സിറ്റി ഓഫ് ജോയ്
text_fieldsഏഷ്യൻ കപ്പ് കിരീടം നേടിയ ഖത്തർ ടീം അംഗങ്ങൾ ലുസൈൽ ബൊളെവാഡിൽ നടത്തിയ ചാമ്പ്യൻസ് പരേഡിൽ നിന്ന്
ദോഹ: കഴിഞ്ഞ ലോകകപ്പ് ഫുട്ബാൾ വേളയിൽ പലനാട്ടുകാരാണ് ഖത്തറിന്റെ മണ്ണിൽ ആഘോഷിച്ചു മടങ്ങിയതെങ്കിൽ ‘2024 ഫെബ്രുവരി 10, ശനിയാഴ്ച’ രാത്രി ഖത്തരികൾക്കുള്ളതായിരുന്നു. ലോകകപ്പിന്റെ നാളുകളിൽ അന്യനാട്ടുകാരായ അതിഥികൾക്ക് സ്വന്തം വീടൊഴിഞ്ഞും, മജ്ലിസിലേക്ക് ക്ഷണിച്ചിരുത്തി അർജന്റീനക്കാരനും ബ്രസീലുകാരനും മധുരം പകർന്നും ഫുട്ബാൾ ഉത്സവത്തെ എല്ലാവരുടേതുമാക്കി മാറ്റിയവർ ഈ രാത്രി തങ്ങളുടേതു മാത്രമാക്കി.
ശനിയാഴ്ച വൈകീട്ട് ലുസൈൽ സ്റ്റേഡിയത്തിൽ കിക്കോഫ് കുറിച്ച കലാശപ്പോരാട്ടം, ഫുൾടൈമിൽ അവസാനിച്ച നിമിഷം തുടങ്ങിയ ആഘോഷം ഞായറാഴ്ച രാത്രിയിലും നിലച്ചിട്ടില്ല. ലുസൈലിലെ കളിമുറ്റത്ത് രാഷ്ട്ര നായകൻ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഓരോ താരങ്ങളേയും നെഞ്ചോട് ചേർത്ത് ആശ്ലേഷിച്ച് തുടങ്ങിയ ആഘോഷം, ലുസൈൽ ബൊളെവാഡിൽ നായകൻ ഹസൻ അൽ ഹൈദോസും സൂപ്പർതാരം അക്രം അഫീഫും നയിച്ച ‘ചാമ്പ്യൻസ് പരേഡിലൂടെയും’ പിന്നെ സൂഖ് വാഖിഫ്, മുശൈരിബ് ഡൗൺ ടൗൺ, കതാറ, അൽബിദ പാർക്കിലെ ദോഹ എക്സ്പോ വേദികൾ എന്നിവയിലൂടെ പടർന്ന് ഖത്തറിന്റെ ദിക്കുമൂലകളിലെ നിരത്തുകളിലുമായും തുടർന്നു. ശനിയാഴ്ച രാത്രി 10 ഓടെ ഫൈനലും കഴിഞ്ഞ് ലുസൈൽ സ്റ്റേഡിയത്തിൽനിന്നും ആരാധകർ ഒഴിഞ്ഞു തുടങ്ങിയതിനു പിറകെ ആഘോഷങ്ങൾക്കും കിക്കോഫ് വിസിൽ മുഴങ്ങി.
കതാറയിലെ ആരാധക ആഘോഷം
റോഡുകളിൽ വാഹനങ്ങളുടെ മേൽതട്ട് നീക്കി, ഖത്തർ ദേശീയ പതാകകൾ വീശിയും ഉറക്കെ ഹോണുകൾ മുഴക്കിയും അറബ് ഗാനങ്ങൾ ആലപിച്ചുമായിരുന്നു ആരാധകരുടെ ആഘോഷങ്ങൾ. ‘ഹയ്യൂ അൽ അന്നാബീ ഹയ്യൂ...’ എന്ന മുദ്രാവാക്യങ്ങളുമായി നീളൻ മെറൂൺ കുപ്പായമണിഞ്ഞും, കൂറ്റൻ ദേശീയ പതാക വീശിയും അവർ നിരത്തുകളെ പൂരപ്പറമ്പാക്കിമാറ്റി. ഹസൻ ഹൈദോസിനും കൂട്ടുകാർക്കും നന്ദി അറിയിച്ചും, രാജ്യത്തിന്റെ അഭിമാനം ആകാശത്തോളം ഉയർത്തിയവരെന്നും വിളിച്ചു പറഞ്ഞ് ദേശീയ ടീമിനെ പ്രശംസിച്ചുകൊണ്ട് എല്ലായിടത്തും ഒത്തുചേർന്നു.
ലുസൈൽ സ്റ്റേഡിയവും ബൊളെവാഡിലെ ചാമ്പ്യൻസ് പരേഡും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പേർ സംഗമിച്ചത് കതാറയിലായിരുന്നു. മാച്ച് ടിക്കറ്റ് ലഭിക്കാത്ത ആരാധകർ ബിഗ് സ്ക്രീനിൽ കളികാണാനായി കതാറയിലെ നാലോളം സ്ക്രീനുകൾക്ക് മുന്നിൽ ഇടംപിടിച്ചപ്പോൾ ഖത്തറിന്റെ വിജയാഘോഷത്തിനും അവിടെ തുടക്കം കുറിച്ചു.
കതാറയിലെ ആരാധക ആഘോഷം
അൽ ബിദ പാർക്കിലെ ദോഹ എക്സ്പോ ഫാൻസോൺ, ഓൾഡ് ദോഹ പോർട്ടിലെ മാച്ച് പ്രദർശനവേദി എന്നിവിടങ്ങളും പ്രധാന ആകർഷണ സ്ഥലമായി മാറി. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ സ്വദേശി ആരാധകർക്കൊപ്പം, സൗദി, ഒമാൻ, കുവൈത്ത് തുടങ്ങിയ അയൽരാജ്യങ്ങളിൽനിന്നുള്ള ഫുട്ബാൾ ആരാധകരും സൂഖിലും കതാറയിലും ആഘോഷങ്ങളിൽ പങ്കുചേർന്നു.
സൗദിയുടെയും ജോർഡന്റെയും ഫലസ്തീന്റെയും ദേശീയ പതാകകൾ ഖത്തരി പാതകക്കൊപ്പം ചേർത്തുകെട്ടിയായിരുന്നു പലയിടങ്ങളിലെയും ഉത്സവങ്ങൾ. വാദ്യം മുഴക്കിയും, പാട്ടു പാടിയും അന്നാബിയുടെ കുതിപ്പിനെ രണ്ടാം ദിനവും വാഴ്ചത്തുകയാണ് ഈ നാടും നഗരവും.
ഖത്തർ ക്യാപ്റ്റൻ ഹസൻ അൽ ഹൈദോസിന് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ട്രോഫി സമ്മാനിക്കുന്നു. ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോ, അമീറിന്റെ വ്യക്തിഗത പ്രതിനിധി ശൈഖ് ജാസിം ബിൻ ഹമദ് ആൽഥാനി,
കായിക മന്ത്രി ശൈഖ് ഹമദ് ബിൻ ഖലീഫ ബിൻ അഹ്മദ് ആൽഥാനി, എ.എഫ്.സി പ്രസിഡന്റ് ശൈഖ് സൽമാൻ
ബിൻ ഇബ്രാഹിം ആൽ ഖലീഫ എന്നിവർ സമീപം
ചാമ്പ്യൻ ടീമിന് അമീറിന്റെ അഭിനന്ദനം
ദോഹ: ഏഷ്യൻ കപ്പ് ഫുട്ബാൾ കിരീടം തുടർച്ചയായ രണ്ടാം തവണയും ചൂടിയ ഖത്തർ ദേശീയ ടീമിനെ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി അഭിനന്ദിച്ചു. ‘എക്സ്’ പ്ലാറ്റ്ഫോമിലെ കുറിപ്പിലായിരുന്നു ടീമിന്റെ നേട്ടത്തെ അമീർ പ്രശംസിച്ചത്. ടൂർണമെന്റിൽ റണ്ണേഴ്സായ ജോർഡൻ ടീമിനെയും അമീർ അഭിനന്ദിച്ചു. ടീമുകളുടെ മികച്ച പ്രകടനവും ആരാധക പങ്കാളിത്തവുമുള്ള ടൂർണമെന്റായിരുന്നു ഇത്തവണ. സംഘാടകർ, വളന്റിയർമാർ, മികച്ച കളിയുമായി മാറ്റുരച്ച ടീമുകൾ എന്നിവർക്കും അമീർ അഭിനന്ദനം അറിയിച്ചു.
ഏഷ്യൻ കപ്പ് ഫൈനലിന് അതിഥിയായി എത്തിയ ബോളിവുഡ് താരം ഷാറൂഖ് ഖാൻ ഖത്തർ പ്രധാനമന്ത്രി ശൈഖ്
അബ്ദുൽ റഹ്മാൻ ബിൻ ജാസിം ആൽഥാനിക്കൊപ്പം
അഭിന്ദനവുമായി സൗഹൃദ രാജ്യങ്ങൾ
ദോഹ: ഏഷ്യൻ കപ്പിൽ കിരീടം ചൂടിയ ഖത്തറിന് അഭിനന്ദനവുമായി സൗഹൃദ രാജ്യങ്ങൾ. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവർ ‘എക്സ്’പ്ലാറ്റ്ഫോം സന്ദേശങ്ങളിലൂടെ ഖത്തറിന്റെ കിരീട വിജയത്തെ അഭിനന്ദിച്ചു.
ദേശീയ ടീമിന്റെ വിജയത്തിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയെയും ഖത്തറിലെ ജനങ്ങളെയും അഭിനന്ദിക്കുന്നതായി യു.എ.ഇ പ്രസിഡന്റ് കുറിച്ചു. മികച്ച പ്രകടനം കാഴ്ചവെച്ച ജോർഡൻ ടീമിനെയും അദ്ദേഹം അഭിനന്ദിച്ചു.
സ്പോർട്സ് ജനങ്ങൾക്കിടയിൽ സൗഹൃദവും സഹവർത്തിത്വവും ശക്തമാക്കുമെന്ന് സന്ദേശത്തിൽ പറഞ്ഞു. ടൂർണമെന്റ് സംഘാടനത്തെയും ഖത്തർ ടീമിന്റെ പ്രകടനത്തെയും കിരീടനേട്ടത്തെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. കുവൈത്ത് അമീർ ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് ഡോ. മുഹമ്മദ് സബാഹ് അൽ സാലിം അസ്സബാഹ് എന്നിവർ ഖത്തർ അമീറിന് അഭിനന്ദന സന്ദേശം അയച്ചു.
ഏഷ്യൻ കപ്പ് വിജയത്തിനു പിറകെ സൂഖ് വാഖിഫിൽ ഒത്തുചേർന്ന ആരാധകർ

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.