ഹിറ്റായി കാർഷിക-പരിസ്ഥിതി മേള
text_fieldsദോഹ: അഞ്ചു ദിവസം നീണ്ട ഖത്തറിെൻറ രാജ്യാന്തര കാർഷിക-പരിസ്ഥിതി എക്സിബിഷനിൽ 30,000ത്തിലേറെ സന്ദർശകർ ഒഴുകിയെത്തി. ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്‍ററിൽ മുനിസിപ്പാലിറ്റി മന്ത്രാലയത്തിെൻറയും പരിസ്ഥിതി-കാലാവസ്ഥ വ്യതിയാന മന്ത്രാലയത്തിെൻറയും നേതൃത്വത്തിൽ നടന്ന ഒമ്പതാമത് അഗ്രിടെക്യൂ, മൂന്നാമത് എൻവയടെക്യൂ പ്രദർശനം മാർച്ച് ഒമ്പതിന് ആരംഭിച്ച് 14നായിരുന്നു സമാപിച്ചത്. സമാപന ചടങ്ങുകൾ മുനിസിപ്പാലിറ്റി മന്ത്രി അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ബിൻ തുർകി അൽ സുബൈഇ, പരിസ്ഥിതി മന്ത്രി ശൈഖ് ഡോ. ഫലഹ് ബിൻ നാസർ ബിൻ അഹമ്മദ് ബിൻ അലി ആൽഥാനി എന്നിവരുടെ സാന്നിധ്യത്തിൽ നടന്നു. മേളയിലെ പ്രധാന പങ്കാളികളായ ബലദ്ന, ഖത്തർ ഡെവലപ്മെന്‍റ് ബാങ്ക്, ഹസാദ് ഫുട്, അൽ മീറ, ലുലു ഹൈപർമാർക്കറ്റ്, സുപ്രീംകമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി, ഖത്തർ ചേംബർ, അഗ്രികോ ഖത്തർ, ഖത്തർ ഇസ്ലാമിക് ബാങ്ക്, വൊഡഫോൺ, അൽ റയ്യാൻ വാട്ടർ കമ്പനി, അൽ സുലൈതീൻ ഗ്രൂപ് എന്നിവയുടെ പ്രതിനിധികളെ ഉപഹാരം നൽകി ആദരിച്ചു.
അഞ്ചുദിനം നീണ്ട പ്രദർശനത്തിൽ മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയങ്ങൾ, വിവിധ കമ്പനികൾ, തദ്ദേശീയ സ്ഥാപനങ്ങൾ, വിദേശ കമ്പനികൾ എന്നിവരുടെയെല്ലാം നേതൃത്വത്തിൽ വിവിധ കരാറുകൾ സംബന്ധിച്ച് ധാരണയായി.
രാജ്യത്തിെൻറയും മേഖലയുടെയും ഭക്ഷ്യ സുരക്ഷക്കും ഗവേഷണ യത്നങ്ങൾക്കും കാർഷിക മേള ഗുണകരമായതായും വിലയിരുത്തി. 52 രാജ്യങ്ങളിൽനിന്നായി 650ഓളം സ്ഥാപനങ്ങൾ പങ്കെടുത്ത പ്രദർശനം വൻ വിജയമായിരുന്നെന്ന് സംഘാടക സമിതി തലവൻ എൻജിനീയർ മുഹമ്മദ് അലി അൽ ഖൗറി പറഞ്ഞു. 30 രാജ്യങ്ങളുടെ ഔദ്യോഗിക പവിലിയനുകളും ഉണ്ടായിരുന്നു. കാർഷിക മേഖലയിലെ ശാസ്ത്രജ്ഞർ, ഗവേഷകർ എന്നിവരെയും പ്രദർശനം ആകർഷിച്ചു. 40 ഖത്തരി ഗവേഷകർ ഉൾപ്പെടെ 56ഓളം വിദഗ്ധർ സെമിനാറുകളിൽ പ്രഭാഷണം നടത്തി. ഖത്തറിലെ കാർഷിക-പാരിസ്ഥിതിക ഗവേഷണ ചരിത്രത്തിൽ ഇടം പിടിച്ച മേളയായാണ് പ്രദർശനം സമാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.