കൃഷിപ്രേമികളുടെ സംഗമവേദിയായി അഗ്രി ഫെയർ
text_fieldsദോഹ: പ്രവാസികൾക്കിടയിൽ കൃഷിയോടുള്ള ആഭിമുഖ്യം വളർത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ഗ്രീൻ ഖത്തർ, സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി (സി.ഐ.സി) റയ്യാൻ സോണുമായി സഹകരിച്ച് സംഘടിപ്പിച്ച എക്സിബിഷൻ 'അഗ്രി ഫെയർ 2022'ശ്രദ്ധേയമായി.
വൈകീട്ട് നാലു മുതൽ രാത്രി 10 വരെ നടന്ന ഫെസ്റ്റിലേക്ക് കൃഷി അറിവുകൾ തേടിയും അനുഭവങ്ങൾ കേൾക്കാനുമായി ആയിരങ്ങളെത്തി. രാജ്യത്ത് കൃഷിയിൽ പ്രാവീണ്യം തെളിയിച്ച ഗ്രീൻ ഖത്തർ വളന്റിയർമാർ ഇലൈഹി സബീല, ഹമാമ ഷാഹിദ്, സജ്‌ന നജീം, നിഷ മുസ്‌ലിഹ് എന്നിവരുടെ നേതൃത്വത്തിൽ മണ്ണൊരുക്കൽ മുതൽ വിളവെടുപ്പ് വരെയുള്ള ഓരോ ഘട്ടവും മനോഹരമായി ഒരുക്കിയ സ്റ്റാളുകളിലൂടെ നേരിട്ട് വിശദീകരിച്ചുനൽകി. സന്ദർശകരുടെ സംശയങ്ങൾക്ക് മറുപടിയും നൽകി.
രാജ്യത്തെ ഗാർഹിക പരിതസ്ഥിതിയിൽ എങ്ങനെ കൃഷി നടത്താം എന്ന് വിശദീകരിച്ചുള്ള ചാർട്ടുകളും പ്രദർശിപ്പിച്ചിരുന്നു.പ്രദർശനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം 'ഗൾഫ് മാധ്യമം'ഷി ക്യു എക്‌സലൻസ് അവാർഡ് ജേതാക്കളായ അങ്കിത റായ് ചോക്‌സിയും പി.കെ. സൗദയും ചേർന്ന് നിർവഹിച്ചു.
അഗ്രി ഫെയർ ജനറൽ കൺവീനർ സജ്‌ന കരുവാട്ടിൽ അധ്യക്ഷത വഹിച്ചു. മെഹ്ദിയ മൻസൂറിന്റെ പ്രാർഥനാഗാനത്തോടെ ഉദ്ഘാടന സെഷൻ ആരംഭിച്ചു. സംഘാടക സമിതി കൺവീനർ ഷഫ്ന വാഹദ് സ്വാഗതം പറഞ്ഞു. സി.ഐ.സി റയ്യാൻ സോണൽ വൈസ് പ്രസിഡന്റ് സുബുൽ അബ്ദുൽ അസീസ് സംസാരിച്ചു. മുഖ്യാതിഥി അങ്കിത റായ് ചോക്സിക്ക് ഗ്രീൻ ഖത്തറിന്റെ ഉപഹാരം പി.കെ. സൗദ കൈമാറി. ഗ്രൂപ് അഡ്മിൻ ഷെജീന ജലീൽ നന്ദി പ്രകാശിപ്പിച്ചു.
ചാണകം, വളം, വലകൾ, ചെടിച്ചട്ടികൾ തുടങ്ങി കൃഷി ഒരുക്കാൻ ആവശ്യമായ സാധനങ്ങൾ ലഭ്യമാവുന്ന സ്റ്റാളുകളും വിത്തുകൾ, വിവിധ തരം ചെടികൾ തുടങ്ങിയ സൗജന്യമായി വിതരണം ചെയ്യുന്ന സ്റ്റാളുകളും ഒരുക്കിയിരുന്നു.
സംഘാടക സമിതി കൺവീനർമാരായ എം.എം. അബ്ദുൽ ജലീൽ, സിദ്ദീഖ് വേങ്ങര, കെ. ഹാരിസ്, ശബാന ഷാഫി, ഹഫ്സത്ത് മൂന്നാക്കൽ, ഷെറീൻ ഷെബീർ, സൈനബ ജലീൽ, കമറുന്നീസ, സുനീറ സലാം, ടി.കെ. താഹിർ, മുഹമ്മദ് റഫീഖ് എന്നിവരുടെ നേതൃത്വത്തിലുള്ള വളന്റിയർമാരും സി.ഐ.സി റയ്യാൻ സോണൽ ഭാരവാഹികളും പരിപാടി നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.