ട്വൻറി20 ലോകകപ്പിന് ഒരുങ്ങാൻ അഫ്ഗാൻ ക്രിക്കറ്റ് ടീം ഖത്തറിൽ
text_fieldsദോഹ: ഒടുവിൽ ഖത്തറിൻെറ ആതിഥേയത്വം സ്വീകരിച്ച് അഫ്ഗാനിസ്താൻ ക്രിക്കറ്റ് ടീമും ദോഹയിലെത്തി. ഒക്ടോബർ 23 മുതൽ ദുബൈയിൽ നടക്കുന്ന ട്വൻറി20 ക്രിക്കറ്റ് ലോകകപ്പിനുള്ള അഫ്ഗാനിസ്ഥാൻ ദേശീയ ടീമാണ് ബുധനാഴ്ച വൈകുന്നേരം കാബൂളിൽ നിന്നും പറന്നുയർന്ന ഖത്തർ എയർവേസ് വിമാനത്തിൽ ദോഹയിലെത്തിയത്. താലിബാൻ ഭരണകൂടത്തിൻെറ അപേക്ഷയെ തുടർന്നാണ് ടീമിന് യാത്രാ സൗകര്യം ഒരുക്കിയതെന്ന് ഖത്തർ വിദേശകാര്യ സഹമന്ത്രി ലുൽവ റാഷിദ് മുഹമ്മദ് അൽ ഖാതിർ അറിയിച്ചു. ദോഹയിൽ പരിശീലനം നടത്തുന്ന ടീം, ശേഷം ദുബൈയിലേക്ക് യാത്ര തിരിക്കും.
അഫ്ഗാനിൽ നിന്നുള്ള ഒഴിപ്പിക്കലിൻെറ ഭാഗമായി ഖത്തർ ഏർപ്പെടുത്തിയ ആറാമത്തെ വിമാനമാണ് ബുധനാഴ്ച ദോഹയിലെത്തിയത്. 300ലേറെ യാത്രക്കാരാണ് വിമാനത്തിലുള്ളതെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ആഗസ്റ്റിൽ ഖത്തർ നേതൃത്വത്തിൽ ആരംഭിച്ച ഒഴിപ്പിക്കലിനു ശേഷം കാബൂളിൽ നിന്നും ടേക്ക്ഓഫ് ചെയ്യുന്ന ഏറ്റവും വലിയ യാത്രാ വിമാനം കൂടിയായിരുന്നു ഇത്. രാജ്യം വിടാൻ ആഗ്രഹിച്ച അഫ്ഗാനികൾക്ക് പുറമെ, ബ്രിട്ടന്‍, ജര്‍മ്മനി, ഫ്രാന‍്സ്, സ്വീഡന്‍, ഇറ്റലി, കാനഡ ജപ്പാന്‍, ബെല്‍ജിയം, അയര്‍ലണ്ട്, , ഫിന്‍ലൻഡ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാരും വിമാനത്തിലുണ്ടായിരുന്നു. ദോഹയില്‍ നിന്നും ഇവര്‍ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങും. ഏതാനും ദിവസം മുമ്പ് 230 പേരുടെ സംഘം ഖത്തറിലെത്തിയിരുന്നു.
ആഗസ്റ്റ് 15ന് അഫ്ഗാനിസ്ഥാനിലെ ഭരണം താലിബാൻ പിടിച്ചടക്കിയ ശേഷം ദേശീയ ക്രിക്കറ്റ് ടീമിൻെറ ആദ്യ വിദേശ യാത്രയാണിത്. കാബൂളിൽ നിന്നും ടീം യാത്ര പുറപ്പെടും മുമ്പള്ള ചിത്രങ്ങൾ അഫ്ഗാൻ ദേശീയ ക്രിക്കറ്റ് ബോർഡ് ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. വനിതാ കായിക ഇനങ്ങളോടുള്ള താലിബാൻ ഭരണകൂടത്തിൻെറ നിഷേധാത്മക സമീപനത്തെ തുടർന്ന് പുരുഷ ടീമിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തിൽ നിന്നും അടുത്തിടെയാണ് ആസ്ട്രേലിയ പിൻവാങ്ങിയത്. വനിതാ സ്പോർട്സിന് അനുവാദം നൽകാൻ രാജ്യാന്തര തലത്തിൽ സമ്മർദം ശക്തമാവുന്നതിനിടെയാണ് അഫ്ഗാൻ ദേശീയ ടീം ലോകകപ്പിനായി പുറപ്പെട്ടത്.
ടീമിലെ മുൻനിര താരങ്ങളായ റാഷിദ് ഖാൻ, മുഹമ്മദ് നബി, മുജീബുർറഹ്മാൻ എന്നിവർ ഇന്ത്യൻ പ്രീമിയർ ലീഗ് ടീമുകൾക്കൊപ്പം ദുബൈയിലാണുള്ളത്. ലോകകപ്പ് സൂപ്പർ 12ലേക്ക് നേരിട്ട് യോഗ്യത നേടിയ അഫ്ഗാനിസ്താൻ ഗ്രൂപ്പ് രണ്ടിൽ ഇന്ത്യ, ന്യൂസിലൻഡ്, പാകിസ്താൻ ടീമുകൾക്കൊപ്പമാണ് മത്സരിക്കുന്നത്. ഒക്ടോബർ 25നാണ് ആദ്യ മത്സരം. ദോഹയിൽ പരിശീലനം ആരംഭിക്കുന്ന ടീം അംഗങ്ങൾ, വൈകാതെ ദുബൈയിലേക്ക് പുറപ്പെടും. ലോകകപ്പ് മത്സരങ്ങൾക്ക് മുമ്പായി വാം അപ്പ് മത്സരങ്ങളും കളിക്കുന്നുണ്ട്. 'ലോകകപ്പിനുള്ള ദേശീയ ടീം പുറപ്പെട്ടു. ആദ്യം ഖത്തറിലെത്തുന്ന ടീം ശേഷം യു.എ.ഇയിലേക്ക് യാത്രയാവും' -അഫ്ഗാൻ ക്രിക്കറ്റ് ബോർഡ് ഡയറക്ടർ ജനറൽ അസിസുള്ള ഫസ്ലി അറിയിച്ചു.-
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.