അഫ്ഗാൻ: ഖത്തർ-യു.എസ് സഹകരണത്തിന് ധാരണ
text_fieldsദോഹ: അഫ്ഗാന് അഭയാർഥികളുടെ സംരക്ഷണത്തിനും സുരക്ഷക്കുമായുള്ള സംയുക്ത സഹകരണ കരാറില്‍ ഖത്തറും അമേരിക്കയും ഒപ്പുവെച്ചു. വാഷിങ്ടണില്‍ നടന്ന അമേരിക്ക-ഖത്തര്‍ വാര്‍ഷിക നയതന്ത്ര സംഭാഷണത്തിെൻറ നാലാമത് സെഷനിലാണ് നിര്‍ണായക ധാരണപത്രത്തില്‍ ഇരു രാജ്യങ്ങളും ഒപ്പുവെച്ചത്. ആഭ്യന്തര യുദ്ധംമൂലം പലായനം ചെയ്യേണ്ടി വന്ന അഫ്ഗാനികള്‍ക്ക് സുരക്ഷിതമായ അഭയം നൽകുന്നതിനും യാത്രാവിസയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറുന്നതിനും ഇരു രാജ്യങ്ങളും സഹകരിച്ച് പ്രവര്‍ത്തിക്കും.
യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും ഖത്തര്‍ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന് ആൽഥാനിയുമാണ് ധാരണപത്രത്തില്‍ ഒപ്പിട്ടത്. ഭീകരവാദത്തെയും തീവ്രവാദത്തെയും ചെറുക്കല്‍, ലോകകപ്പ്, സൈനിക സുരക്ഷ, തൊഴില്‍, മനുഷ്യാവകാശ സംരക്ഷണവും മനുഷ്യക്കടത്ത് തടയലും, രാജ്യാന്തര യാത്ര, ഊർജ കാലാവസ്ഥ വ്യതിയാന മേഖല, സാംസ്കാരികവും വിദ്യാഭ്യാസ മേഖലകളിലെ സഹകരണവും, ആരോഗ്യം, സാമ്പത്തികം, വാണിജ്യം തുടങ്ങിയ മേഖലകളിലെല്ലാം സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിനുള്ള ചര്‍ച്ചകളും നടന്നു.
തുടർന്നു നടന്ന വാർത്തസമ്മേളനത്തിൽ അഫ്ഗാനിസ്താനെ ഒറ്റപ്പെടുത്തുന്നതും അവഗണിക്കുന്നതും സമാധാന നീക്കങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുമെന്ന് ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന് ആൽഥാനി വ്യക്തമാക്കി. അഫ്ഗാനെതിരെ ഏര്‍പ്പെടുത്തിയ ഉപരോധം യു.എന്‍ സുരക്ഷ കൗൺസില്‍ അവലോകനം ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ആൻറണി ബ്ലിങ്കനും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
അഫ്ഗാനെ ഒറ്റപ്പെടുത്തലല്ല, മറിച്ച് ഇടപെടലാണ് അനിവാര്യം. അഫ്ഗാനിലെ ജനങ്ങള്‍ക്ക് അവശ്യസഹായങ്ങളെത്തിക്കാൻ ഖത്തര്‍ മുന്തിയ പരിഗണനയാണ് നല്‍കിവരുന്നതെന്നും ഇക്കാര്യത്തില്‍ മറ്റു രാജ്യങ്ങളുടെയും അന്താരാഷ്ട്ര സമൂഹത്തിെൻറയും സഹകരണവും ഇടപെടലും അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. താലിബാനെതിരായ യു.എന്‍ ഉപരോധ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് സുരക്ഷ കൗണ്‍സിലാണ്. മേഖലയിൽ സ്ഥിരത കൊണ്ടുവരുന്നതിലും ഉയർത്തിപ്പിടിക്കുന്നതിലും ഖത്തർ വലിയ പങ്കാണ് വഹിക്കുന്നതെന്ന് സ്റ്റേറ്റ് സെക്രട്ടറി ബ്ലിങ്കൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.