എയ്ഡ കോസ്മയെ വരവേറ്റ് ദോഹ തീരം
text_fieldsദോഹ: ക്രൂസ് സീസണിന്റെ ഭാഗമായി നാലായിരത്തോളം സഞ്ചാരികളുമായി ആഡംബര കപ്പൽ ഐയ്ഡ കോസ്മ ദോഹ തീരത്തെത്തി. 3949 വിനോദ സഞ്ചാരികളും 1430 ജീവനക്കാരും ഉൾപ്പെടുന്ന കൂറ്റൻ കപ്പലാണ് ഖത്തറിലെത്തിയത്.
ഇറ്റലി ആസ്ഥാനമായ ഐയ്ഡ ക്രൂസിന്റെ പരമ്പരയിൽ ഏറ്റവും വലിയ കപ്പലാണ് കോസ്മ. 6600 സഞ്ചാരികളെ ഉൾകൊള്ളാൻ ശേഷിയുള്ളതാണ് ആഡംബര കപ്പൽ. ജനുവരി 16ന് ദോഹയിലെത്തിയതിനു ശേഷമാണ് അടുത്തു സന്ദർശനത്തിനെത്തിയത്.
ഡിസംബർ അവസാന വാരത്തിലാണ് ക്രൂസ് കപ്പൽ 2022-23 സീസൺ ആരംഭിച്ചത്. ഏപ്രിൽവരെ നീണ്ടുനിൽക്കുന്ന ക്രൂസ് സീസണിൽ 58ഓളം ആഡംബരകപ്പലുകൾ ദോഹ തീരത്ത് അണയും. കോവിഡ് വ്യാപനത്തിനു പിന്നാലെ, നിലച്ച സഞ്ചാരികളുടെ വരവ് സജീവമാക്കുന്നതിൽ 2021ൽ ആരംഭിച്ച ക്രൂസ് സീസണിന് നിർണായക പങ്കുണ്ട്. കഴിഞ്ഞ ഡിസംബറിൽമാത്രം ദോഹ തുറമുഖത്ത് എട്ടായിരത്തോളം പേരാണ് എത്തിയത്.
മുൻ സീസണിൽ 100, 500 സഞ്ചാരികൾ ദോഹ തുറമുഖത്ത് എത്തിയിരുന്നു. പ്രതിദിനം 12,000 പേരെ വരവേൽക്കാൻ ശേഷിയോടെയാണ് നിലവിൽ ദോഹ തുറമുഖം നവീകരിച്ചത്. ലോകകപ്പ് വേളയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള സഞ്ചാരികളെ സ്വീകരിക്കുന്നതിലും തുറമുഖം നിർണായകമായി. നാഷനൽ മ്യൂസിയം, ദോഹ കോർണിഷ്, സൂഖ് വാഖിഫ് ഉൾപ്പെടെ പ്രധാന കേന്ദ്രങ്ങളും ദോഹ തുറമുഖത്തിന് അടുത്തായി സഞ്ചാരികളെ ആകർഷിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.