ലോകകപ്പിന് പിന്നാലെ ഏഷ്യാകപ്പ് വേദിയൊരുക്കാനും ഖത്തർ രംഗത്ത്
text_fieldsദോഹ: നവംബർ-ഡിസംബർ മാസത്തിൽ നടക്കുന്ന ലോകകപ്പ് ഫുട്ബാളിന്റെ ആവേശം ആറിത്തണുക്കും മുമ്പ് മറ്റൊരു ഫുട്ബാൾ ഉത്സവത്തെ വരവേൽക്കാനൊരുങ്ങി ഖത്തർ. 2023 ഏഷ്യാകപ്പ് ഫുട്ബാളിന് വേദിയൊരുക്കാൻ മറ്റ് മൂന്ന് രാഷ്ട്രങ്ങൾക്കൊപ്പം ഖത്തറും സന്നദ്ധ അറിയിച്ച് രംഗത്ത്. ദക്ഷിണ കൊറിയ, ആസ്ട്രേലിയ, ഇന്തോനേഷ്യ എന്നിവരാണ് ആതിഥേയത്വം വഹിക്കാനുള്ള താൽപര്യവുമായി ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷനെ സമീപിച്ച മറ്റു രാജ്യങ്ങൾ.
നേരത്തെ ആതിഥേയരായി പ്രഖ്യാപിച്ച ചൈന പിന്മാറിയതോടെയാണ് എ.എഫ്.സി പുതിയ വേദിക്കായി ശ്രമം ആരംഭിച്ചത്. ആഗസ്റ്റ് 31 വരെയാണ് ബിഡ് അപേക്ഷ സമർപ്പിക്കാനുള്ള സമയം. ഒക്ടോബർ 17ന് ചേരുന്ന എ.എഫ്.സി എക്സിക്യൂട്ടീവ് കൗൺസിൽ വേദി തീരുമാനിക്കും.
അടുത്തവർഷം ജൂൺ-ജൂലായ് മാസത്തിൽ ചൈനയിൽ വെച്ചായിരുന്നു ഏഷ്യാകപ്പ് നടത്താൻ തീരുമാനിച്ചത്. എന്നാൽ, കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ചൈന പിൻവാങ്ങുകയായിരുന്നു.
ലോകകപ്പിനായി എട്ട് സ്റ്റേഡിയങ്ങളുമായി സർവസജ്ജീകരണങ്ങളോടെ ഒരുങ്ങുന്ന ഖത്തറിന് 24 ടീമുകൾ പങ്കെടുക്കുന്ന ഏഷ്യാകപ്പ് ഫുട്ബാളിന് വേദിയൊരുക്കുക വെല്ലുവിളിയല്ല. അടിസ്ഥാന സൗകര്യങ്ങളെല്ലാം സജ്ജമായതു തന്നെ മറ്റൊരു മേളയെ വരവേൽക്കാനും ഖത്തറിനെ പ്രേരിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.