മുഖംമിനുക്കി ഐൻഖാലിദ്
text_fields1. ഐൻഖാലിദിൽ നഗര സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി പൂർത്തിയാക്കിയ സൈക്ലിങ് ട്രാക്ക് 2. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയ റോഡ്
ദോഹ: മിനുങ്ങിയ റോഡുകളും, പച്ച നിറത്തിൽ സിന്തറ്റിക് വിരിച്ച സൈക്കിൾ ട്രാക്കും, ട്രാഫിക് സൂചനകൾ നൽകിയ ബോർഡുകളും, പച്ചപ്പണിഞ്ഞ പാതയോരങ്ങളുമായി ഐൻ ഖാലിദ് സ്ട്രീറ്റുകളിലെ സൗന്ദര്യവത്കരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി പൊതുമരാമത്ത് വിഭാഗമായ അഷ്ഗാൽ. റോഡ്, അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഐൻ ഖാലിദ് സ്ട്രീറ്റ് നിർമാണം പൂർത്തിയാക്കിയത്. മേഖലയിലെ പ്രധാന റോഡുകളുമായി ബന്ധിപ്പിച്ചുകൊണ്ട് ചെറു റോഡുകളും സജ്ജമാക്കി. രാജ്യത്തെ പ്രധാന റോഡുകളുമായി ചെറു നഗരങ്ങളെയും പ്രദേശങ്ങളെയും ബന്ധിപ്പിച്ചുകൊണ്ടാണ് നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതെന്ന് അഷ്ഗാൽ ദോഹ സിറ്റി പ്രോജക്ട് എൻജിനീയർ അബ്ദുല്ല സാലിഹ് പറഞ്ഞു.
ഐൻഖാലിദിനെ വാഅബ് ലിബാറിഗ്, റൗദത് അൽ തഖ്രിയ തുടങ്ങിയ പ്രധാന സ്ട്രീറ്റുകളുടേത് ഉൾപ്പെടെയാണ് ഇവിടെ നിർമാണ പ്രവർത്തനം പൂർത്തിയാക്കിയത്. താമസകേന്ദ്രങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പാർക്ക്, ഹെൽത്ത് സെന്റർ, ഖത്തർ സയൻസ് ആൻഡ് ടെക്നോളജി, അൽ മീര കോംപ്ലക്സ് എന്നിവ ഉൾപ്പെടുന്ന പ്രദേശങ്ങളാണിത്.
മൂന്നു കിലോമീറ്റർ ദൈർഘ്യത്തിൽ റോഡ് പൂർത്തിയാക്കി. ഒരു കിലോമീറ്റർ സൈക്ലിങ് ട്രാക്ക്, അഞ്ച് കി.മീ നടപ്പാത, 437 വാഹനങ്ങൾക്കുള്ള പാർക്കിങ് എന്നിവയോടെയാണ് നിർമാണം. സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി 300ഓളം മരങ്ങൾ നട്ടുപിടിപ്പിക്കുകയും ഇന്റർലോക്ക് വിരിക്കുകയും ചെയ്തു. 3.5 കി.മീ നീളത്തിൽ മലിനജല ശൃംഖലയും പൂർത്തിയാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.