ഖത്തറിൽ ലക്ഷം ടൺ മറികടന്ന് കാർഷികോൽപാദനം
text_fieldsദോഹ: കഴിഞ്ഞ വർഷം ഖത്തർ ഉൽപാദിപ്പിച്ചത് ഒരു ലക്ഷം ടൺ കാർഷിക ഉൽപന്നങ്ങൾ. ഇതിലൂടെ പച്ചക്കറി ഉൽപാദനത്തിൽ രാജ്യത്തിന്റെ സ്വയം പര്യാപ്തത 46 ശതമാനമായി ഉയർന്നതായി ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയം കാർഷിക വകുപ്പ് മേധാവി യൂസുഫ് ഖാലിദ് അൽ ഖുലൈഫി പറഞ്ഞു. 2017നെ അപേക്ഷിച്ച് ഖത്തറിന്റെ പ്രാദേശിക പച്ചക്കറി ഉൽപാദനത്തിൽ 100 ശതമാനം വർധനവുണ്ടായതായും യൂസുഫ് ഖാലിദ് അൽ ഖുലൈഫി കൂട്ടിച്ചേർത്തു.
സ്വയംപര്യാപ്തതയുടെ ഒരുപരിധി വരെ കാർഷികോൽപാദനം വർധിപ്പിക്കുകയാണ് മന്ത്രാലയത്തിന്റെ ലക്ഷ്യം. ഖത്തറിന്റെ പ്രത്യേക കാലാവസ്ഥ പരിഗണിച്ച് നവംബർ മുതൽ മേയ് വരെ കാർഷിക സീസൺ വിപുലീകരിക്കുന്നത് പോലെയുള്ള നിരവധി നടപടികൾ രാജ്യം സ്വീകരിച്ചിട്ടുണ്ടെന്നും ഖത്തർ ടി.വിക്ക് നൽകിയ അഭിമുഖത്തിൽ അൽ ഖുലൈഫി വ്യക്തമാക്കി.
ഹരിതഗൃഹങ്ങളുടെ പിന്തുണയോടെ വർഷം മുഴുവൻ കാർഷികോൽപാദനം ഉറപ്പാക്കി സീസൺ വിപുലീകരിക്കുകയാണ്. വേനൽക്കാലത്ത് ഫാമുകളിൽ പച്ചക്കറി ഉൽപാദിപ്പിക്കുന്നതിന് ഖത്തറിലെ കാലാവസ്ഥ അത്ര അനുകൂലമല്ലാത്തതിനാൽ ഹരിതഗൃഹങ്ങളിലൂടെ പച്ചക്കറികൾ വളർത്തുന്നതിന് അനുയോജ്യമായ അന്തരീക്ഷം ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
ഇറക്കുമതി ചെയ്ത കോൾഡ് ഹൗസുകൾ പ്രാദേശിക കാലാവസ്ഥക്ക് അനുയോജ്യമായ മാറ്റങ്ങൾ വരുത്തി ഉപയോഗിച്ചത് കാർഷികോൽപാദനം വർധിപ്പിക്കുന്നതിൽ വലിയ പങ്കുവഹിച്ചു.
ഖത്തറിലെ കാലാവസ്ഥക്കനുസരിച്ച് ഉൽപാദനം മെച്ചപ്പെടുത്തുന്നതിന് ജലക്ഷമതയുള്ള ശീതഗൃഹങ്ങൾ വികസിപ്പിക്കുന്നതിന്റെ ഭാഗമായി കാർഷിക ഗവേഷണ വകുപ്പുമായി സഹകരിച്ച് പ്രവർത്തിച്ചു. പ്രാദേശിക ഉൽപന്നങ്ങളുടെ ആദ്യ വിപണന പ്ലാറ്റ്ഫോമായ യാർഡ് ഫോർ സെല്ലിങ് അഗ്രികൾച്ചറൽ പ്രൊഡ്യൂസ് 2012ൽ അൽ മസ്റൂഅയിൽ തുറന്നു. ക്രമേണ അത് അഞ്ച് വിപണികളായി വർധിച്ചു.
അൽ മസ്റൂഅയിലെ സീസണൽ പച്ചക്കറി വിപണി സ്ഥിരമായ ഒരു കേന്ദ്രത്തിലേക്ക് മാറ്റി വർഷം മുഴുവനും അതിന്റെ പ്രവർത്തനം ഉറപ്പാക്കി പരീക്ഷണങ്ങൾ നടത്തി. ഇടനിലക്കാരില്ലാതെ ഫാമുകളിൽനിന്ന് ഉപഭോക്താക്കൾക്ക് നേരിട്ട് ഉൽപന്നങ്ങൾ വിൽപന നടത്തുന്നതിന് ഏറെ പ്രാധാന്യമാണ് നൽകുന്നത്.
നിരവധി ഉപഭോക്താക്കളെ ആകർഷിക്കുന്നതിൽ അൽ മസ്റൂഅ മാർക്കറ്റ് വിജയിച്ചതോടെ വക്റയിലെയും അൽഖോറിലെയും യാർഡുകളുടെ പ്രവർത്തന സമയം ദീർഘിപ്പിക്കുകയും ആഴ്ചയിൽ മൂന്ന് ദിവസമാക്കി ഉയർത്തുകയും ചെയ്തു. നവംബറിൽ തുറന്ന മൂന്ന് യാർഡുകൾ ആഴ്ചയിൽ മുഴുവൻ സമയം പ്രവർത്തിക്കുന്നുണ്ട്.
അൽ ശീഹാനിയയിലെയും അൽ ശമാലിലെയും ശേഷിക്കുന്ന രണ്ട് മാർക്കറ്റുകൾ വ്യാഴം, വെള്ളി ദിവസങ്ങളിൽ മാത്രമാണ് പ്രവർത്തിക്കുക.ഖത്തർ ഫാമുകൾ, പ്രീമിയം ഉൽപന്നങ്ങൾ എന്നീ രണ്ട് സംരംഭങ്ങളും മുനിസിപ്പാലിറ്റി മന്ത്രാലയം നടത്തിവരുന്നുണ്ടെന്ന് അൽഖുലൈഫി ചൂണ്ടിക്കാട്ടി.
കൂടാതെ വിപണനത്തിനും കൃഷിക്കും വേണ്ടിയുള്ള മഹാസീൽ, ഹസാദിന്റെ അനുബന്ധ സ്ഥാപനമായ അഗ്രികൾച്ചറൽ സർവിസ് കമ്പനിയും സ്ഥാപിച്ചതായും അദ്ദേഹം സൂചിപ്പിച്ചു. പ്രാദേശിക കാർഷികോൽപന്നങ്ങളുടെ 50 ശതമാനവും വിറ്റഴിക്കുന്നതിൽ ഈ സംരംഭങ്ങൾ വലിയ പങ്ക് വഹിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.