അഫ്ഗാൻ: ചർച്ചയാണ് പരിഹാരം –അമീർ
text_fieldsദോഹ: അഫ്ഗാനിലെയും ഫലസ്തീനിലെയും പ്രശ്നങ്ങളിലേക്ക് രാജ്യന്തര സമൂഹത്തിെൻറ ശ്രദ്ധ ക്ഷണിച്ചുകൊണ്ട് ഐക്യരാഷ്ട്ര സഭ പൊതുസമ്മേളനത്തിൽ ഖത്തർ അമീർ ശൈഖ് തമിം ബിൻ ഹമദ് ആൽഥാനിയുടെ പ്രസംഗം. 76ാമത് യു.എൻ ജനറൽ അസംബ്ലിയുടെ ഉദ്ഘാടന സെഷനിൽ സംസാരിച്ച ഖത്തർ അമീർ അഫ്ഗാനിലെ പ്രശ്നങ്ങൾക്ക് ചർച്ചയിലൂടെ തന്നെ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു. ഭരണം പിടിച്ചെടുത്ത താലിബാനുമായി രാജ്യാന്തര സമൂഹം ചർച്ചകൾക്ക് തയാറാവണമെന്നും ബഹിഷ്കരണവും നിസ്സഹകരണവും അഫ്ഗാനിസ്താനിലെ രാഷ്ട്രീയ സാഹചര്യങ്ങൾ വീണ്ടും വഷളാക്കാൻ ഇടവെക്കുമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ഫലസ്തീനും സിറിയയും ലബനാനും യെമനും ഇറാനും ഉൾപ്പെടെ മേഖലയിലെ എല്ലാ വിഷയങ്ങളും പരാമർശിച്ചായിരുന്നു അമീറിെൻറ ദൈർഘ്യമേറിയ പ്രഭാഷണം. കോവിഡ് മഹാമാരിയിലും വിവിധ രാജ്യങ്ങളിലെ സംഘർഷങ്ങളിലും ദുരിതാശ്വാസ സഹായമായും സമാധാന ചർച്ചക്കളായും ഖത്തർ ഇടപെട്ടത് മനുഷ്യത്വപരമായ ബാധ്യത എന്ന നിലയിലാണ്. സാധ്യമായ രീതിയിൽ ഇനിയും തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. 'പുറത്തു നിന്നും അടിച്ചേല്പിച്ച ഒരു രാഷ്ട്രീയ സംവിധാനത്തിെൻറ പരാജയമാണ് അഫ്ഗാനിസ്താനില്‍ കണ്ടത്. രണ്ടു പതിറ്റാണ്ട് കൊണ്ട് നടത്തിയ പരിശ്രമങ്ങളും ലക്ഷ്യങ്ങളും െചലവഴിച്ച പണവുമെല്ലാം ഇതു കാരണം പാഴായി.
അഫ്ഗാന് വിഷയത്തില്‍ പരിഹാരം യുദ്ധമായിരുന്നില്ലെന്ന നിലപാടില്‍ ഇപ്പോഴും ഖത്തര്‍ ഉറച്ചുനില്‍ക്കുന്നു. സുസ്ഥിര സമാധാനവും രാഷ്ട്രീയ ഐക്യവും പുനഃസ്ഥാപിക്കല്‍ മുഴുവന്‍ ജനങ്ങളുടെയും ഒപ്പം അന്താരാഷ്ട്ര സമൂഹത്തിെൻറയും ബാധ്യതയാണ്. ഇക്കാര്യത്തില്‍ ഖത്തര്‍ സാധ്യമായതെല്ലാം ചെയ്യും.
കഴിഞ്ഞ ഏതാനും ആഴ്ചകളിൽ അഫ്ഗാനിൽ കുടുങ്ങിയ വിവിധ രാജ്യങ്ങളിലെ പൗരന്മാരും സ്വദേശികളും ഉൾപ്പെടെ പതിനായിരങ്ങളെയാണ് ഖത്തർ സുരക്ഷിതമായി ഒഴിപ്പിച്ചത്. ഇത് ഞങ്ങളുടെ മാനുഷികമായ ബാധ്യത എന്നനിലയിലായിരുന്നു. പൗരന്മാരുടെ സുരക്ഷയും മനുഷ്യാവകാശവും ഉറപ്പുവരുത്തുകയും ഭീകരവാദത്തെ ഇല്ലാതാക്കി, യുദ്ധവും സംഘർഷവും അവസാനിപ്പിച്ച് സുസ്ഥിരമായ സമാധാനം നിലനിർത്തുകയുമാണ് അഫ്ഗാനിലെ ഇടപെടലിൽ ഖത്തറിെൻറ ലക്ഷ്യം.
യുദ്ധം ഒന്നിനും പരിഹാരമല്ലെന്ന് ഉറപ്പിച്ചു പറയാൻ ഈ വേദി ഞാൻ ഉപയോഗിക്കുകയാണ്' -യു.എൻ സമ്മേളനത്തിൽ അമീർ പറഞ്ഞു. 1967ലെ അതിര്‍ത്തി കരാര്‍ അനുസരിച്ച് കിഴക്കന്‍ ജറൂസലം തലസ്ഥാനമായിക്കൊണ്ടുള്ള സ്വതന്ത്ര ഫലസ്തീന് രാഷ്ട്രമെന്ന നിലപാടില്‍ ഖത്തര്‍ ഉറച്ചുനില്‍ക്കുന്നതായും ഈ പരിഹാരം സാധ്യമാക്കാന്‍ അന്താരാഷ്ട്ര സമൂഹത്തിന് ബാധ്യതയുണ്ടെന്നും വ്യക്തമാക്കിയ ഖത്തർ അമീർ, അന്യായമായി അറബ് മേഖല ൈകയടക്കുന്ന നടപടിയില്‍ നിന്നും ഇസ്രായേല്‍ പിന്തിരിയണമെന്നും ആവശ്യപ്പെട്ടു. ഫലസ്തീൻ വിഷയത്തിൽ അന്താരാഷ്ട്ര ഇടപെടലുണ്ടാവണമെന്നും അദ്ദേഹം വ്യക്തമാക്കി.
ഗള്‍ഫ് മേഖലയില്‍ സുസ്ഥിരതയും സമാധാനവും നിലനിര്‍ത്തുന്നതിന് വേണ്ടിയുള്ള പ്രയത്നങ്ങളാണ് ഖത്തര്‍ ഇതുവരെ നടത്തിയത്. ഈ പരിശ്രമങ്ങള്‍ ഇനിയും തുടരും. ഇറാന് ആണവായുധ പ്രശ്നത്തില്‍ പരസ്പര ബഹുമാനത്തോടെയുള്ള ഇടപെടലുകളും ചര്‍ച്ചകളുമാണ് അഭികാമ്യം. സിറിയന്‍ ജനതയുടെ ദുരിത ജീവിതത്തെ അന്താരാഷ്ട്രസമൂഹം അവഗണനയോടെ നോക്കിക്കാണുന്നത് ഖേദകരമാണെന്നും അമീർ ശൈഖ് തമിം ബിൻ ഹമദ് ആൽഥാനി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.