് മുന്നേറിയ മുഇസ് അലി, ബോക്സിൽനിന്ന് വലയിലേക്ക് ഷോട്ടുതിർക്കുകയായിരുന്നു.
രണ്ടാം പകുതി ആരംഭിച്ച് ആറ് മിനിറ്റ് പിന്നിടവേ ഖത്തരി ലീഗ് ചാമ്പ്യൻമാർ ലീഡുയർത്തി. അബ്ദുല്ല അഹ്റാകിനെ വീഴ്ത്തിയതിന് ലഭിച്ച ഫ്രീകിക്കെടുത്തത് ക്ലബിലെ പുതിയതാരം റമിൻ റെസായേൻ. പന്ത് നേരെ പതിച്ചത് വലയിൽ.പാലെർമോയുടെ വകയായിരുന്നു ഷാർജയുടെ ആശ്വാസ ഗോൾ.മൂന്ന് മത്സരങ്ങളിൽനിന്ന് രണ്ട് ജയവും ഒരു തോൽവിയുമടക്കം ആറ് പോയൻറുമായി ഗ്രൂപ്പിൽ രണ്ടാമതാണ് ദുഹൈൽ. മൂന്ന് മത്സരങ്ങളിൽനിന്ന് ഒരുപോയൻറ് മാത്രമാണ് ഷാർജയുടെ സമ്പാദ്യം. സൗദി ക്ലബ് അൽ തആവുൻ ഏഴ് പോയൻറുമായി ഗ്രൂപ്പിൽ ഒന്നാമതാണ്. ഇറാെൻറ പെർസെപോളിസാണ് ഗ്രൂപ്പിലെ മറ്റൊരു ടീം.
ഗ്രൂപ് ഡിയിൽ അത്യന്തം ആവേശത്തോടെ സമാപിച്ച അൽ സദ്ദ്-അൽഐൻ മത്സരം മൂന്ന് ഗോളടിച്ച് സമനിലയിൽ പിരിഞ്ഞു. അൽ സദ്ദിനായി അക്രം അഫീഫ്, സാൻഡി കസോർള, ബഗ്ദാദ് ബുനജാഹ് എന്നിവർ ലക്ഷ്യം കണ്ടപ്പോൾ, അൽഐനിനായി കോജോ ലാബ, ഇസ്ലാം ഖാൻ എന്നിവർ ഗോൾനേടി. സദ്ദ് താരം ബുഅലാം ഖൗഖിയുടെ അശ്രദ്ധയിൽ ലഭിച്ച സെൽഫ് ഗോളാണ് അൽ ഐനിന് ടൂർണമെൻറിൽ ആദ്യ പോയൻറ് നേടിക്കൊടുത്തത്. ഗ്രൂപ് ഡിയിൽ മൂന്ന് മത്സരങ്ങൾ പൂർത്തിയായപ്പോൾ ഒരുജയവും രണ്ട് സമനിലയുമായി അഞ്ച് പോയൻറുമായി സദ്ദ് രണ്ടാം സ്ഥാനത്താണ്. അൽഐനിന് മൂന്ന് കളികളിൽനിന്ന് ഒരുപോയൻറ് മാത്രമാണ് ലഭിച്ചത്.സൗദി ക്ലബ് അൽ നാസറാണ് ഗ്രൂപ്പിൽ ഏഴ് പോയൻറുമായി ഒന്നാം സ്ഥാനത്ത്. ഇസ്ഫഹാനാണ് ഗ്രൂപ്പിലെ മറ്റൊരു ടീം.
കോവിഡിനെതിരെയുള്ള ദൃഢമനസ്സിന് പ്രശംസയുമായി എ.എഫ്.സി പ്രസിഡൻറ്
കോവിഡ്-19നെ തുടർന്നുണ്ടായ കനത്ത വെല്ലുവിളികൾക്കും പ്രതിസന്ധികൾക്കുമിടയിലും എ.എഫ്.സി ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ നടത്താനാകുന്നത് നിശ്ചദാർഢ്യത്തിെൻറ ഫലമാണെന്ന് എ.എഫ്.സി പ്രസിഡൻറും ഫിഫ സീനിയർ വൈസ് പ്രസിഡൻറുമായ ശൈഖ് സൽമാൻ ബിൻ ഇബ്രാഹിം അൽ ഖലീഫ പറഞ്ഞു.
സെപ്റ്റംബർ 14നാണ് എ.എഫ്.സി ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾക്ക് (പശ്ചിമ മേഖല) ഖത്തറിൽ തുടക്കമായത്. കോവിഡ്-19 വ്യാപനം തടയുന്നതിൽ വിശ്രമമില്ലാതെ പ്രയത്നത്തിലേർപ്പെട്ട ആരോഗ്യപ്രവർത്തകർക്ക് ആദരമർപ്പിച്ചാണ് ചാമ്പ്യൻഷിപ്പിന് തുടക്കം കുറിച്ചത്.ധീരതയോടെയും ത്യാഗമനസ്സോടെയും ഉന്നത നിലവാരത്തിലും പ്രഫഷനലിസം കാഴ്ചവെച്ചും മഹാമാരിക്കെതിരെ പോരാടിയവരാണ് യഥാർഥ ചാമ്പ്യൻമാരെന്ന് അദ്ദേഹം വ്യക്തമാക്കി. വമ്പൻ കായിക ചാമ്പ്യൻഷിപ്പുകൾ സംഘടിപ്പിക്കുന്നതിലുള്ള ഖത്തറിെൻറ കഴിവിനെയും പ്രാപ്തിയെയും അദ്ദേഹം പ്രശംസിച്ചു. ലോക നിലവാരത്തിലുള്ള വേദികളാണ് ഖത്തറിൽ ഫിഫ ലോകകപ്പിനായി നിർമിച്ചിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.